- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി പുറത്താക്കിയ ഋഷി പൽപ്പുവിന് പിറന്നാളാശംസകൾ നേർന്നു; ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയെ ആദ്യം പുറത്താക്കിയെന്ന് അറിയിപ്പ്, കത്ത് പിന്നാലെ വരുമെന്നും വിശദീകരണം; രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെടുക്കലും; കുഴൽപ്പണ വിവാദത്തിൽ ബിജെപി ഘടകങ്ങളിൽ അവിശ്വാസം വളരുമ്പോൾ
തിരുവനന്തപുരം: കുഴൽപ്പണ വിവാദം മാധ്യമങ്ങളും പൊലീസും തൽക്കാലം മറന്ന മട്ടാണെങ്കിലും ബിജെപിക്കുള്ളിൽ അത് ചൂടാറിയിട്ടില്ല. കൂടുതൽ തമ്മിലടികളും ഗ്രൂപ്പ് ചരടുവലികളും പാർട്ടിക്കുള്ളിൽ നിശബ്ദമായി അരങ്ങേറുന്നു എന്നാണ് റിപ്പോർട്ടുകൾ. ബിജെപി ജില്ലാ കമ്മിറ്റിക്കെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതിന് പുറത്താക്കപ്പെട്ട ഒബിസി മോർച്ച മുൻ സംസ്ഥാന ഉപാധ്യക്ഷൻ ഋഷി പൽപ്പുവിന് ഫെയ്സ് ബുക്കിൽ പിറന്നാളാശംസകൾ പോസ്റ്റ് ചെയ്തതിന് ഒബിസി മോർച്ച തിരുവനന്തപുരം ജില്ലാ സെക്രട്ടറി രാഹുൽ കാശിനാഥിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കുകയും രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെടുക്കുകയും ചെയ്തു.
ഒരു നോട്ടീസ് പോലും നൽകാതെ ഫോണിൽ വിളിച്ചാണ് തന്നെ പുറത്താക്കിയതെന്ന ഋഷി പൽപ്പുവിന്റെ ആരോപണം നിലനിൽക്കെയാണ് സമാനമായ രീതിയിൽ ഫോണിലൂടെ ഒബിസി മോർച്ച തിരുവനന്തപുരം ജില്ലാ ജന. സെക്രട്ടറി രാഹുലിനെ ജില്ലാ പ്രസിഡന്റ് പുറത്താക്കിയത്. പുറത്താക്കി കൊണ്ടുള്ള കത്തൊന്നും രാഹുലിന് നൽകിയിരുന്നില്ല. ഇത് സംബന്ധിച്ച ജില്ലാകമ്മിറ്റിയുടെ കത്ത് പിന്നാലെ വരും എന്ന് മാത്രമാണ് പറഞ്ഞിരുന്നത്.
ഒബിസി മോർച്ചയുടെ ജില്ലാകമ്മിറ്റിയിൽ ഇക്കാര്യം ചർച്ചയ്ക്ക് വന്നപ്പോൾ ഇതിനെതിരെ എതിർശബ്ദങ്ങൾ ഉയർന്നു. മാത്രമല്ല തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തിരുവനന്തപുരം ജില്ലയിലെ പല പ്രദേശങ്ങളിൽ നിന്നും മറ്റ് പാർട്ടികളിലേയ്ക്ക് ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. നേമം നിയോജക മണ്ഡലത്തിൽ അടുത്തിടെ ആർഎസ്എസിന്റെ ചുമതല ഉണ്ടായിരുന്ന പ്രമുഖ നേതാവും ഒരുസംഘം പ്രവർത്തകരും സിപിഎമ്മിൽ ചേർന്നിരുന്നു.
ഈ അവസരത്തിൽ യുവമോർച്ച മുൻ നേമം മണ്ഡലം പ്രസിഡന്റ് കൂടിയായ രാഹുലിനെ പുറത്താക്കുന്നത് ദോഷം ചെയ്യുമെന്ന അഭിപ്രായങ്ങളാണ് ജില്ലാ കമ്മിറ്റിയിൽ ഉണ്ടായത്. ഇത്തരം നിസാരകാര്യത്തിന് മണ്ഡലത്തിൽ സ്വാധീനമുള്ള ഒരു യുവനേതാവിനെ പുറത്താക്കിയാൽ പ്രവർത്തകർക്ക് മുന്നിൽ അത് വിശദീകരിക്കാൻ കഴിയാതെ വരുമെന്ന വിലയിരുത്തലിലാണ് പുറത്താക്കിയ രാഹുലിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്.
നേതൃത്വത്തിന് ഋഷിപൽപ്പുവിനോടുള്ള കടുത്ത വൈരാഗ്യമാണ് പഴയ സഹപ്രവർത്തകന് പിറന്നാളാശംസകൾ നേർന്ന പോഷകസംഘടനാ നേതാവിനെ പുറത്താക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് ആക്ഷേപം. വിശദീകരണം പോലും ചോദിക്കാതെ ഫോണിലൂടെയുള്ള പുറത്താക്കലുകൾ പാർട്ടി ശീലമായി മാറുന്നതിലും പ്രവർത്തകർക്കും നേതാക്കൾക്കും അതൃപ്തിയുണ്ട്. കമ്മിറ്റിയിൽ കൂടിയാലോചനകൾ പോലുമില്ലാതെ ഓരോരുത്തരെയും തോന്നിയത് പോലെ പുറത്താക്കുകയും തിരിച്ചെടുക്കുകയും ചെയ്യുന്നുവെന്നാണ് അവർ പറയുന്നത്. എന്തായാലും പുറത്താക്കിയയാളെ നാൽപ്പത്തിയെട്ട് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെടുക്കേണ്ടി വന്നത് ജില്ലാകമ്മിറ്റിക്കാകെ നാണക്കേടായിരിക്കുകയാണ്.
കഴിഞ്ഞ മാസമാണ് ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഋഷി പൽപ്പുവിനെ പുറത്താക്കിയത്. കുഴൽപ്പണ കേസിൽ തൃശൂർ ജില്ലാകമ്മിറ്റിക്കെതിരെ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റായിരുന്നു കാരണം. ഒരു വിശദീകരണമോ പുറത്താക്കിക്കൊണ്ടുള്ള കത്തോ നൽകാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഫോണിൽ വിളിച്ച് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി അറിയിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ഋഷി പൽപ്പു അന്ന് ആരോപിച്ചിരുന്നു.