റിയോ ഡി ജനീറോ: ഇന്ത്യ മഹാരാജ്യം ആഹ്ലാദത്തിന്റെ കൊടുമുടി കയറി തുള്ളിച്ചാടാൻ കാത്തിരുന്നത് വെറുതെയായി. 130 കോടി ജനങ്ങളുടെ പ്രാർത്ഥന വിഫലമാക്കി കൊണ്ട് വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പെൺസിംഹം പി വി സിന്ധു സ്പെയിനിന്റെ ലോക ഒന്നാം നമ്പർ താരം കരോലിന മാരിനോട് പൊരുതി തോറ്റു. ആദ്യ ഗെയിമിൽ പൊരുതി ജയിച്ച സിന്ധു (സ്‌കോർ 21-19) രണ്ടാം ഗെയിമിൽ (12-21) പരാജയം അടഞ്ഞു. ഇഞ്ചോടിഞ്ചു നടന്ന മൂന്നാം ഗെയിമിൽ അവസാന നിമിഷം വരെ വിജയിയെപ്പോലെ കളിച്ചെങ്കിലും ഭാഗ്യത്തിന്റെ തണൽ ഇല്ലാതെ പോയ സിന്ധു തലനാരിഴക്ക് തോൽവി രുചിക്കുക ആയിരുന്നു. (14-21)  ഫൈനലിൽ തോറ്റ സിന്ധു വെള്ളി നേടിയാണ് മടങ്ങിയത്.

കണ്ണ് ചിമ്മാതെ ഒരു ജനത മുഴുവൻ ടിവിക്കു മുൻപിൽ കാത്തിരുന്നെങ്കിലും സ്പാനിഷ് കരുത്തിനു മുൻപിൽ അവസാന നിമിഷം വെള്ളിയാണ്  കോർട് സിന്ധുവിന് നൽകിയത്. കരോലിന മാറിനെ എന്ന ലോക ഒന്നാം നമ്പർ താരത്തിന്റെ തന്ത്രങ്ങൾ തന്നെ ആയിരുന്നു സിന്ധുവിനെ വീഴ്‌ത്തിയത്. നിമിഷ നേരം കൊണ്ട് പറന്നെത്തിയ കോക്കിനു മുൻപിൽ ഇടയ്ക്കിടെ സിന്ധു പതറുന്നതു  വേദനാജനകമായിരുന്നു. കഴിഞ്ഞ കളിയിൽ ഒരിക്കൽ പോലും നെറ്റിൽ പതിച്ചു തിരിച്ചു വരാത്ത കോക് അനേകം തവണ ലക്ഷ്യം തെറ്റി സ്വന്തം കോർട്ടിൽ തന്നെ പതിക്കുന്ന കാഴ്ച വേദനാജനകമായിരുന്നു. ആദ്യ കളിയിൽ കരുത്തു മുഴുവൻ പുറത്തെടുത്ത സിന്ധു രണ്ടാമതും മൂന്നാമതും പിടിച്ചു നില്ക്കാൻ കഴിയാതെ വിയർക്കുക ആയിരുന്നു.

ആവേശകരമായ മത്സരമായിരുന്നു റിയോ ഒളിമ്പിക്‌സിൽ വനിതാ ബാഡ്മിന്റൺ ഫൈനൽ. സ്വർണം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ പി വി സിന്ധു ആദ്യ ഗെയിം സ്വന്തമാക്കിയെങ്കിലും രണ്ടും മൂന്നും ഗെയിമിൽ തിരിച്ചടിയേറ്റു. ബാഡ്മിന്റൺ വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം കരോലിന മാരിനോട് ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് ആദ്യ ഗെയിം 21-19ന് സിന്ധു സ്വന്തമാക്കിയത്. ശക്തമായി തിരിച്ചു വന്ന കരോലിന 12-21ന് രണ്ടാം ഗെയിം സ്വന്തമാക്കുകയായിരുന്നു.

ആദ്യ ഗെയിമിൽ 9 പോയിന്റ് വരെ പിന്നിട്ടുനിന്നശേഷമാണ് സിന്ധു ഗെയിം സ്വന്തമാക്കിയത്. വേഗം കൊണ്ടും ഷോട്ടുകളിലെ കണിശത കൊണ്ടും അനായാസമായാണ് പോയിന്റുകൾ വാരി മാരിൻ മുന്നേറിയത്. ഷോട്ടുകൾ മടക്കി പോയിന്റ് നേടി തിരിച്ചുവരാൻ സിന്ധു നന്നായി വിയർത്തു. സ്‌കോർ 16-19 ൽ എത്തിയശേഷമാണ് സിന്ധു ഉജ്വലമായി തിരിച്ചുവന്നത്. തന്റെ സ്വതസിദ്ധമായ കരുത്തുറ്റ ഷോട്ടുകളും പ്രതിരോധവും കൊണ്ട് തുടർച്ചയായി അഞ്ച് പോയിന്റ് നേടിയാണ് സിന്ധു അവിശ്വസനീയമായി തിരിച്ചുവന്നത് ഗെയിം സ്വന്തമാക്കിയത്.

