റിയോ: റിയോ ഒളിംപിക്‌സിൽ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ട്രാക്കിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനം ഇത്തവണ നിരാശരാക്കില്ലെന്നാണ് പ്രതീക്ഷ. ലോകം ഉറ്റുനോക്കുന്ന പുരുഷന്മാരുടെ 100 മീറ്റർ ഫൈനൽ തിങ്കളാഴ്ച പുലർച്ചെ 6.55നാണ്. ഉസൈൻ ബോൾട്ട് ജസ്റ്റിൻ ഗാറ്റ്‌ലിൻ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് കായികലോകം .

ഒൻപത് മലയാളി താരങ്ങളാണ് അത്‌ലറ്റിക്‌സിൽ ഇന്ത്യക്കായി മത്സരിക്കുന്നത്. ആദ്യ ഇനം പുരുഷന്മാരുടെ ഡിസ്‌കസ്‌ത്രോ യോഗ്യതാ റൗണ്ട്. വൈകിട്ട് ആറിന് തുടങ്ങുന്ന യോഗ്യാതാ റൗണ്ടിൽ വികാസ് ഗൗഡയാണ് ഇന്ത്യൻ സാന്നിധ്യം. ആറേ മുക്കാലിന് തുടങ്ങുന്ന 800 മീറ്റർ ഹീറ്റ്‌സിൽ കോഴിക്കോട്ടുകാരൻ ജിൻസൺ ജോൺസൺ ട്രാക്കിലിറങ്ങും. ആറരയ്ക്ക് വനിതാ ഷോട്പുട്ട് യോഗ്യതാറൗണ്ട്. ഇന്ത്യ സാന്നിധ്യമായി മൻപ്രീത് കൗർ. ആദ്യദിനം രണ്ട് ഫൈനലുകൾ. വനിതകളുടെ പതിനായിരം മീറ്ററും. പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തവും.

ഇന്ത്യയുടെ ഗണപതി കൃഷ്ണൻ, മനീഷ് സിങ്, ഗുർമീത് സിങ് എന്നിവർ നടത്തത്തിൽ മത്സരിക്കും. രാത്രി 8.25ന് തുടങ്ങുന്ന വനിതകളുടെ 100 മീറ്റർ ഹീറ്റ്‌സിൽ ഇന്ത്യക്കായി ദ്യുതി ചന്ദ് ട്രാക്കിലിറങ്ങും. ഫൈനൽ ഞായറാഴ്ച പുലർച്ചെ ഏഴിന്. ശനിയാഴ്ച പുലർച്ചെ 5.35ന് 400 മീറ്റർ ഹീറ്റ്‌സിൽ മലയാളിതാരം മുഹമ്മദ് അനസും ലോംഗ്ജംപ് യോഗ്യതാ റൗണ്ടിൽ അങ്കിത് ശർമയും മത്സരിക്കും. ഞായറാഴ്ച വൈകിട്ട് ആറിന് ഒ പി ജെയ്ഷയുടെ മാരത്തൺ. കവിതാ റാവത്തും ജെയ്ഷയ്‌ക്കൊപ്പം മാരത്തണിനുണ്ടാവും. തിങ്കളാഴ്ച വൈകിട്ട് ആറിനാണ് രഞ്ജിത് മഹേശ്വരിയുടെ ട്രിപ്പിൾജംപ് യോഗ്യതാ റൗണ്ട്. ഫൈനൽ ചൊവ്വാഴ്ച ആറ് ഇരുപതിന്.

ടിന്റു ലൂക്ക ബുധനാഴ്ച വൈകിട്ട് ഏഴരയ്ക്ക് 800 മീറ്റർ ഹീറ്റ്‌സിനിറങ്ങും. അത്‌ലറ്റിക്‌സിൽ ആകെ മത്സരിക്കുന്നത് 37 ഇന്ത്യക്കാർ. ഇതിൽ ഒൻപതുപേർ മലയാളികൾ.