റിയോ ഡീ ജനിറോ: പുരുഷ വിഭാഗം ഹോക്കിയിൽ നെതർലൻഡ്‌സിനെതിരെ ഇന്ത്യക്കു തോൽവി. ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഇന്ത്യയുടെ തോൽവി.

കളിയുടെ അവസാനനിമിഷങ്ങളിൽ തുടർച്ചയായി അഞ്ചു പെനാൽറ്റി കോർണർ ലഭിച്ചിട്ടും ഒന്നു പോലും ഗോളാക്കാനാക്കാത്തത് ഇന്ത്യക്കു തിരിച്ചടിയായി. ആദ്യഗോൾ നേടി ആഹ്ലാദം മുഴക്കിയതു നെതർലൻഡ്‌സാണ്.

എന്നാൽ, വി രഘുനാഥിലൂടെ ഇന്ത്യ ഗോൾ മടക്കി. തുടർച്ചയായി ലഭിച്ച നിരവധി പെനാൽറ്റി കോർണറുകൾക്കൊടുവിൽ നെതർലൻഡ്‌സ് രണ്ടാം ഗോൾ നേടി. മലയാളി താരവും ക്യാപ്റ്റനുമായ ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്റെ മികവാണു കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

കളി അവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കെ ശ്രീജേഷിനെ പിൻവലിച്ച് സ്വീപ്പർ കീപ്പറുടെ റോളിൽ വി രഘുനാഥിനെ അവതരിപ്പിച്ച് ആക്രമണത്തിന് ഇന്ത്യ മൂർച്ച കൂട്ടി. ഇതിന്റെ ഫലമായിരുന്നു കളിയുടെ നിശ്ചിത സമയം കഴിഞ്ഞിട്ടും ഇന്ത്യക്കു ലഭിച്ച പെനാൽറ്റി കോർണറുകൾ. എന്നാൽ അഞ്ചു പെനാൽറ്റി കോർണർ ലഭിച്ചിട്ടും ഒന്നു പോലും ഗോളാക്കാൻ ഇന്ത്യക്കു കഴിഞ്ഞില്ല. ആരാധകരെ നിരാശരാക്കി തോൽവി വഴങ്ങുകയായിരുന്നു ടീം ഇന്ത്യ.

അവസാന മത്സരത്തിൽ കനഡയെ തോൽപ്പിച്ചാൽ ഇന്ത്യക്കു ക്വാർട്ടർ സാധ്യതകളുണ്ട്.