തൃശ്ശൂർ: കുഴൽപ്പണക്കേസിൽ സാമൂഹികമാധ്യമത്തിലൂടെ നടത്തിയ വിമർശനത്തിനുശേഷം ബിജെപിയിൽനിന്ന് പുറത്താക്കപ്പെട്ട ഒ.ബി.സി.മോർച്ച മുൻ സംസ്ഥാന ഉപാധ്യക്ഷൻ ഋഷി പൽപ്പു കോൺഗ്രസിൽ ചേരുമെന്ന് സൂചന. കെപിസിസി. പ്രസിഡന്റായി നിയമിതനായ കെ. സുധാകരന് അദ്ദേഹം സാമൂഹികമാധ്യമത്തിലൂടെ ആശംസ നേർന്നു. ജനാധിപത്യത്തിന് കരുത്തുപകരാൻ അതികായന്മാർ പ്രതിപക്ഷത്തിന്റെ നേതൃനിരയിൽ എത്തേണ്ടതുണ്ടെന്നും കോൺഗ്രസിന് ഉണർവുനൽകാൻ സുധാകരന്റെ നേതൃത്വത്തിന് കഴിയട്ടേന്നുമാണ് ഫെയ്സ് ബുക്ക് പോസ്റ്റ്. കുറച്ചുദിവസംമുമ്പ് കെ. സുധാകരൻ ഋഷി പൽപ്പുവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

കൊടകര കുഴൽപ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതൃത്വത്തെ വിമർശിച്ചുകൊണ്ട് ഋഷി പൽപ്പു ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പിന്നാലെ കെ. സുരേന്ദ്രൻ അദ്ദേഹത്തെ നേരിട്ട് വിളിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. വിശദ്ദീകരണം പോലും ചോദിക്കാതെയാണ് ഈ നടപടിയെന്ന് ഋഷി പൽപ്പു പ്രതികരിച്ചിരുന്നു.

കോൺഗ്രസിൽ ചേരുന്നതിനുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞെന്നാണ് റിഷി പൽപ്പു വ്യക്തമാക്കുന്നത്. എന്റെ പാർട്ടിയിൽ നിന്നും എനിക്ക് നീതി ലഭിക്കുന്നില്ല. എനിക്കെതിരെ നടപടിയെടുത്ത ശേഷം കാരണം കാണിക്കൽ നോട്ടീസ് പോലും അയച്ചിട്ടില്ല. എനിക്കൊപ്പമുള്ളവരോടൊപ്പം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി വരികയാണെന്നും റിഷി പൽപ്പു പറയുന്നു.

ഞാൻ ഒരു തരത്തിലുള്ള പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ല. പാർട്ടിക്ക് ഒരു നിർദ്ദേശം നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു ഫേസ്‌ബുക്ക് കുറിപ്പ് പങ്കുവെച്ചത്. അച്ചടക്കമുള്ള പ്രവർത്തനങ്ങൾ മാത്രമെ നടത്തിയിട്ടുള്ളൂ. രാഷ്ട്രീയ പരമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിഷി പൽപ്പും മറുപക്ഷത്ത് എത്തിയാൽ ഏതെങ്കിലും തരത്തിലുള്ള രഹസ്യങ്ങൾ വെളിപ്പെടുമോയെന്ന ആശങ്കയും ബിജെപിക്കുണ്ട്.

എന്നാൽ കോൺഗ്രസിൽ ചേരാൻ പൂർണമായും തീരുമാനിച്ചിട്ടില്ലെന്നും ഒപ്പമുള്ളവരോട് ആലോചിച്ച് മാത്രമെ തീരുമാനം എടുക്കുകയുള്ളു എന്നുമാണ് ഋഷി പൽപ്പു മറുനാടനോട് പറഞ്ഞത്. ലോക്ക് ഡൗൺ കഴിഞ്ഞതിന് ശേഷം തനിക്കൊപ്പമുള്ളവരോട് ചർച്ച ചെയ്ത് തീരുമാനം പ്രഖ്യാപിക്കും. നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം തന്നെ പിന്തുണയ്ക്കുന്നവരുടെ ഒരു കൺവെൻഷൻ വിളിക്കാനാകുമോ എന്നും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.