റിയോഡി ജനീറോ: ലോകത്തിന്റെ കായികോൽസവത്തിന് ഇന്നു ബ്രസീലിൽ അരങ്ങുണരുന്നു. നാലു വർഷം നീണ്ട കാത്തിരിപ്പിനു പര്യവസാനം കുറിച്ച് 31ാം ഒളിംപിക്‌സിനു റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ ദീപം തെളിയും. ബ്രസീൽ സമയം രാത്രി എട്ടു മുതൽ 11 മണിവരെയാണ് ലോകത്തിലെ ഏറ്റവും വലിയ കായികോൽസവത്തിന്റെ പള്ളിയുണർത്തൽ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 4.30നാണ് ഉദ്ഘാടനച്ചടങ്ങ്. ലോകത്തിനു വിസ്മയമൊരുക്കുന്ന ഒട്ടേറെ മനോഹര കാഴ്ചകളാണ് അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്.

206 രാജ്യങ്ങളിൽനിന്നുമുള്ള 11,000 കായികതാരങ്ങൾ 28 ഇനങ്ങളിലെ 306 മൽസരങ്ങളിൽ പോരാടും. 21ന് ആണു സമാപനം. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ഒളിംപിക്‌സിനെത്തുന്ന ഇന്ത്യ മികച്ച പ്രതീക്ഷയിലാണ്. 118 താരങ്ങളടങ്ങിയ നിരയിൽ മെഡൽ പ്രതീക്ഷയുള്ള ഒട്ടേറെപ്പേരുണ്ട്. ബെയ്ജിങ് ഒളിംപിക്‌സിലെ സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയാണ് മാർച്ച് പാസ്റ്റിൽ ദേശീയ പതാകയേന്തുക.

36 വർഷത്തെ മെഡൽ വരൾച്ചയ്ക്കു പരിഹാരം തേടുന്ന പുരുഷ ഹോക്കി ടീമിന്റെ നായകൻ മലയാളി താരം പി.ആർ.ശ്രീജേഷാണെന്നത് കേരളത്തിന് ആഹ്ലാദമേകുന്നു. ശ്രീജേഷ് അടക്കം 11 മലയാളിതാരങ്ങൾ ഇന്ത്യൻ ഒളിംപിക് സംഘത്തിലുണ്ട്. ഷട്ടിൽ ബാഡ്മിന്റനിൽ സൈന നെഹ്വാളും ബോക്‌സിങ്ങിൽ ശിവ് ഥാപ്പയും ഷൂട്ടിങ്ങിൽ ജിത്തു റായ്, ഗഗൻ നാരംഗ് എന്നിവരും മെഡൽ പ്രതീക്ഷിക്കുന്നവരാണ്.

അമ്പെയ്ത്തിൽ ദീപിക കുമാരി മുൻകാലങ്ങളിലേതുപോലെ പ്രതീക്ഷയുടെ ഭാരത്തിലാണ്. സാനിയ മിർസയ്ക്കും രോഹൻ ബൊപ്പണ്ണയ്ക്കുമൊപ്പം പരിചയസമ്പന്നനായ ലിയാൻഡർ പെയ്‌സ് ചേരുന്നതോടെ ടെന്നിസ് കോർട്ടിൽ സ്വപ്നങ്ങൾ മുളയ്ക്കുന്നു. ഗുസ്തിയിൽ യോഗേശ്വർ ദത്തും സംഘവും മെഡൽ പിടിച്ചെടുക്കാൻ കരുത്തുള്ളവരാണ്.

ട്രിപ്പിൾ ജംപിൽ ലോക റാങ്കിങ്ങിൽ ഇപ്പോൾ ആറാം സ്ഥാനത്തുള്ള മലയാളിതാരം രഞ്ജിത് മഹേശ്വരിയിൽനിന്നു രാജ്യം അദ്ഭുതം പ്രതീക്ഷിക്കുന്നു. സ്റ്റാർ സ്‌പോർട്‌സിലും ഡിഡിയിലും തൽസമയം ഒളിംപിക് മത്സരങ്ങൾ കാണാം.