റിയോ: ഒളിമ്പിക്‌സിൽ ഭാരോദ്വഹനം 48 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ മീരഭായ് ചാനു ഒരുതവണ പോലും ഭാരമുയർത്താനാവാതെ പുറത്തായി. തായ്‌ലൻഡിന്റെ താൻസാൻ സോപിതയ്ക്കാണ് ഈയിനത്തിൽ സ്വർണം (200 കി.ഗ്രാം). അഗ്‌സറ്റിയാനി ശ്രി വ്യൂമി (ഇൻഡൊനീഷ്യ) വെള്ളിയും മിയാകെ ഹീറോമി (ജപ്പാൻ) വെങ്കലവും നേടി.

48 കി.ഗ്രാം വിഭാഗത്തിൽ ക്ലീൻ ആൻഡ് ജെർക്കിലെ മൂന്നവസരങ്ങളിലും ചാനുവിന് ഭാരമുയർത്താനായില്ല. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി ആറവസരങ്ങളിൽ ഒരിക്കൽ മാത്രമാണ് ഭാരം താങ്ങാനായത്. 12 ഭാരോദ്വഹകർ മത്സരിച്ചതിൽ മീരയടക്കം രണ്ടുപേർക്ക് മത്സരം പൂർത്തിയാക്കാനായില്ല. ക്ലീൻ ആൻഡ് ജെർക്കിലെ ആദ്യ അവസരത്തിൽ 104 കിലോ ഉയർത്താനുള്ള മീരയുടെ ശ്രമം പരാജയപ്പെട്ടു. അടുത്ത രണ്ട് അവസരങ്ങളിലും 106 കിലോഗ്രാം ഉയർത്താൻ ശ്രമിച്ചെങ്കിലും ഗുണമുണ്ടായില്ല. ക്ലീൻ ആൻഡ് ജെർക്കിൽ 107 കിലോഗ്രാം ഉയർത്തിയിട്ടുള്ള താരമാണ് മീര. സ്‌നാച്ചിൽ ഒരു തവണമാത്രമാണ് മിരാഭായിക്ക് ഭാരമുയർത്താനായത്.

സ്‌നാച്ചിൽ ആദ്യതവണ 82 കി.ഗ്രാം ഉയർത്താനുള്ള അവരുടെ ശ്രമം ഫലിച്ചില്ല. രണ്ടാംതവണ വിജയിച്ച അവർ മൂന്നാംതവണ 84 കിലോ ഉയർത്താൻ നോക്കിയെങ്കിലും പരാജയപ്പെട്ടു. സ്‌നാച്ചിൽ 12 പേരിൽ ആറാംസ്ഥാനം നേടാൻ 21കാരിയായ മീരയ്ക്കായി.