കൊച്ചി: ദിലീപിന് ജാമ്യം ലഭിച്ചതറിഞ്ഞ് ജയിലിനുപുറത്ത് മധുരം വിളമ്പുന്നവരും അതിനെ ആഘോഷമാക്കി മാറ്റുന്നവരും യഥാർത്ഥ ആണുങ്ങളല്ലെന്ന് നടി റിമ കല്ലിങ്കൽ. ആക്രമിക്കപ്പെട്ട നടിക്കൊപ്പം ശക്തമായി നിലകൊള്ളുന്ന റിമ നടിയെ അനുകൂലിക്കുന്നവർക്കെതിരെ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ശക്തമായി നടക്കുന്ന പ്രചരണങ്ങൾക്കെതിരെയാണ് ആഞ്ഞടിക്കുന്നത്.

ഫെബ്രുവരി 17ന് ക്രൂരമായി ആക്രമിക്കപ്പെട്ട എന്റെ സുഹൃത്ത് തനിക്കു ചുറ്റും സംഭവിക്കുന്നതെല്ലാം കാണുന്നുണ്ട്. ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെട്ട പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് അവളാണ് എനിക്ക് അയച്ചുതന്നത്. നമ്മൾ സ്ത്രീകൾ സംസ്ഥാനത്തെ യഥാർത്ഥ ആണുങ്ങൾക്കൊപ്പം നിൽക്കണമെന്ന് അവളോട് പറഞ്ഞു.

യഥാർത്ഥ കൊട്ടേഷൻ ഇനി കാണാനിരിക്കുന്നേയുള്ളൂ എന്നും ദിലീപ് ഒന്നു മനസ്സുവച്ചാൽ മതി മക്കളെ നീയൊക്കെ ഇവിടെയുള്ള ആൺപിള്ളേരുടെ ഫോണിലെ തുണ്ടുപടങ്ങളാകുമെന്നും ഭീഷണിമുഴക്കി ദിലീപിന്റെ പടമുൾപ്പടെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ സജീവ പ്രചരണം നടന്നിരുന്നു. തന്റെ ഉറ്റ സുഹൃത്തായ, ആക്രമണത്തിന് ഇരയായ നടി ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് റിമയുടെ ഫെയ്‌സ് ബുക്കിലൂടെ ഉള്ള പ്രതികരണം.

മോശം പുരുഷന്മാരിൽനിന്ന് യഥാർഥപുരുഷന്മാരെ രക്ഷിക്കണമെന്നും സ്ത്രീകൾ നല്ല പുരുഷന്മാർക്കുവേണ്ടി നിലകൊള്ളണമെന്നും അവർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. 'നല്ലവനൊപ്പം' എന്ന ഹാഷ് ടാഗോടെയാണ് റിമ പോസ്റ്റിട്ടത്. കുറച്ചു പുരുഷന്മാരുടെ മോശം സ്വഭാവംകൊണ്ട് എല്ലാ പുരുഷന്മാരെയും മോശക്കാരായി കാണരുത്. പുലിമുരുകൻ സിനിമയ്ക്ക് മോശം നിരൂപണം എഴുതിയ സ്ത്രീയെ വിമർശിച്ചവർ മോഹൻലാലിനും ലിച്ചിയെ കരയിച്ചവർ മമ്മൂട്ടിക്കും ഇവരോടൊപ്പം സമൂഹത്തിലെ മറ്റുപുരുഷന്മാർക്കും അപമാനമുണ്ടാക്കി.

ദിലീപാണ് ക്വട്ടേഷൻ കൊടുത്തതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവരും പുരുഷന്മാർക്ക് നാണക്കേടാണ്. ഹീറോയിസം ഇതാണെന്ന് വിശ്വസിക്കുന്ന ഇക്കൂട്ടരിൽനിന്ന് പുതുതലമുറയെയും യഥാർഥപുരുഷന്മാരെയും രക്ഷിക്കണമെന്നും റിമ പറഞ്ഞു. ഇങ്ങനെയുള്ളവരെ സുഹൃത്തുക്കളാക്കാനോ സ്നേഹിക്കാനോ ഒപ്പം ജീവിക്കാനോ സാധിക്കില്ലെന്നും റിമ അഭിപ്രായപ്പെടുന്നു.