തിരുവനന്തപുരം: കേരളാ പത്രപ്രവർത്തക യൂണിയൻ എന്ന പ്രസ്ഥാനം തുടങ്ങിയ ശേഷം ഇത്തവണത്തെ തെരഞ്ഞെടുപ്പ് പല കാരണങ്ങൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ മാധ്യമപ്രവർത്തകർക്കിടയിൽ പ്രത്യേകിച്ചും ചാനൽ പ്രവർത്തകർക്കിടയിൽ കൂടുതലും വനിതകൾ ആണെന്നിരിക്കേ യൂണിയനിലും ആനുപാതികമായി പ്രാതിനിധ്യം വേണമെന്ന വാദം ഉയർന്നതോടെ വനിതാ സംവരണം നടപ്പിലായ യൂണിയനായി മാറി കെയുഡബ്ല്യുജെ. വനിതാ മാധ്യമപ്രവർത്തകർക്കായി ഇത്തരത്തിൽ ശക്തമായ പോരാടിയ ഉരുക്കു വനിതയാണ് ഇന്ന് വിട പറഞ്ഞ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ ശ്രീകല പ്രഭാകർ(48).

തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്കിടയിൽ വലിയ സൗഹൃദ വൃന്ദം തന്നെ ശ്രീകലയ്ക്ക് ഉണ്ടായിരുന്നു. വനിതാ മാധ്യമപ്രവർത്തകർക്കിടയിലെ പ്രിയപ്പെട്ട ചേച്ചിയായിരുന്നു അവർ. അതുകൊണ്ട് തന്നെ അവരുടെ അപ്രതീക്ഷിത വിയോഗം യൂണിയനും മാധ്യമപ്രവർത്തകർക്കും കടുത്ത ആഘാതമായി മാറി. പലരും ഈ സങ്കടം ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെക്കുകയൂണ്ടായി. വനിതാ മാധ്യമപ്രവർത്തകർക്ക് പുരുഷ മാധ്യമപ്രവർത്തകരെ പോലെ തന്നെ പരിഗണന ലഭിക്കണമെന്ന ആവശ്യം ശക്തമായി ഉയർത്തിയിരുന്നു.

കെയുഡബ്ല്യൂജെയുടെ നേതൃത്വത്തിൽ പലപ്പോഴും സെമിനാറുകളും മറ്റും സംഘടിപ്പിച്ചപ്പോഴും ചടങ്ങായി മാറുകയായിരുന്നു പതിവ്. എന്നാൽ, സ്ത്രീശാക്തികരണത്തിന്റെ കൂടി ഭാഗമായി തലസ്ഥാനത്തെ വനിതാ പത്രക്കാർക്കായി കാടറിവ് യാത്ര സംഘടിപ്പിക്കാൻ മുന്നിൽ നിന്നത് ഇവരുടെ പ്രിയപ്പെട്ട കലചേച്ചി തന്നെയായിരുന്നു. നോർത്ത് ഈസ്റ്റിലേക്ക് അടുത്ത യാത്ര നടത്താനുള്ള ഒരുങ്ങൾ നടത്തിവരവേയാണ് അവരുടെ അപ്രതീക്ഷിത വിയോഗം ഉണ്ടായത്.

അടുത്തകാലത്തായി കടുത്ത ഡിപ്രഷൻ അനുഭവിച്ചു വരികയായിരുന്നു അവർ. തലസ്ഥാനത്തെ വനിതാ മാധ്യമപ്രവർത്തകരിൽ മുതിർന്ന വ്യക്തിയായിരുന്നു അവർ. ദൂരദർശനിലെ വാർത്താ വായനക്കാരിയാണ് ശ്രീകല മാധ്യമ ജീവിതം തുടങ്ങിയത്. ഇടതു അനുഭാവം പുലർത്തിയിരുന്ന അവർ കൈരളി ചാനൽ തുടങ്ങിയപ്പോൾ ആ ചാനലിന്റെ ഭാഗമായി. തുടക്കത്തിൽ വാർത്താ വായനക്കാരിയുടെ റോളിൽ സജീവമായി ഇവർ രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് വാർത്തയുടെ അണിയറപ്രവർത്തകയുടെ റോളിലേക്ക് മാറി.

വനിതാ പത്രപ്രവർത്തകരുടെ വിഷയങ്ങളിൽ സജീവമായി ഇടപെട്ടുവന്നിരുന്ന പത്രപ്രവർത്തകയെന്ന നിലയിലും അവർ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കെയുഡബ്ല്യൂജെയുടെ തിരുവനന്തപുരം ജില്ലയിൽ യൂണിയനുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം അവർ പ്രവർത്തിച്ചിരുന്നു. വളരെ താൽപര്യത്തോടെയും ഊർജസ്വലതയോടെയും തന്നെയാണ് ഇക്കുറി ശ്രീകല യൂണിയൻ സംസ്ഥാന കമ്മിറ്റിയിലേക്കും തുടർന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ചതും വിജയിച്ചതും. തന്റെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിച്ച് മുന്നേറുമ്പോഴാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ത്.

കൊല്ലം സ്വദേശിനിയായ ശ്രീകലയുടെ സഹോദരൻ കരസേനയിലെ അതിവിശിഷ്ട സ്ഥാനം വഹിക്കുന്ന വ്യക്തിയാണ്. സ്വന്തം നിലയിൽ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞും അതിനായി പോരാടിയുമാണ് അവർ മാധ്യമ രംഗത്ത് സജീവമായി നിന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെയോട ശ്രീകലയുടെ മരണം ഉണ്ടായത്.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കും. കരസേനയിലെ ഉന്നത ഉദ്യോഗസ്ഥനായ സഹോദരനും അമ്മയും ഡൽഹിയിലാണ്. ഇവർ എത്തിയ ശേഷം തിരുവനന്തപുരം മണ്ണന്തലയിലുള്ള വീട്ടുവളപ്പിൽ സംസ്‌ക്കാരം നടത്തും. നാളെ മൃതദേഹം പൊതുദർശനത്തിന് വെക്കും.