റിയോവിലെ ഒളിമ്പിക്സിന് പോകുന്നത് ജീവൻ അപകടത്തിലാക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ആയിരക്കണക്കിന് പേർ രംഗത്തെത്തി. ഇവിടെ വേണ്ടത്ര സുരക്ഷ ഉറപ്പാക്കാൻ സാധിക്കാത്ത അധികൃതരുടെ പാളിച്ചയിൽ പ്രതിഷേധിച്ച് ആയിരങ്ങളാണ് തെരുവുകളിലിറങ്ങിയിരിക്കുന്നത്. ഒളിമ്പിക്സ് നടക്കുന്ന വേദികളിൽ ഐസിസ് ബോംബ് പൊട്ടിക്കുമെന്ന ആശങ്ക ഓരോ ദിവസം കഴിയുന്തോറും വർധിച്ച് വരുകയാണ്. ഒളിമ്പിക്സിന്റെ സുരക്ഷ ഒരുക്കുന്നത് ഏറ്റെടുത്തിരുന്ന കമ്പനിക്ക് വേണ്ടത്ര സുരക്ഷാഭടമന്മാരെ നിയോഗിക്കാൻ സാധിക്കാത്തതിനെ തുടർന്ന് അവസാനം നിമിഷത്തിൽ പുറത്തായിരിക്കുകയാണ്. ഏതാണ്ട് 2500 സുരക്ഷാ ഭടന്മാരുടെ പോസ്റ്റുകൾ കൂടി നികത്തപ്പെടാതെ കിടക്കുന്നുണ്ടെന്നത് കനത്ത സുരക്ഷാ ഭീഷണിയാണ് ഇന്നത്തെ സാഹചര്യത്തിൽ ഉയർത്തുന്നത്. ഇതിനെ തുടർന്ന് വേണ്ടത്ര ഒരുക്കമില്ലാതെ നടത്തുന്ന ഒളിമ്പിക്സിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ഒളിമ്പിക്സിന്റെ ചരിത്രപ്രാധാന്യമുള്ള ദീപം തെളിയാൻ വെറും മൂന്ന് ദിവസം മാത്രം അവശേഷിക്കവെ റിയോ ഇത്തരത്തിൽ കടുത്ത ഭീതിയാഴ്ന്നിരിക്കുകയാണ്.

സുരക്ഷാ ഭടന്മാരുടെ കുറവ് ഇത്തരത്തിൽ കനത്ത ഭീഷണി ഉയർത്താൻ തുടങ്ങിയതോടെ അധികൃതർ പട്ടാളക്കാരെയും പെൻഷൻ പറ്റിയ പൊലീസുകാരെയും തെരഞ്ഞ് പിടിച്ച് ഒഴിഞ്ഞ് കിടക്കുന്ന പോസ്റ്റുകളിൽ നിയമിക്കുന്നതിനായി പരക്കം പായുന്നുവെന്നാണ് റിപ്പോർട്ട്. ആർട്ടെൽ എന്ന കമ്പനിയായിരുന്നു ഒളിമ്പിക് വേദിയിലെ സുരക്ഷ ഉറപ്പാക്കുന്ന കരാർ നാല് മില്യൺ പൗണ്ടിന് ഏറ്റെടുത്തിരുന്നത്. എന്നാൽ പരിപാടി തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ ഒഴിവുള്ള സുരക്ഷാ ഭടന്മാരുടെ പോസ്റ്റുകൾ ഇനിയും നികത്താൻ കമ്പനിക്ക് സാധിക്കാഞ്ഞതിനെ തുടർന്ന് ഇത് സംബന്ധിച്ച് കമ്പനിയുമായുണ്ടാക്കിയ കരാർ അധികൃതർ റദ്ദ് ചെയ്തിരിക്കുകയാണ്. ഒളിമ്പിക്സ് പോലുള്ള വലിയ കായിക പരിപാടികൾക്ക് സുരക്ഷയേകിയുള്ള മുൻ പരിചയമില്ലാത്ത കമ്പനിയായ ആർട്ടെലിനെ ഇതിന്റെ ചുമതല ഏൽപ്പിച്ച നടപടിയും കനത്ത വിമർശനത്തിന് വിധേയമാകുന്നുണ്ട്.

അതിനിടെ ഇത്തരം ദൗർബല്യങ്ങൾ മുതലെടുത്ത് ഒളിമ്പിക്സ് വേദികളിൽ ഐസിസ് കടുത്ത ആക്രമണം അഴിച്ച് വിടുമെന്ന ഭീതിയും ശക്തമാണ്. ഇക്കാരണത്താൽ യുഎൻ തങ്ങളുടെ മുതിർന്ന ഡിറ്റെൻഷൻ ഗിയറിനെ ബ്രസീലിലേക്ക് അയച്ചിട്ടുണ്ട്. തീവ്രവാദികളുടെ ആശയവിനിമയങ്ങൾ ചോർത്തുന്നതിന് വേണ്ടിയാണിത്. ഐസിസ് ഒളിമ്പിക്സ് വേദികളിൽ റേഡിയോ ആക്ടീവ് ബോംബ് പൊട്ടിക്കുമെന്ന ആശങ്ക ശക്തമായതിനെ തുടർന്നാണ് യുഎൻ ഈ മുൻകരുതൽ എടുത്തിരിക്കുന്നത്. യൂറോപ്പിൽ സമീപകാലത്ത് ഐസിസ് ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ ഒളിമ്പിക്സ് വേദിയിൽ കടുത്ത ഐസിസ് ആക്രമണമുണ്ടാകാനുള്ള സാധ്യതയേറെയാണെന്നാണ് കൗണ്ടർ ടെററിസം ഡയറക്ടറായ ലൂയീസ് ആൽബെർട്ടോ സല്ലാസ്ബെറി മുന്നറിയിപ്പേകുന്നത്. 

കടുത്ത ആക്രമണ സാധ്യത കണക്കിലെടുത്ത് അതിനെ പ്രതിരോധിക്കുന്നതിനായി ഒളിമ്പിക് സെക്യൂരിറ്റി ചീഫുമാർ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ പഴ്സണൽ ഡിറ്റെക്ടറുകൾ, പോർട്ടബിൾ സ്‌കാനറുകൾ എന്നിവ അടക്കമുള്ള സ്റ്റേറ്റ്-ഓഫ്-ദി-ആർട്ട് റേഡിയേഷൻ മോണിറ്ററുകൾ കടം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തീവ്രവാദികളോട് നിരവധി ബ്രസീലുകാർ അനുഭാവം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിച്ച സാഹചര്യത്തിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് ഒളിമ്പിക് വേദികളിൽ പഴുതടച്ച പരിശോധകളാണ് നടത്താൻ ഒരുങ്ങുന്നത്. ഐസിസിൽ നിന്നും കടുത്ത ഭീഷണിയാണ് റിയോയിൽ ഉയരുന്നതെന്നാണ് ബ്രസീലിലെ ആന്റി ടെററിസം തലവൻ മുന്നറിയിപ്പേകുന്നത്. ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും കടുത്ത ബോംബാക്രമണം ഇവിടെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. പരമ്പരാഗത സ്ഫോടക വസ്തുക്കളും റേഡിയോ ആക്ടീവ് മെറ്റീരിയലുകളും അടങ്ങിയ ബോംബുകൾ ഇവിടെ ഐസിസ് പൊട്ടിക്കുമെന്നും ആശങ്ക ശക്തമാകുന്നുണ്ട്.