നിർണായകമായ മൂന്നാം ഗെയിമും കരോലിന മാരിന്റെ മുന്നേറ്റത്തോടെയാണു തുടങ്ങിയത്. ആദ്യ രണ്ടു പോയിന്റുകൾ കരോലിന നേടിയശേഷമാണ് സിന്ധു പോയിന്റ് പട്ടിക തുറന്നത്. പിന്നീട് ആറു പോയിന്റു നേടിയ കരോലിനയെ വിറപ്പിച്ചു വീണ്ടും സിന്ധു രണ്ടുപോയിന്റു കൂടി സ്വന്തമാക്കി.

പിന്നീട് 7-3ൽ നിന്ന് ശക്തമായ പോരാട്ടത്തിലൂടെ 10-10 എന്ന നിലയിലേക്ക് സിന്ധു എത്തി. പിന്നീട് മാരിൻ ഒരു പോയിന്റു കൂടി നേടിയതോടെ 11-10 എന്ന നിലയിലായി. 14 പോയിന്റിനു ശേഷമാണ് സിന്ധുവിന് ഒരു പോയിന്റു കൂടി നേടാനായത്. 14-11, 15-11, 15-12, 16-12 എന്ന നിലയിലായിരുന്നു കരോലിനയുടെ മുന്നേറ്റം.

തുടർന്നു രണ്ടു പോയിന്റു സിന്ധു നേടിയതോടെ 16-14 എന്ന നിലയിലായി. എന്നാൽ കരോലിൻ പരിചയസമ്പത്തു മുഴുവൻ പുറത്തെടുത്തതോടെ സിന്ധുവിനു പിന്നീട് ഒരു പോയിന്റും നേടാൻ കഴിഞ്ഞില്ല. 21 പോയിന്റുമായി കരോലിൻ സ്വർണം കൊത്തിയെടുത്തപ്പോൾ വെള്ളിക്കൊപ്പം ഇന്ത്യൻ ജനതയുടെ സൂപ്പർ താരമെന്ന പട്ടവും സിന്ധു നേടി.

തോറ്റെങ്കിലും സിന്ധു ഇന്ത്യക്കു സമ്മാനിച്ചതു സ്വർണത്തേക്കാൾ തിളക്കമുള്ള വെള്ളി തന്നെയായിരുന്നു. ചൈനീസ് ചെമ്പടയുടെ കുത്തക ആയിരുന്ന ബാഡ്മിന്റൺ കോർട്ടിൽ ഫൈനലിൽ അതിശയകരമായ കളി കാഴ്ചവയ്ക്കാൻ പറ്റിയതു പോലും ആവേശകരമായി. തളരാത്ത പോരാളിയായി സിന്ധു കത്തിക്കയറിയതു കായികപ്രേമികളുടെ മനസിൽ ആവേശമാണു വിരിയിച്ചത്. സിന്ധുവിന്റെ തോൽവിയിൽ അതുകൊണ്ടു തന്നെ ഒരിന്ത്യക്കാരനും നിരാശപ്പെടേണ്ടതില്ല.

എട്ടു തവണ ഹോക്കി സ്വർണം നേടിയിട്ടുള്ള ഇന്ത്യ വ്യക്തിഗത ഇനത്തിൽ നേടുന്ന ഒരേ ഒരു സ്വർണമായി അഭിനവ് ബിന്ദ്രയുടെ ബീജിങ് മെഡൽ ഇനിയും നാലു വര്ഷം കോടി തുടരുമെന്ന് സിന്ധുവിന്റെ പരാജയത്തോടെ ഉറപ്പായി. സിന്ധുവിലൂടെ ഇന്ത്യ നേടിയത് ഏഴാമത്തെ ഒളിമ്പിക് വെള്ളിയാണ്. (ഇതിൽ രണ്ടു വെള്ളികൾ 1900-ത്തിലെ ഒളിമ്പിക്‌സിൽ നോർമൻ പ്രിച്ചാഡ് എന്ന ഇഗ്‌ളീഷുകാരൻ ഇന്ത്യയുടെ പേരിൽ നേടിയതാണ്. ആ മെഡലുകൾ ആണ് ഇന്ത്യ ചരിത്രത്തിൽ നേടിയ ഏക അത്‌ലറ്റിക്‌സ് മെഡലുകൾ). 12 വെങ്കലവും ഇന്ത്യ ഇതുവരെ നേടിയിട്ടുണ്ട്. സാക്ഷിയുടെ വെങ്കലവും സിന്ധുവിന്റെ വെള്ളിയും അടക്കം ഇന്ത്യ ഇതുവരെ ഒളിമ്പിക്‌സിൽ നേടിയിട്ടുള്ളത് 28 മെഡലുകൾ മാത്രമാണ്. 84 മുതൽ 92 വരെ തുടർച്ചയായി മൂന്നു ഒളിമ്പിക്‌സുകൾക്കു ഒരു മെഡൽ പോലും കിട്ടാത്ത ഇന്ത്യ 96 മുതൽ തുടർച്ചയായി എല്ലാ ഒളിമ്പിക്‌സിലും പേരിനെങ്കിലും ഓരോ മെഡലുകൾ എങ്കിലും വാങ്ങാറുണ്ട്.2012 ലെലണ്ടൻ ഒളിമ്പിക്‌സിൽ ആണ് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കൊയ്ത്. അന്ന് രണ്ടു വെള്ളിയും നാല് വെങ്കലവും ആണ് ഇന്ത്യ നേടിയത്.