റിയോ ഡി ജനെയ്‌റോ: റിയോ ഒളിമ്പിക്‌സ് ഫുട്‌ബോളിൽ ചരിത്ര വിജയത്തോടെ ബ്രസീലിന് സ്വർണം. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ 5-4നായിരുന്നു ബ്രസീലിന്റെ വിജയം. നെയ്‌മെറുടത്ത അവസാന പെനാൽറ്റി ജർമനിയുടെ വലയിൽ എത്തിയതോടെ ബ്രസീൽ ഒളിമ്പിക്‌സ് ജേതാക്കളാവുകയായിരുന്നു

ഒളിമ്പിക്‌സ് ഫുട്‌ബോളിലെ ബ്രസീലിന്റെ ആദ്യ സ്വർണം ആണിത്. 2014 ലോകകപ്പ് സെമിഫൈനലിൽ ജർമനിയോടേറ്റ 7-1ന്റെ ഞെട്ടിക്കുന്ന തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായിരുന്നു ബ്രസീലിന്റെ വിജയം. കളി തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ ബ്രസീൽ ആക്രമിച്ചു കളിച്ചു. 27ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. നെയ്മറെടുത്ത ഫ്രീ കിക്ക് ജർമനിയുടെ പ്രതീക്ഷകളെ തെറ്റിച്ചു. എന്നാൽ അതേ നാണയത്തിൽ തിരിച്ചടിച്ച ജർമനി ക്യാപ്റ്റൻ മാക്‌സിമില്ല്യൻ മേയറിലൂടെ ഗോൾ മടക്കി. 59ാം മിനിറ്റിലായികരുന്നു മാക്‌സ് മേയറിന്റെ ഗോൾ പിറന്നത്.

പിന്നീട് ഇരുടീമുകളും വിജയ ഗോളിനായി പരിശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകളിൽ ബ്രസീൽ നിരന്തരം ജർമനിയുടെ ഗോൾമുഖം പരീക്ഷിച്ചു. പക്ഷേ എല്ലാം പ്രതിരോധത്തിൽ തട്ടിത്തകർത്തു. ആധികമസമയത്തും ഗോൾ മാത്രം പിറന്നില്ല. അവസാനം അനിവാര്യമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടു. മത്തിയസ് ജിന്റർ, സെർജി ഗ്‌നാബ്രി, ജൂലിയൻ ബ്രാൻഡ്റ്റ്, നിക്ക്‌ലസ് സ്യൂലെ എന്നിവർ ജർമനിക്കായി ലക്ഷ്യം കണ്ടപ്പോൾ നിൽസ് പീറ്റേഴ്‌സണ് മാത്രം പിഴച്ചു. ഓഗസ്‌റ്റോ റെനാറ്റോ, മാർക്ക്യുഞ്ഞോസ്, റാഫേൽ അൽകാന്റാറ, ലുവാൻ, നെയ്മർ എന്നിവർ ബ്രസീലിനായി പെനാൽറ്റി വലയിലെത്തിച്ചു.

അഞ്ചു തവണ ലോകകപ്പ് നേടിയ ബ്രസീലിനു ഇതുവരെ ഒളിമ്പിക്‌സിൽ സ്വർണം നേടാൻ കഴിഞ്ഞിരുന്നില്ല. 2014 ഫുട്‌ബോൾ ലോകകപ്പ് സെമി ഫൈനലിൽ സ്വന്തം നാട്ടുകാർക്കു മുന്നിൽ ജർമനിയിൽനിന്നേറ്റ കനത്ത തോൽവിക്കുള്ള മറുപടികൂടിയാണ് ഈ വിജയം.