മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മലപ്പുറത്തിന്റെ നാനാ കോണിലുള്ളവർക്ക് കടുത്ത ദുഃഖമാണ് സമ്മാനിച്ചത്. തങ്ങലുടെ കാരുണ്യത്തിന്റെ കനിവു കിട്ടിയവർ നിരവധിയാണ്. അക്കൂട്ടത്തിൽ ഒരാളായിരുന്നു കൊടപ്പനക്കൽ തറവാട്ടിലെ സഹായിയായ കുഞ്ഞിരാമനും. തങ്ങൾ കുടുംബവുമായി വലിയ ആത്മബന്ധം തന്നെയാണ് കുഞ്ഞിരാമന് ഉണ്ടായിരുന്നത്.

തങ്ങളുടെ കളിക്കൂട്ടുകാരനായിരുന്നു കുഞ്ഞിരാമൻ. തന്റെ മക്കളുടെ കല്യാണം മുഴുവൻ നടത്തിത്തന്നത് ഹൈദരലി തങ്ങളാണെന്നും അവസാനം വീട് വെച്ചു തന്നുവെന്നും ഇദ്ദേഹം പറയുന്നു. പിഎംഎസ്എ പൂക്കോയ തങ്ങളുടെ കാലത്തുകൊടപ്പനക്കൽ തറവാട്ട് വീട്ടിലാണ് കുഞ്ഞിരാമൻ സേവനം തുടങ്ങിയത്.

പിന്നീട് ഹൈദരലി തങ്ങൾ വീടെടുത്ത് മാറിയപ്പോൾ ഒപ്പം കൂടി. ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചുവളർന്നയാളാണ് തങ്ങളേക്കാൾ രണ്ടു വയസ്സ് മുതിർന്ന ഇദ്ദേഹം. ഒരേ സ്‌കൂളിലാണ് ആദ്യം പഠിച്ചിരുന്നത്. പിന്നീട് തങ്ങൾ കോഴിക്കോടേക്ക് വിദ്യാഭ്യാസം മാറ്റുകയായിരുന്നു. തങ്ങളോട് തർക്കിക്കാനും വീടിനുള്ളിലും പുറത്തും ഇടപെടാനുമൊക്കെ സ്വാതന്ത്ര്യമുള്ള തന്നോട് വീട്ടുകാരെല്ലാം ഒരുപോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറയുന്നു. കുഞ്ഞാരാമനെ പോലെ തങ്ങളുമായി അടുത്ത ആത്മബന്ധമുള്ള നിരവധി പേർ കൊടപ്പനയക്കുലും പരിസരത്തുമുണ്ട്.

അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി, രാഹുൽ ഗാന്ധി നാളെയെത്തും

വിട പറഞ്ഞ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് യാത്രാമൊഴി നേരാൻ മലപ്പുറത്തെത്തിയത് പ്രമുഖരുടെ നീണ്ട നിര. മത -സാമുദായിക -രാഷ്ട്രീയ -സാംസ്‌കാരിക രംഗത്തെ നേതാക്കൾ മലപ്പുറം ടൗൺഹാളിലെത്തി അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി ഒമ്പത് മണിയോടെ എത്തി അന്തിമോപചാരം അർപ്പിച്ചു. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നാളെ ആദരാഞ്ജലികൾ അർപ്പിക്കാനെത്തും.

