കണ്ണൂർ: കെപിസിസി. നടപടിയെടുത്ത യൂത്ത് കോൺഗ്രസ്സ് നേതാവിനെക്കൊണ്ട് സോഷ്യൽ മീഡിയാ ബന്ധം ശക്തിപ്പെടുത്താനുള്ള ജില്ലാതല യോഗം വിളിക്കാൻ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ നിന്നും നിർദ്ദേശം. എന്നാൽ പാർട്ടി പുറത്താക്കിയ വ്യക്തി വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് യൂത്ത് കോൺഗ്രസ്സ് കെ.എസ്.യു പ്രവർത്തകർ നിലപാട് വ്യക്തമാക്കിയതോടെ യോഗം മുടങ്ങി.

കേന്ദ്ര സർക്കാർ കന്നുകാലി വിൽപ്പനക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ പരസ്യമായി കന്നുകുട്ടിയെ കശാപ്പു ചെയ്ത സംഭവത്തിലെ പ്രതി റിജിൽ മാക്കുറ്റിയാണ് വീണ്ടും താരമാകുന്നത്. യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ലോകസഭാ മണ്ഡലം പ്രസിഡണ്ടായിരിക്കേയാണ് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റിയിൽ വെച്ച് പരസ്യമായി നടത്തിച്ചു കൊണ്ടു പോയി കന്നുകുട്ടിയെ പൊതുജന മദ്ധ്യത്തിൽ വെച്ച് കശാപ്പു ചെയ്തിരുന്നത്.

കണ്ണൂർ ജില്ലയിൽ കെ.സുധാകരന്റെ വലം കയ്യായി അറിയപ്പെടുന്ന യുവ നേതാവായിരുന്നു റിജിൽ മാക്കുറ്റി. ദേശീയ തലത്തിൽ ബീഫ് നിരോധന സമരം കത്തിപ്പടർന്നപ്പോൾ കണ്ണൂരിലെ ഈ സമരം എ.ഐ. സി.സി. നേതൃത്വത്തെ തന്നെ അങ്കലാപ്പിലാക്കിയിരുന്നു. ഒടുവിൽ എ.ഐ.സി.സി. വൈസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി തന്നെ നേരിട്ട് ഇടപെട്ട് ഇത്തരമൊരു സമരം നടത്തിയ നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല ബിജെപി. നേതൃത്വം കണ്ണൂരിലെ യൂത്ത് നേതാവിന്റെ നേതൃത്വത്തിൽ നടന്ന സമരത്തെ അധിക്ഷേപിക്കുകയും പാർട്ടി ദേശീയ നേതൃത്വത്തിന് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തിരുന്നു. അതോടെയാണ് പാർട്ടിയലെ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും റിജിൽ മാക്കുറ്റിയെ നീക്കിയിരുന്നത്.

എ.ഐ.സി.സി. യും കെപിസിസി.യും നടപടിയെടുത്തെങ്കിലും അതൊന്നും പ്രശ്നമാകാത്ത രീതിയിലായിരുന്നു പിന്നീട് ഇയാളുടെ പ്രവർത്തനം. ഡി.സി.സി. ഓഫീസിൽ നിത്യ സന്ദർശകനാവുകയും പോഷക സംഘടനകളുടെ പരിപാടി ഉത്ഘാടനം ചെയ്യുകയും പ്രാസംഗികനാവുകയുമൊക്കെ ചെയ്തു. ഏറ്റവുമൊടുവിൽ മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ പ്രതിഷേധം ഉത്ഘാടനം ചെയ്തതും പാർട്ടി പുറത്താക്കിയ റിജിൽ തന്നെ. ഡി.സി.സി. പ്രസിഡണ്ടിൽ നിന്നും റിപ്പോർട്ട് സ്വീകരിച്ചാണ് കെപിസിസി ഇയാളെ പുറത്താക്കിയത്. ഇപ്പോൾ കെ.എസ്.യു പരിപാടി ഉത്ഘാടനം ചെയ്തതിനെതിരെ കെപിസിസി. ക്കും എ.ഐ.സി.സി. ക്കും ഒരു കൂട്ടം കെ.എസ്.യു ജില്ലാ ഭാരവാഹികൾ പരാതി നൽകിയിരിക്കയാണ്.

കഴിഞ്ഞാഴ്ച കണ്ണൂരിൽ ചേർന്ന ഡി.സി.സി. യോഗത്തിൽ പുറത്താക്കപ്പെട്ട നേതാവ് പാർട്ടി പരിപാടികളിൽ സംബന്ധിക്കുന്നതും കെ.എസ്.യു പ്രതിഷേധം ഉത്ഘാടനം ചെയ്തതും വിമർശനങ്ങൾക്ക് പാത്രമായിരുന്നു. കെ.പി.സിസിയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡണ്ട് വി.ഡി. സതീശനായിരുന്നു അന്നത്തെ യോഗത്തിൽ സംബന്ധിച്ചിരുന്നത്. അദ്ദേഹം മുമ്പാകേയും റിജിൽ മാക്കുറ്റിക്കെതിരെ കെ.എസ്.യു യൂത്ത് കോൺഗ്രസ്സ് നേതാക്കൾ പരാതി നൽകിയിരുന്നു.

എ.ഐ.സി.സി.യും കെപിസിസി.യും നടപടിയെടുത്ത വ്യക്തി എങ്ങിനെ പാർട്ടി വേദികളിൽ കയറുന്നു വെന്നത് സംബന്ധിച്ചും ആരുടെ പിൻതുണയോടേയാണ് ഇത്തരം പ്രവർത്തനം നടത്തുന്നതെന്നും കെപിസിസി. ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് അറിയുന്നു. സംസ്ഥാനത്തെ കണ്ണൂരൊഴിച്ച് 13 ജില്ലകളിലും സോഷ്യൽ മീഡിയാ സംബന്ധിച്ച മീറ്റങ് വിളിച്ചു ചേർത്തു കഴിഞ്ഞെന്നാണ് അറിയുന്നത്.