റിയോ: ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്കു രണ്ടാം ജയം. അർജന്റീനയെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളിന്.

അർജന്റീനയ്‌ക്കെതിരായ ജയത്തോടെ ഇന്ത്യ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. ആദ്യ മത്സരത്തിൽ അയർലൻഡിനെ തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ കരുത്തരായ ജർമനിയോട് അവസാന നിമിഷത്തിലെ ഗോളിനു തോറ്റിരുന്നു.

എന്നാൽ, ഇന്നത്തെ ജയം ഇന്ത്യയുടെ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. ചിങ്ക്‌ലെൻസാന കംഗുജാം, കേതജിത്ത് സിങ് എന്നിവരാണ് ഇന്ത്യക്കു വേണ്ടി ഗോൾ നേടിയത്. കടുത്ത മത്സരം കാഴ്ചവച്ച അർജന്റീനയ്ക്കു വേണ്ടി ഗോൺസാലോ പിലാറ്റാണു ഗോൾ നേടിയത്.

അവസാന മിനിട്ടുകളിൽ ഗോൾ മടക്കുകയെന്ന വാശിയോടെ ഇന്ത്യൻ പകുതിയിൽ കടുത്ത ആക്രമണം നടത്തിയ അർജന്റീനയ്ക്കു ക്യാപ്റ്റനും ഗോൾകീപ്പറുമായ പി ആർ ശ്രീജേഷിനെ മറികടക്കാനായില്ല. തുടരെത്തുടരെ ലഭിച്ച പെനാൽറ്റി കോർണറുകൾ തടുത്തു ശ്രീജേഷ് അവസാന പകുതിയിൽ നടത്തിയ മിന്നും സേവുകൾ ഇന്ത്യൻ ജയത്തിനു മാറ്റേകി. 11ന് കരുത്തരായ നെതർലൻഡ്‌സുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

നേരത്തെ, പുരുഷവിഭാഗം അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ കടന്നിരുന്നു. തുടർച്ചയായ രണ്ടാം ജയത്തോടെയാണ് അതാനുവിന്റെ പ്രീ ക്വാർട്ടർ പ്രവേശനം. ക്യൂബയുടെ താരത്തെയാണ് അതാനു ദാസ് തോൽപ്പിച്ചത്. 6-4നാണു അതാനുവിന്റെ ജയം.

തുഴച്ചിലിൽ ക്വാർട്ടറിൽ പ്രവേശിച്ചു പ്രതീക്ഷ നൽകിയ ദത്തു ബബൻ ഭൊക്കനാലിനു പക്ഷേ, സെമിയിൽ എത്താനായില്ല. ഈയിനത്തിൽ 15-ാമതെത്താനേ ഈ ഇന്ത്യൻ തുഴച്ചിൽ താരത്തിനു സാധിച്ചുള്ളു.