തൃശൂർ: ഒളരിക്കരക്കാർക്ക് ഇപ്പോഴും ഒന്നും അറിയില്ല. റിജോയും സംഗീതയും ഓർമ്മകളിലേക്ക് മടങ്ങുകയും ചെയ്തു. ആത്മഹത്യാ കുറിപ്പു പോലും എഴുതാതെയാണ് ഇരുവരും ജീവിതം അവസാനിപ്പിച്ചത്. വിശദ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം അന്വേഷണം പൊലീസും അവസാനിപ്പിക്കും. ഇരുവരും ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിന് ബലമേറുന്നതു കൊണ്ടാണ് ഇത്.

സഹോദരനേയും സഹോദരിയേയും പോലെ നാട്ടുകാർക്ക് മുമ്പിൽ ഇവർ അഭിനയിച്ച് നടന്നതാണെന്ന സംശയം ഒരു കൂട്ടർക്കുണ്ട്. ബുധനാഴ്ച ഉച്ചയോടടുത്ത് വീട്ടിൽ നിന്നും കാണാതായ ഒളരിക്കര പുൽപ്പറമ്പിൽ സുനിലിന്റെ ഭാര്യ സംഗീതയെ(26)യും സഹായി മണിപ്പറമ്പിൽ റിജോ ജിമ്മിയെ (26)യും രാത്രിയോടെ കെ എസ് ആർ ടി സി സ്റ്റാന്റിനടുത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരുടേയും സംസ്‌കാരം ഇന്നലെ നടന്നിരുന്നു. ഇപ്പോഴും സുനിലിന് പോലും കാരണമറിയില്ലെന്നതാണ് വസ്തുത.

ചെറുപ്പം മുതൽ കളിച്ചു വളർന്നിരുന്നവരാണ് ഇരുവരും. റിജോയും സംഗീതയുടെ ഭർത്താവ് സുനിലും തമ്മിൽ നല്ല സൗഹൃദമായിരുന്നു. അനുജനെ പോലെയാണ് കരുതിയതും. സ്വന്തം വീട്ടിൽ തന്നെ റിജോയ്ക്ക് മുറിയും നൽകി. എന്തിനും ഏതിനും റിജോയെയാണ് സുനിൽ ആശ്രയിച്ചിരുന്നതും സഹായിയായി കണ്ടതും. അച്ഛനും അമ്മയും മരിച്ച അവിവാഹിതനായ റിജോയും എല്ലാ കാര്യങ്ങളിലും സുനിലിനോട് വിശ്വസ്തതയും പുലർത്തി. അതുകൊണ്ട് കൂടിയാണ് ഇവരുടെ ആത്മഹത്യാ കാരണത്തിൽ ദുരൂഹത കൂടുന്നത്.

ഭർത്താവ് അറിയാതെ സംഗീതയും റിജോയുമായി അടുപ്പം പുലർത്തിയെന്ന് വിശ്വസിക്കാൻ നാട്ടുകാർക്ക് പോലും കഴിയുന്നില്ല. എന്നാൽ അത്തരമൊരു സാഹചര്യം ഇല്ലാതെ ഇത്തരത്തിലെ ജീവനൊടുക്കൽ അസാധ്യവുമാണ്. സുനിൽ അറിയാത്ത എന്തോ ഒരു കാര്യം പുറത്തു വരുമെന്ന ഭയമാണ് മൂന്ന് കുട്ടികളുടെ അമ്മയായ സംഗീതയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ഇതിന് റിജോയേയും ഒപ്പം കൂട്ടി. അങ്ങനെ കളിക്കൂട്ടുകാർ ഒരുമിച്ച് മടങ്ങി.

ഇരുവരും വിഷം കഴിച്ച ശേഷമാണ് തൂങ്ങി മരിച്ചതെന്ന് പ്രാഥമിക പരിശോധനകളിൽ വ്യക്തമായിരുന്നു.ഒരു കാരണവാശാലും ജീവൻ അവശേഷിക്കരുത് എന്ന ലക്ഷ്യത്തിലാണ് ഇങ്ങിനെ ചെയ്തതെന്നാണ് മനസ്സിലാവുന്നത്.ഇത്തരത്തിൽ ഇവർ ചിന്തിക്കുയും പ്രവർത്തിക്കുകയും ചെയ്തതിനുപിന്നിൽ ബാഹ്യഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കുന്നവരും ഏറെയാണ്. പ്രേമത്തിനും ഒളിച്ചോട്ടത്തിനും ശേഷമായിരുന്നു സുനിലിന്റെയും സംഗീതയുടെയും വിവാഹം. എല്ലാത്തിനും പിന്തുണയുമായി നിന്നത് റിജോയാണ്.

