റിയോ ഡി ജെനെയ്‌റോ: ഒളിമ്പ്ക്‌സ് മത്സരങ്ങൾ നടക്കുന്ന വേദിക്ക് സമീപം പത്രപ്രവർത്തകർ സഞ്ചരിച്ചിരുന്ന ബസിനു നേരെ വെടിവെപ്പ്. രണ്ടു പേർക്ക് നിസ്സാര പരിക്കേറ്റു.

ബാസ്‌കറ്റ് ബോൾ മത്സരം നടക്കുന്ന ഒളിംപിക് വേദിയിൽനിന്ന് പ്രധാന വേദിയിലേയ്ക്ക് വരികയായിരുന്ന ബസിനു നേരെയാണ് വെടിവെപ്പുണ്ടായത്. രണ്ടു തവണ വെടിവെപ്പുണ്ടായതായാണ് റിപ്പോർട്ട്. വെടിയുതിർത്തത് ആരാണെന്ന് വ്യക്തമല്ല. ബസിന്റെ ജനൽ ചില്ലുകൾ തെറിച്ചാണ് രണ്ടു പേർക്ക് പരിക്കേറ്റത്. ഇന്ത്യയിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകർ ബസിൽ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

ഒളിമ്പിക് മത്സരങ്ങൾ നടക്കുന്ന റിയോ ഡി ജനെയ്‌റോയിലെ തെരുവുകളിൽ അക്രമങ്ങൾ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒളിമ്പക് മത്സര വേദിക്കരികെ ഉണ്ടായ വെടിവെപ്പിൽ ഒരു മാദ്ധ്യമപ്രവർത്തകൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൂടാതെ, തെരുവുകളിൽ മോഷണവും പിടിച്ചുപറിയും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പോർച്ചുഗൽ വിദ്യാഭ്യാസമന്ത്രിയെ പോലും കൊള്ളടിക്കപ്പെട്ടു. സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയാണ് ഇന്നത്തെ വെടിവയ്‌പ്പും സൂചിപ്പിക്കുന്നത്.