റിയോ ഡി ജെനെയ്‌റോ: ഒളിമ്പിക്‌സിൽ ട്രാക്കിനങ്ങളുടെ ആദ്യ ദിനവും ഇന്ത്യക്ക് മോശം തുടക്കം. 800 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസണും വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറും പുരുഷ ഡിസ്‌കസ് ത്രോയിൽ വികാസ് ഗൗഡയും യോഗ്യത റൗണ്ടിൽ പുറത്തായി.

800 മീറ്ററിൽ മൂന്നാം ഹീറ്റ്‌സിൽ മത്സരിച്ച ജിൻസൺ 1 മിനിറ്റ് 47:27 സെക്കന്റിൽ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. ഇതോടെ സെമിയിലേക്ക് യോഗ്യത നേടാനാകാതെ ജിൻസൺ പുറത്തായി. ഷോട്ട്പുട്ട് വനിത വിഭാഗത്തിൽ ഏക ഇന്ത്യൻ പ്രതിനിധിയായിരുന്നു മൻപ്രീത് കൗർ. മൻപ്രീതിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 16.68 മീറ്റർ ദൂരമെറിയാനെ മൻപ്രീതിന് സാധിച്ചുള്ളു. 18.40 മീറ്ററായിരുന്നു യോഗ്യത മാർക്ക്. പുരുഷ ഷോട്ട് പുട്ടിൽ അവസാന പ്രതീക്ഷയായ ഇന്ദ്രജീത്ത് സിംങിന്റെ യോഗ്യത റൗണ്ട് മത്സരം ഓഗസ്ത് 18ന് നടക്കും.

ഡിസ്‌കസ് ത്രോയിൽ 35 പേരുണ്ടായിരുന്ന യോഗ്യത റൗണ്ടിൽ ഇരുപത്തിയെട്ടാമനായാണ് വികാസ് പുറത്തായത്. ആദ്യ മൂന്ന് ശ്രമങ്ങളിലും വികാസ് ഗൗഡയ്ക്ക് യോഗ്യത മാർക്കായ 65.50 മീറ്ററിന്റെ അടുത്തൊന്നും എത്താനായില്ല. 57.59, 58.99, 58.70 എന്നിങ്ങനെയായിരുന്നു പ്രകടനം. വനിത ഡിസ്‌കസ് ത്രോയിൽ തിങ്കളാഴ്ചയാണ് ഇന്ത്യയുടെ സീമ പൂനിയയുടെ യോഗ്യത റൗണ്ട് മത്സരം.

പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യൻ താരം മനീഷ് സിങ് 13-ാം സ്ഥാനത്താണ് മത്സരം പൂർത്തിയാക്കിയത്. 1:1:21 സെക്കൻഡിലാണ് മനീഷ് മത്സരം പൂർത്തിയാക്കിയത്. മറ്റു ഇന്ത്യൻ താരങ്ങളായ ഗുർമ്രീത് സിംഗും കൃഷ്ണൻ ഗണപതിയും അയോഗ്യരാക്കപ്പെട്ടു.