- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'നെടുമുടി എന്നല്ല കൊടുമുടി വേണുവെന്ന് വിളിക്കണം, അഭിനയത്തിന്റെ കൊടുമുടിയിലാണ് അയാൾ'; അന്ന് ശിവാജി ഗണേശൻ അഭിനയ പ്രതിഭയെ വിശേഷിപ്പിച്ചത് ഇങ്ങനെ; മലയാളത്തിൽ പരമാവധി അഭിനയിച്ചു കഴിഞ്ഞപ്പോൾ കമൽ തമിഴിലേക്ക് ക്ഷണിച്ചു; നെടുമുടിയെ അനുസ്മരിക്കുമ്പോൾ
തിരുവനന്തപുരം: മലയാള സിനിമയിലെ സ്വാഭാവിക അഭിനയകലയുടെ തമ്പുരാനായിരുന്നു നെടുമുടി വേണു. അദ്ദേഹത്തിന് ചേരാത്ത വേഷങ്ങൾ കുറവായിരുന്നു. കോമഡി ആയാലും സീരിയസ് റോൾ ആയാലും അഭിനയിപ്പിച്ചു ഫലിപ്പിക്കുന്നതിൽ അദ്ദേഹന്ന് അസാമാന്യ കഴിവായിരുന്നു. മലയാളത്തിൽ നികത്താൻ കഴിയാത്ത വിടവാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത്.
ഒരിക്കൽ നെടുമുടി വേണുവിന്റ സിനിമ കണ്ടുകൊണ്ടിരിക്കെ ശിവാജി ഗണേശന്റെ സഹായി 'നെടുമുടി വേണു' എന്ന് പറഞ്ഞു. ''നെടുമുടി എന്നല്ല കൊടുമുടി വേണു എന്നു വിളിക്കണം, അഭിനയത്തിന്റെ കൊടുമുടിയിലാണ് അയാൾ'' എന്നായിരുന്നു ശിവാജി ഗണേശന്റെ തിരുത്തൽ. ഇതുപോലെ തമിഴകത്തിലും അദ്ദേഹത്തിന് ഏറെ ആരാധകരെ സൃഷ്ടിക്കാൻ സാധിച്ചിരുന്നു.
നടൻ കമൽഹാസൻ ഒരിക്കൽ വേണുവിനോടു പറഞ്ഞു മലയാളത്തിൽ നിങ്ങൾ പരമാവധി അഭിനയിച്ചു കഴിഞ്ഞു. ഇനി തമിഴിലേക്കു വരൂ, ഞാൻ വേണമെങ്കിൽ നിങ്ങളുടെ സെക്രട്ടറിയാകാം എന്നായിരുന്നു. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയിൽ വേണുവിന്റെ നായിക ആയിരുന്ന ശാരദ ഒരിക്കൽ വേണുവിനോടു പറഞ്ഞു ഈ പടം തമിഴിലോ തെലുങ്കിലോ എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട് പക്ഷേ, ഞാൻ ആ സാഹസത്തിന് മുതിരുന്നില്ല. കാരണം വേണുവിന് പകരംവയ്ക്കാൻ ആ ഭാഷകളിൽ ആളില്ല എന്നതു കൊണ്ടായിരുന്നു.
നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും നിർവഹിച്ചിട്ടുണ്ട്. നെടുമുടി വേണുവിനെ അനുസ്മരിച്ച് സംവിധായകൻ പ്രിയദർശൻ പറഞ്ഞത് നഷ്ടപ്പെട്ടത് ജേഷ്ഠസഹോദരനെയാണ് എന്നായിരുന്നു. 30ലേറെ സിനിമകളിലാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചത്.
പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ
എന്റെ ആദ്യത്തെ സിനിമ പൂച്ചയ്ക്കൊരു മൂക്കുത്തിയുടെ ഹീറോ ആയിരുന്നു വേണുച്ചേട്ടൻ. അദ്ദേഹത്തിന്റെ അവസാനത്തെ സിനിമയും ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. നെറ്റ്ഫ്ളിക്സ് വഴി റിലീസ് ചെയ്ത സമ്മർ ഓഫ് 92. ഇത് രണ്ടും എന്നെ സംബന്ധിച്ച് വലിയൊരു നിമിത്തമാണ്. ഞങ്ങൾ രണ്ട് പേരും കുട്ടനാട്ടുകാരാണ്. അതിനൊക്കെ പുറമെ എന്നെ സംബന്ധിച്ച് ഒരു വല്യേട്ടനാണ് വേണുച്ചേട്ടൻ. വേണുചേട്ടനോടൊപ്പം ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത സംവിധായകൻ ഞാനാണ്. 31 സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു. പലപ്പോഴും ഇതേ പറ്റി പുള്ളി എന്നോട് ചോദിച്ചിട്ടുണ്ട്. എങ്ങനെ നീയെന്നെ 31 സിനിമകളിൽ സഹിച്ചെന്ന്. അതെല്ലാം ഞാൻ ആസ്വദിച്ചിട്ടെയുള്ളു.
അഭിനയിക്കുക, അഭിനയത്തോട് അങ്ങേയറ്റം ആത്മാർത്ഥത പുലർത്തുക. മറ്റൊരു താൽപര്യങ്ങളും അദ്ദേഹത്തിന് ഇല്ല. സിനിമ അത് എത്ര നല്ല സിനിമ ആയാലും ചീത്ത സിനിമ ആയാലും എത്ര നല്ല കഥാപാത്രം ആയാലും മോശമായ കഥാപാത്രം ആയാലും തന്റേതായ വ്യക്തിമുദ്ര അതിൽ പതിപ്പിക്കുക എന്നൊരു തീരുമാനം ഞാൻ അദ്ദേഹത്തിൽ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം എന്നെ സംബന്ധിച്ച് വളരെ വലിയൊരു നഷ്ടമാണ്. വലിയൊരു പ്രചോദനമായിരുന്നു എനിക്ക് വേണുചേട്ടൻ. നഷ്ടമായത് സ്വന്തം ജ്യേഷ്ടനെ തന്നെയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
മറുനാടന് മലയാളി ബ്യൂറോ