ധൂവരന്മാർ പരസ്പരം വിവാഹമോതിരമണിയിക്കുന്നത് ലോകത്തെവിടെയും വിവാഹച്ചടങ്ങുകളിലെ പൊതുവായ ചടങ്ങുകളിലൊന്നാണ്. എന്നാൽ, മോതിരകളുടെയും രൂപം മാറുകയാണ്. പേരുകൊത്തിയ വളയങ്ങൾ വിരലിന് ചുറ്റുമിടുന്ന പതിവും പതുക്കെ അവസാനിക്കുകയാണ്. പകരം, കമ്മലും മൂക്കുത്തിയും പോലെ മോതിരവും ശരീരത്തിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങിയിരിക്കുന്നു. മോതിരവിരൽ തുളച്ച് അതിൽ സ്റ്റഡുകളുടെ രൂപത്തിലുള്ള മോതിരങ്ങളാണ് പുതിയ ട്രെൻഡ്.

വിരലിലെ തൊലിതുളച്ചാണ് വജ്രങ്ങളിലും മറ്റും തീർത്ത സ്റ്റഡുകൾ അണിയുന്നത്. മുകൾഭാഗം തുളച്ച് സ്റ്റഡ് അകത്തേയക്ക് കടത്തുകയും വശങ്ങളിലൂടെ തുളച്ച് മറ്റൊരു പ്ലേറ്റിൽ അതുറപ്പിക്കുകയുമാണ് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ പുതിയ ട്രെൻഡ് ധരിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സുലഭമാണ്. എന്നാൽ, കാതും മൂക്കും കുത്തുന്നതിനെക്കാൾ അപകടകരമാണിതെന്ന് ഡോക്ടർമാർ പറയുന്നുമുണ്ട്.

കാതിലെയും മൂക്കിലെയും തൊലിപ്പുറത്ത് തുളച്ചാലും അവിടം അധികം അനങ്ങാത്തതിനാൽ വേദന കുറവും ഉണങ്ങാൻ എളുപ്പവുമാണ്. എന്നാൽ, വിരലിന്റെ അവസ്ഥ അങ്ങനെയല്ലാത്തതുകൊണ്ടുതന്നെ അപകടസാധ്യത കൂടുതലുമാണ്. അവിടെയും ഇവിടെയുമൊക്കെ തട്ടി വേദനയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ് മാത്രമല്ല, പുതിയതായി തൊലി വളർന്ന് സ്റ്റഡ് മൂടിപ്പോകാനുള്ള സാധ്യത പോലുമുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.