റിയോ ഡി ജനീറോ : ഒളിമ്പിക്‌സിൽ നീന്തലിൽ ഇന്ത്യക്കാരാരും ഇതുവരെ മെഡൽ നേടിയിട്ടില്ല. പക്ഷേ നീന്തൽ മെഡൽ തൊടാൻ ഇന്ത്യാക്കാരിക്കായിരിക്കുന്നു. നീന്തൽക്കുളത്തിൽ ശിവാനിയും സജ്ജനും നിരാശരാക്കുമ്പോൾ അഭിമാനമാകുന്നത് ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യയാണ്.

റിലയൻസ് ഉടമ മുകേഷ് അംബാനിയുടെ ഭാര്യയായ നിത ഒരു കായികതാരമായിട്ടല്ല റിയോ ഒളിമ്പിക്‌സിലെത്തിയത്. നീന്തൽ കുളത്തിൽ മത്സരിച്ചല്ല മെഡലിൽ തൊട്ടതും. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയിലേക്ക് അടുത്തിടെ നിത തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഈ പരിഗണനയിൽ റിയോ നീന്തൽക്കുളത്തിൽ സമ്മാന വിതരണത്തിന് വിശിഷ്ടാതിഥിയായി നിത ക്ഷണിക്കപ്പെടുകയായിരുന്നു. വനിതകളുടെ 400 മീറ്റർ ഫ്രീസ്‌റ്റൈൽ ഇനത്തിലെ മെഡൽ ജേതാക്കൾക്കാണ് നിത മെഡലുകൾ സമ്മാനിച്ചത്. റെക്കാഡോടെ സ്വർണം നേടിയ അമേരിക്കൻ താരം കാത്തിലെഡെക്കെയുൾപ്പെടെയുള്ളവരുടെ കഴുത്തിലാണ് നിത മെഡലണിയിച്ചത്. ഇതോട നീന്തൽ മെഡലിൽ തൊടുന്ന ആദ്യ ഇന്ത്യാക്കാരിയുമായി. 

52കാരിയായ നിത റിലയൻസിന്റെ സ്പോർട്സ് കാര്യങ്ങളുടെ ചുമതലക്കാരിയാണ്. ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിന്റെ ഉടമയായ നിതയുടെ ആശയമായിരുന്നു ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോൾ. ഐ.എസ്.എല്ലിന്റെ ഉടമ എന്ന നിലയിലാണ് നിതയെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തത്. ഐ.ഒ.സിയിൽ ഇപ്പോൾ ഇന്ത്യയിൽ നിന്നുള്ള ഏക അംഗമാണ് നിത. 70 വയസ്സുവരെ അവർക്ക് ഈ സ്ഥാനത്ത് തുടരാനാകും.

2001 മുതൽ 2014 വരെ ഐ.ഒ.സിയിലെ ഇന്ത്യൻ അംഗം മുൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രൺധീർ സിംഗായിരുന്നു. രൺധീറിന് ഇപ്പോൾ ഐ.ഒ.സി ഓണററി അംഗത്വം നൽകിയിട്ടുണ്ട്.