കായികലോകം ഇവർക്കുകൂടി വേണ്ടിയുള്ളതാണ്. മതത്തിന്റെയും മറ്റും വിലക്കുകൾ നിലനിൽക്കുമ്പോഴും കായികവേദിയോടുള്ള അടങ്ങാത്ത ആവേശം മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ഈ താരങ്ങളുടെയും കൂടി വേദിയാണ് ഒളിമ്പിക്‌സ്. ഓട്ടത്തിന് സഹായിക്കുന്ന തരത്തിലുള്ള അൽപവസ്ത്രത്തിൽ മറ്റുള്ളവർ മത്സരിക്കുമ്പോൾ, അവരോടൊപ്പം ഇവർ മത്സരിക്കുന്നതിനെ അംഗീകരിക്കുക തന്നെ വേണം.

സൗദി അറേബ്യയിൽനിന്നും അഫ്ഗാനിസ്താനിൽനിന്നുമുള്ള താരങ്ങളാണിവർ. മുഖമൊഴികെ ശരീരം മുഴുവൻ മറച്ചാണ് ഇവർ 100 മീറ്റർ പ്രാഥമിക റൗണ്ടിൽ മത്സരിക്കാനായി ട്രാക്കിലിറങ്ങിയത്. സൗദി അറേബ്യയിൽനിന്ന് 100 മീറ്ററിൽ മത്സരിക്കുന്ന ആദ്യ വനിതയെന്ന പെരുമയോടെ കരിമാൻ അബ്ദുല്യാദയേലും അഫ്ഗാനിസ്താനിൽനിന്ന് കാമില യൂസഫുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. 

ഹീറ്റ്‌സിൽ ഏഴാം സ്ഥാനത്തെത്തിയ കരിമനും അവസാന സ്ഥാനത്തെത്തിയ കാമിലയും മുന്നോട്ടേയ്ക്ക് യോഗ്യത നേടിയില്ല. എന്നാൽ, 22-കാരിയായ കരിമാന്റെയും കാമിലയുടെയും പോരാട്ട വീര്യത്തെ ലോകം നമിക്കുക തന്നെ ചെയ്തു. ഇരുവരെയും അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ധാരാളം പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു.

14.61 സെക്കൻഡിലാണ് കരിമാൻ 100 മീറ്റർ ഫിനിഷ് ചെയ്തത്. 2012-ലാണ് സൗദിയിൽനിന്ന് വനിതാ താരങ്ങൾ ഒളിമ്പിക്‌സിന് എത്തിത്തുടങ്ങിയത്. സാറ അത്തറാണ് സൗദിയുടെ ആദ്യ വനിതാ ഒളിമ്പ്യൻ. സ്ത്രീകളെ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അനുവദിക്കുന്നതിനെതിരെ ഇപ്പോഴും സൗദിയിൽ വിമർശനം ഉയരുന്നുണ്ട്.

സൗദി അറേബ്യയിൽനിന്ന് കൂടുതൽ വനിതാ താരങ്ങൾ ഒളിമ്പിക്‌സിലെത്താൻ ഇവരുടെ പ്രകടനം സഹായിക്കുമെന്ന് സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് പരാമർശിച്ചവരെല്ലാം അഭിപ്രായപ്പെട്ടു. റിയോയിൽ നാല് വനിതാ താരങ്ങളാണ് സൗദിയിൽനിന്ന് പങ്കെടുക്കുന്നത്. ഇവരിൽ ഒരാളൊഴികെ മറ്റുള്ളവരെല്ലാം പരിശീലിക്കുന്നത് അമേരിക്കയിലാണ്.