ചെന്നൈ: ലോകം മുഴുവൻ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ സംഗീത സംവിധായകനാണ് എ.ആർ. റഹ്മാൻ. മദ്രാസിലെ മൊസാർട്ട് എന്ന് സംഗീത പ്രേമികൾ ആദരപൂർവം വിളിക്കുന്ന റഹ്മാന്റെ പേരിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദം കൊഴുക്കുന്നത്. മറ്റൊന്നുമല്ല, റഹ്മാൻ ബീഫ് നിരോധനത്തെ പിന്തുണയ്ക്കുന്നുവെന്നാണ് പ്രചരണം.

സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന പോസ്റ്റ്കാർഡ്.കോം എന്ന വെബ്‌സൈറ്റിന്റെ പേരിലാണ് റഹ്മാൻ ബീഫ് നിരോധനത്തെ പിന്തുണയ്ക്കുന്നുവെന്ന പ്രചരണം നടക്കുന്നത്. റഹ്മാൻ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് തങ്ങൾ ഉദ്ധരിക്കുന്നതെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ റഹ്മാന്റെ പരാമർശങ്ങൾ സംഘപരിവാർ പ്രചരണത്തിനായി വളച്ചൊടിക്കുകയായിരുന്നു. യഥാർത്ഥത്തിൽ പശുവിന്റെ കാര്യം പോലും റഹ്മാൻ അഭിമുഖത്തിൽ പറഞ്ഞിരുന്നില്ല.

പോസ്റ്റ്കാർഡ് പ്രചരിപ്പിക്കുന്ന റഹ്മാന്റെ പടമുള്ള കുറിപ്പിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

'ഞാൻ ബീഫ് കഴിക്കാറില്ല. എന്റെ അമ്മ ഹിന്ദുമത വിശ്വാസിയായിരുന്നു. വളർന്നപ്പോൾ മതപരമായ ആഘോഷ വേളയിൽ അമ്മ പശുവിനെ ആരാധിക്കുന്നത് ഞാൻ ശ്രദ്ധിക്കുമായിരുന്നു. ഞാൻ സൂഫിസത്തിന്റെ വഴി തെരഞ്ഞെടുത്തു. പക്ഷെ പശുവിനെ ജീവിതത്തിന്റെ പവിത്രമായ ചിഹ്നമായി ഞാനിപ്പോഴും കാണുന്നു. പശുവിനെ കൊല്ലുന്നത് കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തും. അതുകൊണ്ട് നമ്മൾ പശുവിനെ കൊല്ലുന്നത് അവസാനിപ്പിക്കണം. കന്നുകാലി കശാപ്പ് കുറയ്ക്കാനായി കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളെ ഞാൻ പിന്തുണയ്ക്കുന്നു' എന്ന പ്രസ്താവനയാണ് എ.ആർ റഹ്മാന്റെ പേരിൽ പോസ്റ്റുകാർഡ് പ്രചരിപ്പിച്ചത്.

എൻ.ഡി.ടി.വിക്കെതിരായ സംഘപരിവാർ കാമ്പെയ്നിനു ചുക്കാൻ പിടിച്ച എസ്. ഗുരുമൂർത്തി എന്ന ട്വിറ്റർ അക്കൗണ്ടുവഴി ഈ പ്രസ്താവനയുടെ സ്‌ക്രീൻഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനു പുറമേ ദ വേർജ് ബുള്ളറ്റിന്റെ പേരിൽ വ്യാജ സ്‌ക്രീൻഷോട്ടുകൾ ഉണ്ടാക്കിയും പ്രചരണം നടക്കുന്നുണ്ട്.

ദ സ്പിരിറ്റ് ഓഫ് മ്യൂസിക് എന്ന പുസ്തകത്തിനു വേണ്ടി റഹ്മാനുമായി നസ്റീൻ മുന്നി കബീർ നടത്തിയ അഭിമുഖത്തിൽ നിന്നും എടുത്തതെന്ന തരത്തിലാണ് പോസ്റ്റുകാർഡിൽ പ്രസ്തുത പരാമർശം പ്രസിദ്ധീകരിച്ചത്.

എന്നാൽ അഭിമുഖത്തിൽ അദ്ദേഹം യഥാർത്ഥത്തിൽ പറഞ്ഞത് ഇങ്ങനെയാണ്:

' എന്റെ അമ്മ ഹിന്ദുമത ആചാരണങ്ങൾ പിന്തുടരുന്നയാളായിരുന്നു. ഞങ്ങൾ വളർന്ന ഹബീബുള്ള റോഡിലെ ഞങ്ങളുടെ വീട്ടിലെ ചുവരിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രമുണ്ടായിരുന്നു. അവിടെ മേരി ക്രിസ്തുവിനെ പിടിച്ചുനിൽക്കുന്ന ചിത്രവും മക്കയുടെയും മദീനയുടെയും ചിത്രങ്ങളും ഉണ്ടായിരുന്നു'. ഇതാണ് പോസ്റ്റ്കാർഡ്.കോം പശുവിനെ ആരാധിക്കണമെന്ന തരത്തിലാക്കിയത്.

ഗുരുമൂർത്തിയുടെ പോസ്റ്റിനുതാഴെ ഇതു വ്യാജ റിപ്പോർട്ടാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ അദ്ദേഹം ഇതുവരെ പോസ്റ്റു പിൻവലിക്കാൻ തയ്യാറായിട്ടില്ല.

മതവിദ്വേഷം ജനിപ്പിക്കുന്നതടക്കമുള്ള വാർത്തകളാണ് പോസ്റ്റ്കാർഡ്.കോം നല്കുന്നതെന്ന ആക്ഷേപം ശക്തമാണ്. മൊബൈലുകൾക്കും ടിവിക്കും അനുമതിയില്ലാതെ താലിബാൻ ആശയങ്ങൾ നടപ്പാക്കുന്ന ഗ്രാമമാണ് മലപ്പുറത്തെ അട്ടിക്കാട് എന്ന വാർത്ത പോസ്റ്റ് കാർഡ് നല്കിയിരുന്നു. ഐഎസിന്റെ പതാക കാട്ടിയുള്ള ചിത്രവും വാർത്തയിലുണ്ടായിരുന്നു.