- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇനി ഗൗരിയമ്മ ചിതയായി മാറും.. ചിതയാളിടുമ്പോൾ ഇരുളൊട്ടു നീങ്ങും.. ചിത കെട്ടടങ്ങും കനൽ മാത്രമാകും'; കെ ആർ ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓർമ്മ; ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം; ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്ക്കാര ചടങ്ങിൽ രാഷ്ട്രീയ രംഗത്തെ പ്രമുഖരും; മലയാളത്തിന്റെ വിപ്ലവ ഇതിഹാസത്തിന് ടി വി തോമസിന്റെ ശവകുടീരത്തിന് സമീപം വിശ്രമം
ആലപ്പുഴ: 'ഇനി ഗൗരിയമ്മ ചിതയായി മാറും.. ചിതയാളിടുമ്പോൾ ഇരുളൊട്ടു നീങ്ങും.. ചിത കെട്ടടങ്ങും കനൽ മാത്രമാകും'. മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വരികൾ പോലെ മലയാളത്തിന്റെ വിപ്ലവ നക്ഷത്രം കനലായി മാറി.. കെ ആർ ഗൗരിയമ്മ എന്ന വീരേതിഹാസത്തിന് കേരളക്കര വിട നൽകി. ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ ഗൗരിയമ്മയുടെ സംസ്കാര ചടങ്ങുകൾ നടന്നു. രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേർ ഗൗരിയമ്മക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിച്ചു.
മുൻ ഭർത്താവ് ടി.വി. തോമസിന്റെ ശവകുടീരത്തിന് സമീപത്തുതന്നെയാണ് ഗൗരിയമ്മയ്ക്കും അന്ത്യനിദ്രയ്ക്കുള്ള ചിത ഒരുക്കിയത്. ഗൗരിയമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു അവർക്ക് അന്ത്യവിശ്രമം കൊള്ളാൻ വലിയ ചുടുകാട്ടിൽ അവസരം ഒരുക്കിയത്. ചെങ്കൊടി പുതപ്പിച്ചെത്തിയ മൃതദേഹം ആലപ്പുഴയിലും പൊതുദർശനത്തിന് വെച്ചിരുന്നു. ഇവിടെ തെക്കൻ ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കളൊക്കെ അന്തിമോപചാരം അർപ്പിക്കാനെത്തി.
പാർട്ടി വിട്ടുപോയ ഒരാളെ വലിയ ചുടുകാട്ടിൽ സംസ്ക്കരിക്കുന്ന പതിവ് സി പി എമ്മിനില്ല. എന്നാൽ ഗൗരിയമ്മയുടെ ആഗ്രഹമായിരുന്നു തന്റെ അന്ത്യവിശ്രമം വലിയ ചുടുകാട്ടിൽ ആയിരിക്കണമെന്നത്. രാവിലെ മരണവിവരം അറിഞ്ഞയുടൻ വലിയ ചുടുകാട്ടിൽ തന്നെ സംസ്കാരം നടത്താൻ സി പി എം- സിപിഐ നേതൃത്വങ്ങൾ തീരുമാനിക്കുകയായിരുന്നു. ഒരുപക്ഷേ ത്രിപുര മുൻ മുഖ്യമന്ത്രി നൃപൻ ചക്രബർത്തിക്കും ഗൗരിയമ്മയ്ക്കും മാത്രമാണ് സിപിഎമ്മിൽ ഈ അപൂർവ ബഹുമതി കിട്ടുന്നത്. ഗൗരിയമ്മ അവസാന കാലത്ത് ഇടതിനോട് ചേർന്ന് നിന്നെങ്കിലും സിപിഎമ്മിലേക്ക് മടങ്ങി വന്നില്ല. എന്നാൽ ഇടതുപാളയത്തിലായിരുന്നു ഗൗരിയമ്മയുടെ അവസാന കാലം.
തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷമാണ് ഗൗരിയമ്മയുടെ മൃതദേഹം ആലപ്പുഴയിലെത്തിച്ചത്. വീട്ടിലും സ്കൂളിലും മൃതദേഹം അൽപനേരം പൊതുദർശനത്തിന് വെച്ചിരുന്നു. ഗൗരിയമ്മയുടെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയ്യങ്കാളി ഹാളിലെത്തിച്ചപ്പോൾ ആദരാഞ്ജലി അർപ്പിക്കാൻ ഒട്ടേറെ പേരാണ് എത്തിയത്.
കർശന കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കെ പ്രോട്ടോകോളിന് ഇളവ് അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയാണ് അയ്യങ്കാളി ഹാളിൽ പൊതുദർശന സൗകര്യം ഒരുക്കിയത്. അയ്യങ്കാളി ഹാൾ നിറഞ്ഞ് കവിയുന്ന അവസ്ഥ ഉണ്ടായെങ്കിലും ഇരിപ്പിടങ്ങൾ അടക്കം ക്രമീകരിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. പൊലീസ് പാസ്സുള്ളവർക്ക് മാത്രമാണ് അന്തിമോപചാരം അർപ്പിക്കാൻ അനുവദമുണ്ടായിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖർ അയ്യങ്കാളി ഹാളിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു. എ. വിജയരാഘവനും എം.എ. ബേബിയും ചേർന്ന് ഗൗരിയമ്മയുടെ മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിച്ചു. കടുത്ത പനിയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഗൗരിയമ്മ. ഇന്ന് പുലർച്ചെ ഏഴ് മണിയോടെയാണ് അന്തരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