തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ എസ് സജയകുമാർ 37 വയസിൽ ജീവൻ വെടിഞ്ഞ സംഭവത്തിന്റെ ആഘാതത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. കൊല്ലം ഇരവിപുരം സ്വദേശിയായ സജയനെ ഇരവിപുരത്തെ വീട്ടിലാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തയത്. അപ്രതീക്ഷിതമായി സഹപ്രവർത്തകൻ ജീവിതം അവസാനിപ്പിച്ചത് എല്ലാവർക്കും ഷോക്കായി മാറിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട്, കൊച്ചി, കൊല്ലം ബ്യൂറോകളിൽ ജോലി ചെയ്തിരുന്നു സജയൻ. നിരവധി ന്യൂസ് സ്റ്റോറികളും പരിപാടികളും സജയൻ പകർത്തിയ ദൃശ്യങ്ങളിലൂടെ ശ്രദ്ധേയമായിട്ടുണ്ട്. മികച്ച ക്യാമറാമാനായ സജയൻ നിരവധി പുരസ്‌കാരങ്ങളും നേടിയിരുന്നു.

സജയന്റെ വിയോഗം കടുത്ത വിഷമത്തിലാക്കിയെന്നാണ് സഹപ്രവർത്തകരും പറയുന്നത്. സജയന്റെ മരണത്തിന് പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയിലായിരുന്നു സജയൻ. ഇതേ തുടർന്നുള്ള മാനസിക സംഘർഷങ്ങളിലുമായിരുന്നു. സജയനെ സാമ്പത്തിക ാധ്യതകളിലേക്ക് നയിച്ചത് ഓൺലൈൻ റമ്മി കളിയാണോ എന്ന് സംശയം ബന്ധുക്കളും സഹപ്രവർത്തകരും പങ്കുവെക്കുന്നുണ്ട്. സജയനെ അനുസ്മരിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ എഴുതിയ സഹപ്രവർത്തകരും ഇതിലേക്ക് വിരൽ ചൂണ്ടുന്നു.

എത്രയോ തട്ടിപ്പുകാരെയും വഞ്ചകരെയും ചതിക്കുഴികളെയും തുറന്നുകാട്ടാൻ ക്യാമറ ചലിപ്പിച്ചവനായിട്ടും നിന്റെ വാരിക്കുഴി നീ കാണാതെ പോയല്ലോ സജയാ... എന്നാണ് പി ജി സുരേഷ്‌കുമാർ ഫേസ്‌ബുക്കിൽ എഴുതിയത്. ഉറ്റവരുടെ ഉദകക്രിയയും ഏറ്റം അടുത്തവരുടെ ചരമക്കുറിപ്പും ഒരേ പോലെ കൈ വിറപ്പിക്കും എന്നു പറഞ്ഞു കൊണ്ടാണ് സുരേഷ്‌കുമാർ ഫേസ്‌ബുക്കിൽ എഴുതിയത്.

ആ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനൊണ്:

ഉറ്റവരുടെ ഉദകക്രിയയും ഏറ്റം അടുത്തവരുടെ ചരമക്കുറിപ്പും ഒരേ പോലെ കൈ വിറപ്പിക്കും. ഒരുപകൽ ഒന്നുമെഴുതാതിരുന്നു. ഒരുപാടുപേരെഴുതിയത് വായിച്ചു. നിഷ്‌കളങ്കമായ ആ കണ്ണുകളിൽ പലതവണ നോക്കി. ശബരിമല ലൈവിൽ സാങ്കേതിക സഹായത്തിനെത്തിയതുമുതലുള്ള കാലമോർത്തു. കഴിവുതെളിയിച്ച് സ്ഥാപനത്തിന്റെ ഭാഗമായത്, ബ്യൂറോയുടെ ചുമതല നോക്കുമ്പോഴും ബ്യൂറോകളുടെ ചുമതല നോക്കുമ്പോഴും അവനേക്കുറിച്ച് കേട്ട നല്ലതുമാത്രമുള്ള വാക്കുകൾ ഓർത്തു.

അവനായി മത്സരിച്ചാവശ്യമുന്നയിച്ച റിപ്പോർട്ടർമാരുടെ വാക്കുകളോർത്തു. പതിഞ്ഞ ശബ്ദത്തിൽ പതിയിരുന്ന പൊട്ടിച്ചിരുന്ന അവന്റെ അഴത്തിലുള്ള നർമ്മരസങ്ങളോർത്തു. അനുകരണവും പരിഹാസവും തെല്ലും നോവിക്കാതെ അടക്കം പറച്ചിലുകളിലൂടെ അവൻ പൊട്ടിച്ച അപൂർവ്വ നിമിഷങ്ങളോർത്തു. എരിഞ്ഞടങ്ങുമ്പോൾ അവൻ ബാക്കി വയ്ക്കുന്നത് എനിക്കും നിങ്ങൾക്കുമെല്ലാം പാഠമാകുന്ന, എല്ലാവരെയും തുറിച്ചുനോക്കുന്ന കുറേ ചോദ്യങ്ങളാണ്.