പരസ്പരം ജീവനുതുല്യം സ്‌നേഹിച്ചായിരുന്നു സംഗീതയുടേയും സുനിലിന്റേയും ജീവതം. ഫെയ്‌സ് ബുക്ക് പോസ്റ്റുകളിലും അടുപ്പം വ്യക്തമാണ്. ഒളരിക്കര വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയിരുന്ന തട്ടുകടയിൽ നിന്നും കിട്ടുന്ന വരുമാനവും ഇടയ്ക്ക് കിട്ടുന്ന കാറ്ററിങ് ഓർഡറുകളിൽ നിന്നും ലഭിക്കുന്ന തുക കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. തട്ടുകടയിലും കാറ്ററിങ് ജോലിക്കും സുനിലിനും സംഗീതയ്ക്കുമൊപ്പം റിജോയും കയ്യും മെയ്യും മറന്നുള്ള പിൻതുണയും നൽകിയിരുന്നെന്നാണ് നാട്ടുകാരിൽ നിന്നും ലഭിച്ചിട്ടുള്ള വിവരം. റിജോ നാട്ടിലെ അറിയപ്പെടുന്ന ഫുട്‌ബോൾ കളിക്കാരനാണ്.

വില്ലേജ് ഓഫീസിന് അടുത്താണ് തട്ടുകട. വീട്ടിലായിരുന്നു കാറ്ററിങ് സ്ഥാപനം. രണ്ടിടത്തും ഓടിയോടി പണിയെടുത്ത റീജോയെ സുനിലിനും വിശ്വാസമായിരുന്നു. ആർക്കെങ്കിലും ഇവരുടെ ബന്ധത്തിൽ സംശയമുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കും. ഇത്തരം കളിയാക്കലുകൾക്ക് ആത്മഹത്യയിൽ പങ്കുണ്ടോ എന്ന സംശയവും സജീവമാണ്. റിജോയെ കുറിച്ച് നാട്ടുകാർക്കും നല്ലതു മാത്രമേ പറയാനുള്ളൂ.

ബുധനാഴ്ച ഉച്ചയോടടുത്ത് ഭാര്യയെ കാണാതായത് മുതൽ സുനിൽ വല്ലാതെ അസ്വസ്ഥനായിരുന്നു. പലതവണ മൊബൈലിൽ വിളിച്ചെങ്കിലും സംഗീതയെ കിട്ടാതായതോടെ സുനിൽ സ്വന്തം നിലയ്ക്ക് അന്വേഷണം ആരംഭിച്ചു. ഒപ്പം അടുപ്പക്കാരും കൂടി.ഈയവസരത്തിൽ റിജോയും സംഗീതയും തമ്മിലുള്ള ബന്ധത്തിൽ ചിലർ സംശയം പ്രകടിപ്പിച്ചു.

ഇത്തരത്തിൽ ചിന്തിക്കുക പോലും ചെയ്യരുതെന്ന് പറഞ്ഞ് അവരെ വിലക്കിയത് സുനിൽ തന്നെയായിരുന്നെന്നാണ് അറിയുന്നത്. അന്വേഷണം തുടരവെ ഇടയ്ക്ക് പൊലീസ് സ്റ്റേഷനിലെത്തി സുനിൽ വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു. പൊലീസ് മൊബൈൽ ടവർലൊക്കേഷൻ നോക്കിയപ്പോൾ സംഗീത കെ എസ് ആർ ടി സി സ്റ്റാന്റിനടുത്ത് ഉണ്ടെന്ന് ബോദ്ധ്യമായിയതുടർന്ന് പൊലീസ് സംഘവും അന്വേഷണത്തിൽ പങ്കാളികളായി.

കാറ്ററിംഗിന് ഉപയോഗപ്പെടുത്തിയിരുന്ന വാഹനം കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായി. സമീപത്തെ ലോഡ്ജുകളിൽ ഫോട്ടയുമായി കയറി പൊലീസും അന്വേഷണം ഊർജ്ജിതപ്പെടുത്തിയതോടെയാണ് രാജധാനി ലോഡ്ജിൽ ഇരുവരും മുറിയെടുത്തിട്ടുണ്ടെന്ന് വ്യക്തമായത്. പിന്നാലെ പൊലീസ് മുറി തുറന്നപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽക്കാണുന്നത്.