ഞായറാഴ്ച വൈകീട്ട് ആറേമുക്കാലോടെയാണ് മൃതദേഹം മലപ്പുറം കുന്നുമ്മലിലെ ടൗൺഹാളിൽ എത്തിച്ചത്. സ്പീക്കർ എം.ബി. രാജേഷ്, മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, എംപിമാരായ ടി.എൻ. പ്രതാപൻ, എംപി. രാഘവൻ, എംഎ‍ൽഎമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി. ഉബൈദുല്ല, എൻ. ഷംസുദ്ദീൻ, കെ.ടി. ജലീൽ, മുഹമ്മദ് മുഹ്‌സിൻ, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മായിൽ, കോൺഗ്രസ് നേതാക്കളായ ആര്യാടൻ മുഹമ്മദ്, ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി മുൻ പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, കെ.എസ്.യു നേതാവ് കെ.എം. അഭിജിത്, സുന്നി എ.പി വിഭാഗം നേതാവ് എ.പി. അബ്ദുൽ ഖാദർ മുസ്‌ലിയാർ, ജമാഅത്തെ ഇസ്‌ലാമി അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീർ പി. മുജീബ് റഹ്മാൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂർ, ജില്ല പ്രസിഡന്റ് സലീം മമ്പാട്, ജില്ല സെക്രട്ടറി എൻ.കെ. സദ്‌റുദ്ദീൻ, ബിജെപി അഖിലേന്ത്യ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, ജില്ല പ്രസിഡന്റ് രവി തേലത്ത്, മേഖല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ എന്നിവർ ടൗൺ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.

ഒഴുകി എത്തുന്നത് പതിനായിരങ്ങൾ

മലപ്പുറം ടൗൺഹാളിലേക്ക് ഒഴുകി എത്തുന്നത് പതിനായിരങ്ങളാണ്. പ്രഗത്ഭരും സാധാരണക്കാരുമടക്കം നിരവധി പേരാണ് പൊതുദർശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മയ്യിത്ത് നിസ്‌കാരവും നടക്കുന്നുണ്ട്. തങ്ങളുടെ മരണവാർത്തയറിഞ്ഞയുടൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലപ്പുറത്തേക്ക് പുറപ്പെട്ടവർ വൈകുന്നേരമായപ്പോഴേക്ക് മഹാപ്രവാഹമായി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ മരിച്ചപ്പോഴും ടൗൺഹാൾ മുറ്റത്ത് മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. വൻ ക്യൂ തന്നെയാണ് പ്രദേശത്തുള്ളത്.

മഞ്ചേരി, മലപ്പുറം റോഡുകളിലെ വരികൾ മിനിറ്റുകൾക്കകം മുണ്ടുപറമ്പ്, കോട്ടപ്പടി ഭാഗങ്ങളിലേക്ക് നീണ്ടു. എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ, പി. ഉബൈദുല്ല എംഎ‍ൽഎ, എൻ. ഷംസുദ്ദീൻ എംഎ‍ൽഎ, അബ്ദുറഹിമാൻ രണ്ടത്താണി തുടങ്ങിയവർ മൈക്കിലൂടെ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ജനപ്രവാഹത്തെ നിയന്ത്രിക്കാൻ നേതാക്കളും വളന്റിയർമാരും പാടുപെട്ടു. മണിക്കൂറുകൾ വരി നിന്നും പ്രിയ തങ്ങളുടെ ചലനമറ്റ ശരീരം കണ്ട വേദനയിലും ടൗൺഹാൾ മുറ്റത്ത് കുഴഞ്ഞുവീണവർ നിരവധി. ഇവരെ വളന്റിയർമാർ ആംബുലൻസിൽ അതിവേഗം ആശുപത്രിയിലേക്ക് മാറ്റി.

അർബുദ ബാധിതനായി എറണാകുളത്ത് ചികിത്സയിലായിരിക്കേയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചത്. അങ്കമാലിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. അതിന് ശേഷമാണ് മലപ്പുറത്തേക്ക് കൊണ്ടുവന്നത്. തങ്ങളുടെ ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക് പാണക്കാട് പള്ളി ഖബർസ്ഥാനിൽ നടക്കും. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്. 18 വർഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്. കേരളത്തിലെ ഒരുപാട് മുസ്ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.

കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകൾ സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്‌റയാണ് ഭാര്യ. സയ്യദ് നഈമലി ശിഹാബ് തങ്ങൾ, സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കൾ.