കൊച്ചി: മാതാവിനെ അരുംകൊല ചെയ്തവൻ കൺമുന്നിൽ വന്നാൽ എന്തു ചെയ്യും? രോഷവും സങ്കടവും എല്ലാം ഒരുമിച്ചു വന്ന അവസ്ഥയിലായിരുന്നു റിപ്പർ ജയാനന്ദൻ അരുംകൊല ചെയ്ത വൃദ്ധ മാതാവിന്റെ മകൻ. എന്നാൽ, താൻ കൊന്ന വ്യക്തിയുടെ മകൻ കൺമുന്നിൽ വന്നിട്ടും കൂസലൊന്നും ഉണ്ടായിരുന്നില്ല റിപ്പറിന്. ശാന്തനായിരുന്നു റിപ്പർ തീർത്തും അക്ഷോഭ്യനും. അതിഭീകരനായ കൊലയാളിയെ പ്രതീക്ഷിച്ചവർ പൊക്കം കുറഞ്ഞ ശാന്തനായി വെള്ള വസ്ത്രം ധരിച്ച വ്യക്തിയെ കണ്ട് മൂക്കത്തു വിരൽവെക്കുകയും ചെയ്തു.

പോണേക്കര ഇരട്ടക്കൊലക്കേസിലായിരുന്നു റിപ്പർ ജയാനന്ദനെ തെളിവെടുപ്പിന് എത്തിച്ചത്. ക്രൈംബ്രാഞ്ച് എസ്‌പി എംപി.മോഹനചന്ദ്രൻ നായരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പോണേക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽക്കയറി എഴുപത്തിനാലുകാരിയെയും ബന്ധു നാരായണ അയ്യരെയും (60) തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. 2004 മെയ്‌ 30നായിരുന്നു കൊലപാതകം. കൊല നടന്ന വീട്ടിൽ നിന്നു ജയാനന്ദൻ 44 പവൻ ആഭരണങ്ങളും 15 ഗ്രാം വെള്ളി നാണയവും കവർന്നിരുന്നു. വയോധികയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി.

കൊലപാതകം നടത്തിയ രീതി ജയാനന്ദൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കു മുന്നിൽ വിശദീകരിച്ചു. സമീപത്തെ വീട്ടിൽ നടത്തിയ മോഷണശ്രമം പരാജയപ്പെട്ടതോടെ ജയാനന്ദൻ നാരായണ അയ്യരുടെ വീടിന്റെ മതിൽ ചാടി ഉള്ളിൽ കടക്കുകയായിരുന്നു. സമീപത്തെ വീട്ടിൽനിന്നു കമ്പിപ്പാരയെടുത്തിരുന്നു. രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ നാരായണ അയ്യരെയാണു കമ്പിപ്പാര കൊണ്ട് ആദ്യം തലയ്ക്കടിച്ചത്. മരണം ഉറപ്പാക്കാൻ മുഖത്തും പ്രഹരിച്ചു.

നിലവിളി കേട്ടാണ് അയ്യരുടെ ബന്ധുവായ വയോധിക പുറത്തിറങ്ങിയത്. വീട്ടിൽനിന്നെടുത്ത ആയുധം കൊണ്ട് ഇവരെ വെട്ടിവീഴ്‌ത്തി. ഇവരുടെ മുഖം വെട്ടി മുറിവേൽപിച്ചു വികൃതമാക്കി. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ചു. തുടർന്നാണ് അലമാരിയിലുണ്ടായിരുന്ന സ്വർണവും വെള്ളിയും കവർന്നത്. തെളിവു നശിപ്പിക്കാൻ മുറിയിലും മൃതദേഹങ്ങളിലും മുളകുപൊടി വിതറിയ ശേഷമാണു ജയാനന്ദൻ സ്ഥലം വിട്ടത്.

മോഷണശ്രമം നടത്തിയ വീടിന്റെ സൺഷേഡിൽ ഒളിച്ചിരുന്ന സ്ഥലവും ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നിലൂടെ കൊലപാതകം നടന്ന വീട്ടിലേക്കെത്തിയ രീതിയും ജയാനന്ദൻ വിശദീകരിച്ചു. കൊല നടത്താനുപയോഗിച്ച ആയുധങ്ങളുൾപ്പെടെ എല്ലാം നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു. ജനുവരി ഒന്നുവരെയാണു പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. 2 ഇരട്ടക്കൊലക്കേസ് ഉൾപ്പെടെ 8 കൊലക്കേസുകളിലും 19 പിടിച്ചുപറി, മോഷണക്കേസുകളിലും പ്രതിയാണു ജയാനന്ദൻ.

തെളിവെടുപ്പിനിടയാണ് ജയാനന്ദനെ കൊലപ്പെടുത്തിയത്. ഇയാളാണോ അത്? എന്നു ചോദിച്ചാണ് മകൻ രോഷം പൂണ്ടത്. ഈ രോഷം പിന്നീട് കണ്ണീരിനു വഴിമാറുകയായിരുന്നു. കൊലപാതകം നടത്തിയ രീതി ജയാനന്ദൻ വിശദീകരിക്കുന്നതിനിടെ, കൊല്ലപ്പെട്ട സ്ത്രീയുടെ മകനെ ചൂണ്ടി, 'ഇതാരാണെന്നറിയാമോ? നീ കൊന്ന അമ്മയുടെ മകനാണ്' എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞപ്പോഴാണു മകൻ വികാരാധീനനായത്.

അപ്പോഴും കൂസലില്ലാതെയായിരുന്നു ജയാനന്ദന്റെ പെരുമാറ്റം. കൊലപാതകങ്ങൾ നടത്തി സ്വർണവും പണവും കവർന്നിട്ടും തനിക്കു പൂർണ തൃപ്തി കിട്ടിയില്ലെന്നു അയാൾ ക്രൈംബ്രാഞ്ചിനോടു വെളിപ്പെടുത്തി. അലമാരയിലുള്ള സ്വർണവും വെള്ളിയും എടുത്തെങ്കിലും മരിച്ച സ്ത്രീ കട്ടിലിൽ മെത്തയുടെ അടിയിൽ സൂക്ഷിച്ചിരുന്ന വൻ തുക കണ്ടെടുക്കാൻ പറ്റിയില്ലെന്ന നിരാശയുണ്ടെന്നു ജയാനന്ദൻ പറഞ്ഞു.

മരിച്ച സ്ത്രീ ഭാരവാഹിയായിരുന്ന മാതൃസമിതി നടത്തിയ ചിട്ടിയുടെ പണമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. 1,18,000 രൂപയിൽ കുറച്ചു പണം ചിട്ടി പിടിച്ചവർക്കു നൽകിയെങ്കിലും ബാക്കി ഭൂരിഭാഗവും വീട്ടിലുണ്ടായിരുന്നു. കൊലപാതകപ്പിറ്റേന്നു വാർത്തകളിലൂടെയാണു മെത്തക്കടിയിൽ നിന്നു പണം കണ്ടെടുത്ത വിവരം ജയാനന്ദൻ അറിഞ്ഞത്. ജയാനന്ദനെ തെളിവെടുപ്പിനെത്തിച്ചതറിഞ്ഞു നാട്ടുകാരും സ്ഥലത്തു തടിച്ചുകൂടിയിരുന്നു.

മറ്റൊരു കൊലക്കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണു പോണേക്കര കൊലപാതകങ്ങളിലെ പ്രതി ജയാനന്ദനാണെന്നു ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞത്. തുടർന്നു തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.