ബഹ്റൈൻ: സൗഹൃദങ്ങളുടെ നൊസ്റ്റാൾജിയ എന്ന സന്ദേശത്തിൽ രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമങ്ങൾ രാജ്യത്ത്രണ്ട്‌കേന്ദ്രങ്ങളിൽ നടക്കും. ഏപ്രിൽ29 മെയ്-06, എന്നീ തിയതികളിലായി സൽമാബാദ്, മനാമ എന്നിവിടങ്ങളിലാണ് സ്‌നേഹ സംഗമങ്ങൾ നടക്കുക. റഫ സോൺ സ്‌നേഹ സംഗമം 29ന് (ഇന്ന്) സൽമാബാദിൽ വച്ച് നടക്കും വിവിധ മത, സാമൂഹിക, സാംസ്‌കാരിക പ്രതിനിധികൾ പങ്കെടുക്കുന്ന സൗഹൃദ സംവാദങ്ങൾ, കലാപരിപാടികൾ നടക്കും.

അസഹിഷ്ണുതയും ഭീകര പ്രവർത്തനങ്ങളും സൗഹൃദങ്ങളിൽ സംശയം കലർത്തുന്ന കാലത്ത് മതവിശ്വാസത്തിന്റെ മേൽവിലാസത്തിൽ നിന്നുകൊണ്ടു തന്നെ സൗഹാർദത്തിന്റെ സന്ദേശങ്ങൾ ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഗൾഫിൽ 60 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമങ്ങളുടെ ഭാഗമായാണ് രാജ്യത്ത്  സ്‌നേഹ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. സൗഹൃദത്തിന്റെ ഇന്നലെകളെ ഓർമിച്ച് സ്‌നേഹത്തിന്റെ ആഴം സ്വയം ബോധ്യപ്പെടുകയും സമൂഹത്തോട് പറയുകയും ചെയ്യുന്ന വിവിധ പരിപാടികളുടെ സമാപനത്തിലാണ് സ്‌നേഹ സംഗമങ്ങൾ നടക്കുക.

യൂണിറ്റുകളിൽ ഗൃഹാതുര സമ്മേളനം, സ്‌നേഹ വിരുന്ന്, സ്‌നേഹ സവാരി, സൗഹൃദ സംവാദം, പ്രവാസം കഥ പറയുമ്പോൾ, കുട്ടികൾക്കായി സ്‌നേഹ ജാലകം, വനിതകൾക്കായി ഷീ പാർട്ടി തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും. സഹോദരങ്ങളുടെ അവശതകളിൽ കൈത്താങ്ങു നൽകാനുള്ള ആശ്വാസനിധിക്കും സ്‌നേഹ സംഗമങ്ങളോടെ തുടക്കം കുറിക്കും.