തിരുവനന്തപുരം: മലയാളസീരിയൽ ലോകത്തിനെ സങ്കടത്തിലാഴ്‌ത്തുന്ന വാർത്തയായിരുന്നു സിനിമ-സീരിയൽ താരം റാംമോഹൻ അന്തരിച്ചുവെന്നത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച 68 കാരനായ റാം ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത്. അതേസമയം തങ്ങളുടെ സഹപ്രവർത്തകന് ആദരാഞ്ജലികൾ അർപ്പിക്കാൻ സീരിയൽ ലോകം ഒന്നടങ്കം റാം മോഹന്റെ വീട്ടിലെത്തി.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ട്രിവാൻഡ്രം ക്ലബ്ബിലെ ഒരു ചടങ്ങിൽ പങ്കെടുക്കവേ നെഞ്ചുവേദന അനുഭവപ്പെട്ട് റാം മോഹനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഹൃദയസ്തംഭനത്തെ തുടർന്ന് കോമയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം പക്ഷാഘാതവും സംഭവിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയെങ്കിലും ഇന്ന് രാവിലെ റാംമോഹൻ വിടപറയുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിന് സമീപത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം വൈകുന്നേരം 4.30-ന് തൈയ്ക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം നടക്കും

അതേസമയം റാം മോഹന്റെ അപ്രതീക്ഷിത വിടവാങ്ങൽ സീരിയൽ ലോകത്തിന് ആകെ ഞെട്ടലായിരിക്കുകയാണ്. റാം മോന്റെ വിടവാങ്ങൽ വിശ്വസിക്കാനാകുന്നില്ലെന്ന് നടൻ കിഷോർ സത്യ പ്രതികരിച്ചു. ഊർജ്ജസ്വലനായ നടനായിരുന്നു റാം എന്നും ആശുപത്രിയിൽ അഡ്‌മിറ്റ് ആകുന്നതിന് രണ്ടു ദിവസം മുമ്പ് വരെ തന്നോടൊപ്പം അഭിനയിച്ച റാം ആശുപത്രിയിൽനിന്നും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചതെന്നും കിഷോർ പറഞ്ഞു.

അമൃത ടിവിയിലെ ക്ഷണപ്രഭാചഞ്ചലം എന്ന സീരിയയിലാണ് റാം മോഹൻ അവസാനമായി അഭിനയിച്ചത്. ബാലൻ പിള്ള എന്ന ഈ സിരിയലിലെ കഥാപാത്രം അഭിനയിച്ചത് ഇന്ന് സംപ്രേഷണം ചെയ്യാനിരിക്കവേയാണ് റാം മോഹന്റെ വിയോഗമെന്നത് സീരിയൽ ലോകത്തിനാകെ വേദനയായി മാറി. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാകുന്ന നടനായ റാം മോഹൻ ബന്ധങ്ങൾക്ക് വില കൊടുക്കുന്ന വ്യക്തിയുമായിരുന്നു എന്ന് ക്ഷണപ്രഭാഞ്ചലത്തിന്റെ തിരക്കഥാകൃത്ത് ഗിരീഷ് ഓലിക്കര പ്രതികരിച്ചു.

അയലത്തെ സുന്ദരി, ശിവകാമി, കഥയിലെ രാജകുമാരി തുടങ്ങിയ സീരിയലിലും ചില സിനിമകളിലും റാം മോഹൻ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.