ഹാവൂ, ഒടുവിൽ ബിജെപി നേതാവു കെ സുരേന്ദ്രനു പിന്തുണയുമായി ഒരാളെങ്കിലും എത്തി. നരേന്ദ്ര മോദിയുടെ പ്രസംഗം തർജമ ചെയ്തതു പാളിപ്പോയതിനെ തുടർന്നു സൈബർ ലോകത്തിന്റെ ട്രോളുകൾ ഏറ്റുവാങ്ങിയ സുരേന്ദ്രനെ പിന്തുണച്ച് എത്തിയത് ചലച്ചിത്ര താരം റിമ കല്ലിംഗലാണ്.

നേതാക്കളെ ഭാഷയുടെ പേരിൽ വിമർശിക്കുന്നതിനെതിരെയാണു ഫേസ്‌ബുക്ക് പേജിലൂടെ റിമ പ്രതികരിച്ചത്. ശ്രീമതി ടീച്ചർ മുതൽ കെ. സുരേന്ദ്രൻ വരെയുള്ള നേതാക്കളെ ഭാഷയുടെ പേരിൽ ട്രോളുന്നവർക്കെതിരെയാണു റിമയുടെ വിമർശനം.

ഭാഷ ആശയവിനിമയത്തിനുള്ള ഉപാധിയാണ്. ഒരാൾക്ക് ഭാഷ ഒഴുക്കോടെ കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ടോ എന്നത് ആ വ്യക്തി ഏത് തരക്കാരനാണെന്നതിന്റെ അളവുകോലല്ലെന്നും റിമ പറഞ്ഞു.

ശ്രീമതി ടീച്ചറെയും സുരേന്ദ്രനെയും അപഹസിക്കുന്നതിലൂടെ വിചിത്രമായ സ്വഭാവ വിശേഷതയാണ് മലയാളികൾ കാണിക്കുന്നത്. ഈ സ്വഭാവം മലയാളികൾക്ക് എവിടെ നിന്ന് കിട്ടിയെന്നറിയില്ല. നിലവാരമില്ലാത്ത ട്രോളുകളും ചെളി വാരിയെറിയലും നമ്മുടെ ലക്ഷ്യത്തിന്റെ പ്രാധാന്യം കുറയ്ക്കുമെന്നും റിമ കൂട്ടിച്ചേർത്തു.

ചെന്നൈയിലെ മഴക്കെടുതിയെക്കുറിച്ച് ശ്രീമതി ടീച്ചർ ലോകസഭയിൽ ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം ഒരാഴ്ച മുമ്പ് സോഷ്യൽ മീഡിയയിൽ പരിഹാസവിധേയമായിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ പ്രസംഗം തർജമ ചെയ്യുന്നതിനിടെ കെ സുരേന്ദ്രനും അബദ്ധം പറ്റിയത്.

Language is a mode to communicate. Proficiency in any language or the lack of it does not say anything about a person....

Posted by Rima Kallingal on Monday, December 14, 2015