റിയോ: റിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സമനില. കരുത്തരായ ജപ്പാനോട് പൊരുതിയാണ് ഇന്ത്യ സമനില പിടിച്ചത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമടിച്ചു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് പൊരുതി കയറിയ ഇന്ത്യൻ വനിതകൾ രണ്ടാം പകുതിയിൽ രണ്ട് ഗോൾ നേടി സമനില പിടിച്ചത്. വിജയ തുല്യമായ സമനിലയായിരുന്നു ഇന്ത്യൻ വനിതകളുടേത്.

ആദ്യം രണ്ട് ഗോൾ നേടി മുന്നിട്ട് നിന്ന ജപ്പാനെതിരെ രണ്ടാം പകുതിയിൽ ഇന്ത്യ പരമാവധി കളിച്ചു. ഒടുവിൽ സമനില പിടിക്കുകയായിരുന്നു. റാണി രാംപാൽ, ലിലിമ മിൻസ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകൽ നേടിയത്. ആദ്യ പകുതിയിലെ മോശം പ്രകടനത്തിന് ശേഷം മികച്ച തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. അവസാന നിമിഷം ലഭിച്ച പെനാൽട്ടി മുതലാക്കിയിരുന്നെങ്കിൽ ഇന്ത്യൻ വനിതകൾക്കും ജയിക്കാമായിരുന്നു. നാല് പെനാൽട്ടികളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്.