റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിൽ ആദ്യ സ്വർണം അമേരിക്കയ്ക്ക്. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഒന്നാമതെത്തി വിർജീനിയ ത്രാഷറാണ് അമേരിക്കയ്ക്ക് ആദ്യ സ്വർണം സമ്മാനിച്ചത്. ഈ ഇനത്തിൽ ചൈനയ്ക്കാണു വെള്ളിയും വെങ്കലവും.

10 മീറ്റർ എയർ റൈഫിൾ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ അയോണിക പോളും അപൂർവി ചന്ദേലയും ഫൈനൽ കാണാതെ പുറത്തായി. 57 പേർ മത്സരിച്ച എയർ റൈഫിളിൽ 206.5 പോയിന്റ് നേടിയ അയോണിക 43-ാം സ്ഥാനത്തും 206.9 പോയിന്റ് നേടിയ അപൂർവി ചന്ദേല 34-ാം സ്ഥാനത്തുമാണ് മത്സരം പൂർത്തിയാക്കിയത്.

തുഴച്ചിൽ പുരുഷ വിഭാഗം സിംഗിൾസ് സ്‌കൾസിൽ ഇന്ത്യൻ താരം ദത്തു ബബൻ ബൊക്കനാൽ ക്വാർട്ടറിൽ കടന്നു. ആദ്യ ഹീറ്റ്‌സിൽ മൂന്നാം സ്ഥാനത്തെത്തിയാണ് ദത്തുവിന്റെ ക്വാർട്ടർ പ്രവേശം. രണ്ട് കിലോമീറ്റർ ദൂരം ഏഴ് മിനിറ്റ് 21.67 സെക്കൻഡിലാണ് ഇന്ത്യൻ താരം പൂർത്തിയാക്കിയത്.

ഹോക്കിയിൽ അയർലൻഡിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യക്കു ജയം. രണ്ടിനെതിരെ മൂന്നു ഗോളിനാണ് ഇന്ത്യ ജയിച്ചത്.