മെഡൽ നേടുന്നതിനെക്കാൾ പങ്കെടുക്കുന്നതിനാണ് പ്രാധാന്യമെന്നാണ് ഒളിമ്പിക് വാക്യം. എന്നാൽ, ചില പ്രകടനങ്ങൾ കാണുമ്പോൾ ഇത് ഒളിമ്പിക്‌സ് തന്നെയാണോ എന്ന് സംശയം തോന്നാം. എത്യോപ്യയുടെ നീന്തൽത്താരം റോബർട്ട് കിറോസ് ഹബാറ്റെയുടെ പ്രകടനം അത്തരത്തിലാന്നായിരുന്നു.

100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിന്റെ ഹീറ്റ്‌സിലാണ് ഹബാറ്റെ മത്സരിച്ചത്. ഹീറ്റ്‌സിൽ മത്സരിച്ച മറ്റെല്ലാവരും ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴും ഹബാറ്റെ മെല്ലെ തുഴഞ്ഞുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. പാതിയിലേറെ ലാപ്പ് പിന്നിലായാണ് ഫിനിഷ് ചെയ്തത്.

എട്ട് ഹീറ്റ്‌സുകളിലായി 59 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ ഹബാറ്റെയ്ക്ക് കിട്ടിയത് 59-ാം സ്ഥാനം. 100 മീറ്റർ നീന്തിയെത്താൻ എടുത്ത സമയം ഒരു മിനിറ്റ് 4.95 സെക്കൻഡ്. ഹീറ്റ്‌സിൽ ഒന്നാമതെത്തിയ ഓസ്‌ട്രേലിയക്കാരൻ കൈൽ ചാമേഴ്‌സിന് ലക്ഷ്യം പൂർത്തിയാക്കാൻ വേണ്ടിവന്നത് 47.0 സെക്കൻഡും.

അടുത്ത റൗണ്ടിലേക്ക യോഗ്യത നേടിയത് 16 നീന്തൽത്താരങ്ങളാണ്. അവരിൽത്തന്നെ 16-ാം സ്ഥാനത്തെത്തിയ നഥാൻ അഡ്രിയാൻ 48.58 സെക്കൻഡിൽ ഫിനിഷ് ചെയ്തുവെന്നറിയുമ്പോഴാണ് ഹബാറ്റെ എവിടെനിൽക്കുന്നുവെന്ന് മനസ്സിലാവുക. സോഷ്യൽ മീഡിയ ഹബാറ്റെയെ വേണ്ടുവോളം പരിഹസിക്കാൻ ഇതുപയോഗിക്കുകയും ചെയ്തു.

ഹബാറ്റെ എങ്ങനെയാണ് ഒളിമ്പിക്‌സിന് യോഗ്യത നേടിയതെന്നായിരുന്നു പലരുടെയും സംശയം. തടിയനായ ഹബാറ്റെയ്ക്ക് ഒളിമ്പിക്‌സ് പോലൊരു മത്സരവേദിയിൽ മത്സരിക്കാൻ യാതൊരു യോഗ്യതയുമില്ലെന്നും ട്വിറ്ററിൽ പലരും അഭിപ്രായപ്പെട്ടു. എന്നാൽ, മത്സരം പൂർത്തിയാക്കാൻ ഹബാറ്റെ കാണിച്ച ഉത്സാഹത്തെ ചിലർ പ്രശംസിക്കുകയും ചെയ്തു.