അതെ സജയകുമാർ നന്മയുടെയും ആത്മാർത്ഥതയുടെയും കഠിനാധ്വാനത്തിന്റെയും മാതൃക തന്നെയായിരുന്നു. വലിയ സ്വപ്നങ്ങൾ കണ്ടവൻ. വിവാഹമടക്കം എല്ലാറ്റിലും തന്റെമാത്രം തീരുമാനത്തിലുറച്ചുനിന്നവൻ. കെട്ടിപ്പൊക്കിയ സ്വപ്നങ്ങളിലേക്ക് കണ്ണും കയ്യും നീട്ടിയവന് കാലിടറുന്നത് അവൻ പോലും അദ്യം തിരിച്ചറിഞ്ഞില്ലെന്ന് വേണം കരുതാൻ. ആദ്യ പരീക്ഷണത്തിൽ ആയിരങ്ങൾ കൈകളിലെത്തി. ഹരമായി. വിരലുകളോടിച്ച് സ്‌ക്രീനിൽ പരതി മത്സരിച്ചു. ആയിരങ്ങൾ പതിനായിരങ്ങളുടെ പരീക്ഷണങ്ങളിലേക്ക്. പകലും രാത്രിയുമറിയാതെ തുടർന്ന ദിനങ്ങൾ ആഴ്ചകൾ, മാസങ്ങൾ, വർഷങ്ങൾ... കയ്യിൽ മൊബൈലില്ലെങ്ങിലും ഇരു പെരുവിരലുകളും ചലിപ്പിച്ചുകൊണ്ടിരുന്ന ഒരുതരം വീറ്... അത് വിഹ്വലതയിലേക്കോ വിഷാദത്തിലേക്കാ വീണതവനും അറിഞ്ഞിരിക്കില്ല ആദ്യം.

ഇരുട്ടുമുറികളിൽ സ്‌ക്രീൻ വെളിച്ചത്തിലേക്ക് മാത്രം കണ്ണും മനസ്സും തുറിപ്പിച്ചതോടെ നഷ്ടങ്ങളുടെ കണക്കവനെ മെല്ലെ പിടിച്ചു താഴ്‌ത്തിത്തുടങ്ങി. നേടിയതും ചേർത്തുനിർത്തിയതുമെല്ലാം ഊർന്നൊലിച്ചുതുടങ്ങി. തിരിച്ചറിഞ്ഞവർ തിരുത്താൻ പടിച്ചപണി പതിനെട്ടും നോക്കി. പറഞ്ഞും പിടിച്ചു നിർത്തിയും പല നഷ്ടങ്ങളും തിരുത്തിയും നികത്തിയും പരമാവധി മുറുക്കിപ്പിടിച്ചു. അസാധാരണമായ അന്തർമുഖത്വം, അതിലേറെ നിശബ്ദതയോടെ അവൻ കുതറിമാറിക്കൊണ്ടിരുന്നു. അതിനോടകം അവൻ നേടിയതും സൃഷ്ടിച്ചതും അവനായി കിട്ടിയതുമെല്ലാം ഏറെക്കുറെ നഷ്ടമായിരുന്നു. പക്ഷേ... കരകയറാനാവാത്ത ഒരു കയമായിരുന്നില്ല. തിരിച്ചുവരാനാകാത്തവനുമായിരുന്നില്ല സജയൻ. ഏവരെയും അമ്പരപ്പിച്ച് ഒറ്റപ്പോക്ക്.

അതെ. അത്യന്തം അച്ചടക്കവും അസാമാന്യ പ്രതിഭയും അതിലേറെ ആത്മാർത്ഥതയും സത്യസന്ധതയുമുള്ള ഒരുവനാണ് സ്വയം കീഴടങ്ങിയത്. എത്രയോ തട്ടിപ്പുകാരെയും വഞ്ചകരെയും ചതിക്കുഴികളെയും തുറന്നുകാട്ടാൻ ക്യാമറ ചലിപ്പിച്ചവൻ. നിന്റെ വാരിക്കുഴി നീ കാണാതെ പോയല്ലോ സജയാ...