വാളയാർ: കുനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയർ വാറന്റ് ഓഫീസറുമായ എ. പ്രദീപിന്റെ ജന്മനാട്ടിലേക്ക് എത്തുന്നു. പ്രദീപിന്റെ മൃതദേഹം സംസ്ഥാന മന്ത്രിമാർ ചേർന്ന് ഏറ്റുവാങ്ങി. കോയമ്പത്തൂരിൽ നിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ. രാജൻ, കെ കൃഷ്ണൻകുട്ടി എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.

മന്ത്രിമാർ മൃതദേഹത്തിൽ പുഷ്പാർച്ചന നടത്തി. വിലാപയാത്ര റോഡ് മാർഗം തൃശ്ശൂരിലേക്ക് എത്തിച്ചേരുകയാണ്. ദേശീപാതയുടെ ഇരുവശത്തും അന്ത്യോപചാരമർപ്പിക്കാൻ ദേശീയപതാകയുമായി നിരവധിപേർ കാത്തുനിന്നു. രാജ്യസ്നേഹം തുളുമ്പുന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന നിരവധിപേരാണ് മണിക്കൂറുകളോളം വിലാപയാത്ര വരുന്ന വഴിയിൽ കാത്തുനിന്നത്.

തൃശ്ശൂരിലേക്ക് പോകുന്ന വിലാപയാത്ര പൊന്നൂക്കരയിൽ പ്രദീപ് പഠിച്ച സ്‌കൂളിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിന് വയ്ക്കും. പൊതുജനങ്ങൾക്കും സഹപാഠികൾക്കും അന്തിമോപചാരമർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തുടർന്ന് പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

വ്യാഴാഴ്ച രാത്രിതന്നെ പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. അപകടമറിഞ്ഞ് കോയമ്പത്തൂരിലേക്കു പോയ അനുജൻ പ്രസാദും ഇവരോടൊപ്പം മടങ്ങിയെത്തിയിരുന്നു. പ്രദീപിന്റെ വിയോഗം കൃത്യമായി മനസ്സിലാക്കാനാകാത്തവിധം വീട്ടിൽ വെന്റിലേറ്റർ സഹായത്തോടെയാണ് പിതാവ് രാധാകൃഷ്ണൻ കഴിയുന്നത്. പൊന്നുമോനെ അവസാനമായി കാണാൻ കാത്തിരിക്കുകയാണ് അമ്മ കുമാരി.

ഇന്ന് രാവിലെ ഡൽഹിയിൽനിന്നു പ്രത്യേക വിമാനത്തിൽ രാവിലെ 11 മണിയോടെയാണ് പ്രദീപിന്റെ മൃതദേഹം സുലൂർ വ്യോമതാവളത്തിൽ എത്തിച്ചത്. ഇവിടെവച്ചു ടി.എൻ.പ്രതാപൻ എംപി ആദരാഞ്ജലി അർപ്പിച്ചു. ടി.എൻ.പ്രതാപനും കേന്ദ്രമന്ത്രി വി. മുരളീധരനും ആംബുലൻസിനെ സുലൂരിൽനിന്നു അനുഗമിച്ചു. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2004ലാണു വ്യോമസേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്.

2018ലെ പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ സംഘത്തിൽ പ്രദീപുണ്ടായിരുന്നു. അന്നു സ്വമേധയാ സന്നദ്ധനായി ചുമതല ഏറ്റെടുക്കുകയായിരുന്നു. പ്രദീപ് ഉൾപ്പെട്ട ദൗത്യസംഘത്തിനു രാഷ്ട്രപതിയുടെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസയും ലഭിച്ചു. 6 മാസം മുൻപാണു കോയമ്പത്തൂർ സൂലൂരിലെത്തിയത്.