ടൊറോന്റോ: ഇന്ത്യയിലെ ടോയ്ലറ്റ് ഇല്ലാത്ത സ്‌കൂളുകളിൽ അവ നിർമ്മിച്ച് നൽകുന്നതിനായി വേൾഡ് വിഷൻ കാനഡ, രൂപകൽപ്പന ചെയ്ത ' റൈസ് അപ്പ്, ഡോട്ടേഴ്‌സ് ഓഫ് ഇന്ത്യ ' എന്ന പുതിയ പ്രോജക്ടിന് തുടക്കം കുറിച്ചു.

ടൊറോന്റോയിലെ യങ് -ഡൻഡാസ് സ്‌ക്വയറിൽ പനോരമ ഇന്ത്യ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വേൾഡ് വിഷനിലെ റോഷെൽ റോണ്ടൻ പദ്ധതി ഔദ്യോഗീകമായി പ്രഖ്യാപിച്ചു .
ഡയറക്ടർ എൽമർ ലിഗഡ് , ജോയ്സ് ഗോൺസാൽവസ് , മരിയ ഓങ് , ഷേർളി മാർട്ടിൻ, മായാ തോമസ്, സോഫി മാത്യു, തുടങ്ങിയവർ സംബന്ധിച്ചു. സൺലൈഫ് സെയിൽസ് മാനേജർ പാസ് വിരേ ആദ്യ സംഭാവന നൽകി ഈ പ്രോജെക്റ്റിന് വേണ്ടി ഉണ്ടാക്കിയ ബൂത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ജയിസൺ മാത്യുവാണ് ഈ പ്രോജക്ടിന്റെ കോർഡിനേറ്റർ. ഉത്തരേന്ത്യയിൽ പല സംസ്ഥാനങ്ങളിലും സ്‌കൂളുകളിൽ ടോയിലറ്റ് ഇല്ലാത്തത് പെൺകുട്ടികളുടെ പഠനത്തിന് ഒരു തടസ്സമായി കണ്ടെത്തിയതിനാലാണ് പെൺകുട്ടികളുടെ സ്‌കൂളുകളിൽ അതിനുള്ള സൗകര്യം ഏർപ്പെടുത്താൻ വേൾഡ്വിഷൻ തീരുമാനിച്ചത്. കാനഡയിൽ സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഇന്ത്യയിലുള്ള വേൾഡ്വിഷനാണ് നേരിട്ട് സ്‌കൂളുകൾക്ക് ടോയ്‌ലെറ്റുകൾ നിർമ്മിച്ച് നൽകുന്നത്.

ഇന്ത്യയിൽ പഞ്ചാബിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിലാണ് ആദ്യഗഡുവായി ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഓരോരുത്തരുടെയും സൗകര്യമനുസരിച്ചു പത്ത് ഡോളർ മുതൽ എത്ര തുക വരെ ഒന്നായും പല തവണകളായും നൽകാനുള്ള ക്രമീകരണങ്ങൾ ക്രിസ്ത്യൻ ചാരിറ്റി ഓർഗനൈസേഷനായ വേൾഡ് വിഷൻ ചെയ്തിട്ടുണ്ട്.

പ്രോജക്റ്റിന്റെ ഉദ്ഘാടനത്തിന് ശേഷം പനോരമ ഇന്ത്യ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരേഡിലും വേൾഡ് വിഷൻ കാനഡ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് www.daughtersofindia.ca സന്ദർശിക്കുക.