കൊച്ചി: ആഭാസം സിനിമയുടെ റിലീസ് വൈകിപ്പിച്ചത് സെൻസർ ബോർഡിന്റെ അനാവശ്യ ഇടപെടലുകളാണെന്ന് നടി റിമ കല്ലിങ്കൽ. സിനിമയിലെ നായകകഥാപാത്രമായ സുരാജ് വെഞ്ഞാറമൂടിന്റെ തുട കാണിച്ചെന്ന കാരണത്താലാണ് നേരത്തെ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ പുലിമുരുകനിൽ തുട കാണിച്ചതിന് കുഴപ്പമില്ലേയെന്നും റിമ ചോദിക്കുന്നു. പിന്നീട് നിരവധി പോരാട്ടങ്ങൾക്ക് ഒടുവിലാണ് യു/എ സർട്ടിഫിക്കറ്റ് സിനിമയ്ക്ക് ലഭിക്കുന്നത്. സെൻസർബോർഡ് കത്രിക വെക്കുന്നത് കൃത്യമായ രാഷ്ട്രീയം ലക്ഷ്യംവെച്ചൊണെന്ന് സംവിധായകൻ നേരത്തെ തന്നെ വിമർശനം ഉന്നയിച്ചിരുന്നു.

'ഒരു സിനിമയുടെ സെൻസറിങ് നിരോധിക്കണമെങ്കിൽ അതിന്റെ നിയമങ്ങളെ ലംഘിക്കുന്നതു കൊണ്ടാകാം. എന്നാൽ ആ കാരണങ്ങൾ കൊണ്ടൊന്നുമല്ല ഇവിടെയുള്ള സിനിമകളുടെ സെൻസറിങ് നിഷേധിക്കുന്നത്. ജനാധിപത്യ രാജ്യത്തിൽ ഇതെന്തുകൊണ്ട് സംഭവിക്കുന്നു.

സുരാജേട്ടന്റെ തുട കാണിച്ചതാണ് സെൻസർ ബോർഡിന്റെ ആദ്യപ്രശ്‌നം. ഇക്കാര്യം ഞാൻ എന്റെ സുഹൃത്തിനോട് പറയുകയുണ്ടായി. അപ്പോൾ അവൾ ചോദിച്ചു 'പുലിമുരുകനിൽ തുട കാണിച്ചതിന് കുഴപ്പമില്ലേ' എന്ന്. അപ്പോഴാണ് നമ്മൾ അങ്ങനെ ഒരു കാര്യമുണ്ടല്ലോ എന്ന് ചിന്തിക്കുന്നത്. നാട്ടിൽ നടക്കുന്ന കാര്യങ്ങളെ വിമർശിക്കാൻ ഒരു കലാരൂപത്തിലൂടെ സാധിക്കുന്നില്ലെങ്കിൽ അത് സൂചിപ്പിക്കുന്നത് നമ്മൾ ജനാധിപത്യത്തിലല്ല ജീവിക്കുന്നത് എന്നാണ്. ഞങ്ങൾ ഈ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ ഞങ്ങൾ സിനിമ പുറത്തിറക്കാൻ ശ്രമിക്കുമ്പോൾ നേരിടുന്നത്.'

മറ്റു സിനിമകൾക്കൊന്നും ബാധിക്കാത്ത പ്രശ്‌നമാണ് ആഭാസത്തിന് സംഭവിച്ചതെന്നും താരങ്ങളുടെയോ വലിയ സംവിധായകരുടെയോ സിനിമകളിൽ ഇത്തരം രംഗങ്ങൾ ഉൾക്കൊള്ളുന്നതിൽ ഇവർക്ക് പ്രശ്‌നമില്ലെന്നും റിമ പറയുന്നു. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം.

സംവിധായകൻ ജുബിത് നൽകിയ പ്രതികരണം

കൃത്യമായ ചില രാഷ്ട്രീയം വെച്ചു പുലർത്തിക്കൊണ്ടാണ് സെൻസർബോർഡ് കത്രിക വെക്കുന്നത് എന്ന് സംവിധായകൻ പറയുന്നു. 'സെൻസർബോർഡിന്റേത് തീരുമാനിച്ചുറപ്പിച്ച നയമാണ്. എ സർട്ടിഫിക്കറ്റ് നൽകാൻ മാത്രം വയലൻസോ സെക്‌സ് രംഗങ്ങളോ ഒന്നും തന്നെ ഈ സിനിമയിലല്ല. കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന രീതിയിലുള്ള സിനിമയാണ് ആഭാസം. സിനിമയുടെ പേര് നോക്കി മുൻവിധിയോട് കൂടി സമീപിക്കുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണം.'ജുബിത് പറയുന്നു.

'ശ്രീനാരായണ ഗുരുവിന്റേത് എന്ന പേരിൽ ചിത്രത്തിൽ ഉപയോഗിച്ച ഒരു ഉദ്ധരണി ആണ് സെൻസർബോർഡ് ചൂണ്ടിക്കാണിച്ച ഒരു കാര്യം. രണ്ടിടങ്ങളിൽ ഗാന്ധിയെക്കുറിച്ച് വിദൂരമായൊരു സൂചന നൽകുന്നതാണ് മറ്റൊരു കാര്യം. ഗുരുവിനോട് തമാശ വേണ്ട എന്നായിരുന്നു ഒരു ബോർഡ് അംഗം പറഞ്ഞത്. മറ്റൊരു രംഗത്ത് സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച കഥാപാത്രത്തിന്റെ തുട കാണുന്നുവെന്നും ആ രംഗം വന്നപ്പോൾ സെൻസർ ബോർഡിലെ സ്ത്രീ അംഗങ്ങൾ തലതാഴ്‌ത്തിയിരിക്കുകയായിരുന്നു എന്നും അഭിപ്രായപ്പെടുകയുണ്ടായി. ഇങ്ങനെയുള്ള ന്യായങ്ങളാണ് അവർ പറയുന്നത്. എ സർട്ടിഫിക്കറ്റ് നൽകിയാൽ സിനിമയുടെ ഗതി എന്താകും. തിയറ്ററിൽ ആരുകാണാൻ. സാറ്റലൈറ്റ് പോലും ലഭിക്കില്ല. സിനിമയെ തകർക്കുകയാണോ ഉദ്ദേശം.'ജുബിത് പറഞ്ഞു.