ഡബ്ലിൻ: മയക്കുമരുന്ന് ഉപയോഗത്തിന് ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും വലിയ ഡീഅഡിക്ഷൻ സെന്റർ നടത്തിയ പഠനത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണവും ദിനംതോറും വർധിച്ചുവരികയാണെന്ന് വെളിപ്പെടുത്തുന്നു.

ചികിത്സ തേടിയെത്തുന്നവരിൽ മൂന്നിലൊരാൾ സ്ത്രീയാണെന്നാണ് താബോർ ലോഡ്ജ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്. 25 വർഷം മുമ്പ് സെന്റർ ആരംഭിക്കുമ്പോൾ ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്നവർ പുരുഷന്മാർ മാത്രമായിരുന്നുവെന്നും ഇന്ന് സ്ഥിതി അതല്ല എന്നും ഗ്രൂപ്പ് വെളിപ്പെടുത്തുന്നു.

കഴിഞ്ഞവർഷം തന്നെ ഗ്രൂപ്പിന് 14,000 കോളുകളാണ് ഇതുസംബന്ധിച്ച് ലഭിച്ചത്. 2013-ൽ താബോർ ലോഡ്ജിൽ 219 പേരെ ചികിത്സയ്ക്കു കൊണ്ടുവന്നതിൽ 139 പേർ പുരുഷന്മാരും 80 പേർ സ്ത്രീകളുമായിരുന്നു. ഇതിൽ തന്നെ 155 പേർ മദ്യത്തിന് അടിമകളും 50 പേർ മറ്റു മയക്കുമരുന്നുകൾക്ക് അടിമകളുമായിരുന്നു. ചികിത്സയ്‌ക്കെത്തിയ സ്ത്രീകളിൽ 52 ശതമാനം പേർക്കും ഒരു കുട്ടിയെങ്കിലും ഉള്ളവരുമാണ്.