- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടി സുനി ജയിലിൽ നിന്ന് ക്വട്ടേഷൻ നടത്തുന്നില്ലെന്ന് ഉറപ്പ്; ഫോൺ ഉപയോഗം പൂർണമായും തടഞ്ഞിട്ടുണ്ട്; പലരെയും പരോളിൽ വിട്ടിരിക്കുകയാണ്; ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്നത് പരോളിൽ പോയ ഈ തടവുകാർ ആയിരിക്കാം; തുറന്നു പറച്ചിലുമായി ഋഷിരാജ് സിങ്
തിരുവനന്തപുരം: കൊടി സുനി അടക്കമുള്ള തടവുകാർ ജയിലിൽ നിന്ന് ക്വട്ടേഷൻ പ്രവർത്തനം നടത്തിയെന്ന ആരോപണം നിഷേധിച്ച് ജയിൽ ഡിജിപി ഋഷിരാജ് സിങ്. ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്നത് കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി പരോളിലുള്ള തടവുകാരാകാമെന്നും ഋഷിരാജ് സിങ് പറഞ്ഞു. തടവുകാരുടെ ജയിലിലെ ഫോൺ ഉപയോഗം പൂർണമായും തടയാൻ സാധിച്ചെന്നും സിങ് പറയുന്നു.
ജയിലിൽ ഇപ്പോൾ യാതൊരു ക്രിമിനൽ പ്രവർത്തനങ്ങളും നടക്കുന്നില്ല എന്ന് ഉറപ്പിച്ച് പറയാനാകുമെന്നും ഋഷിരാജ് സിംഗം വ്യക്തമാക്കി.
ഋഷിരാജ് സിങ് പറഞ്ഞത്: ''കോവിഡ് പശ്ചാത്തലത്തിൽ ജയിലിനുള്ളിൽ വളരെ കുറച്ച് പേർ മാത്രമേയുള്ളൂ. പലരെയും പരോളിൽ വിട്ടിരിക്കുകയാണ്. ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്നത് പരോളിൽ പോയ ഈ തടവുകാർ ആയിരിക്കാം. ജയിലിനുള്ളിൽ ഇങ്ങനെയുള്ള കാര്യങ്ങൾ നടക്കില്ലെന്ന് എനിക്ക് ഉറപ്പ് പറയാൻ സാധിക്കും. ജയിലിനുള്ളിൽ തടവുകാരുടെ ഫോൺ ഉപയോഗം പൂർണമായും തടയാൻ സാധിച്ചിട്ടുണ്ട്.''
കരിപ്പൂർ സ്വർണക്കടത്ത് കേസുമായി കൊടി സുനിക്ക് ബന്ധമുണ്ടെന്നും ജയിലിനുള്ളിൽ നിന്ന് സുനി ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരുന്നു. കള്ളക്കടത്ത് സ്വർണം പൊട്ടിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും കൊടി സുനിയുടെ സഹായം ലഭിച്ചുവെന്ന് കേസിലെ പ്രതിയായ അർജുൻ ആയങ്കിയും മൊഴി നൽകിയിരുന്നു
ഈ മാസം 31-ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് ഋഷിരാജ് കൊടി സുനി വിഷയത്തിൽ അടക്കം തുറന്നു പറഞ്ഞത്. സർവീസിൽ നിന്നും വിരമിച്ചാലും കേരളം വിട്ടുപോകില്ലെന്നാണ് സിങ് പറയുന്നത്. വിശ്രമജീവിതം കേരളത്തിൽ തന്നെയാകുമെന്ന് അദ്ദേഹം ആവർത്തിച്ചു. 40 വർഷം മുമ്പ് ജന്മദേശം വിട്ടു പോന്നതാണ്. മൂന്ന് പതിറ്റാണ്ട് ജീവിച്ച കേരളം വിട്ടുപോകാൻ കഴിയില്ല.
വ്യാജ സിഡി നിർമ്മാണവും വൈദ്യുതി മോഷണവും തടയാനായതിൽ സംതൃപ്തിയുണ്ട്. എക്സൈസ് കമ്മീഷണറായിരിക്കുമ്പോൾ 3000 കോടി രൂപയുടെ മയക്കുമരുന്നുകൾ പിടിക്കാനായതിലും സന്തോഷം. മൂന്നാറിൽ തനിക്കുണ്ടായിരുന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ സംരക്ഷണ ദൗത്യം മാത്രമായിരുന്നുവെന്നും സിങ് പറഞ്ഞു. സിനിമയും പാട്ടും ക്രിക്കറ്റും പുതിയ ചില സംരഭങ്ങളുമൊക്കെയായി ഇനിയും സിങ് സജീവമായിരിക്കും കേരളത്തിൽ.
മറുനാടന് മലയാളി ബ്യൂറോ