- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനമൈത്രി പൊലീസിന് മുമ്പെ ജനകീയനായ ഉദ്യോഗസ്ഥൻ; വേഷം മാറിയ മിന്നൽ പരിശോധനകളിലൂടെയും അഴിമതിക്കാരുടെ പേടിസ്വപ്നം; രാഷ്ട്രീയക്കാർക്ക് വഴങ്ങാത്തതിനാൽ സ്ഥാനനഷ്ടങ്ങൾ; സിനിമാ സ്റ്റൈലിൽ മീശ പിരിച്ച് മലയാളികളുടെ ഹൃദയത്തിലിടം നേടിയ മല്ലു സിങ്; 31 വിരമിക്കുന്ന ഋഷിരാജ് സിങ് കേരളം വിടില്ല
തിരുവനന്തപുരം: സിനിമാ സ്റ്റൈലിൽ വേഷംമാറി ലോറിയിൽ ക്ലീനറായെത്തി ചെക്പോസ്റ്റുകളിലെ ക്രമക്കേടുകൾ തടഞ്ഞും ഹെൽമെറ്റും സീറ്റ് ബെൽറ്റും ശീലമാക്കാൻ മലയാളിയെ പഠിപ്പിച്ചും മിന്നൽ പരിശോധനകളിലൂടെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി ശിക്ഷിച്ചും ജനമൈത്രി പൊലീസിന് മുമ്പെ ജനകീയനീയി മാറിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്. കൊമ്പന്മീശയും മനുഷ്യത്വരഹിതമായ പെരുമാറ്റവും പൊലീസിന്റെ ട്രേഡ് മാർക്കായിരുന്ന കാലത്ത് തന്നെ കൊമ്പൻ മീശയും വച്ച് മലയാളിയുടെ തോളിൽ കയ്യിട്ട ഡി.ജി.പി. ഋഷിരാജ് സിങ് വിരമിക്കുകയാണ്. നിലവിൽ ജയിൽമേധാവിയായ അദ്ദേഹം ശനിയാഴ്ച സർവീസ് പൂർത്തിയാക്കും. കേരളത്തിന്റെ ജീവിതരീതികളോട് ഇഴുകിച്ചേർന്ന അദ്ദേഹം ഇനിയുള്ള കാലവും കേരളത്തിൽത്തന്നെ തുടരുമെന്ന് അറിയിച്ചു. പൂജപ്പുരയിൽ വാടകവീട് നോക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളം കണ്ട ഏറ്റവും ജനകീയനായ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ഋഷിരാജ് സിങ്. അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത പ്രവർത്തനം കാഴ്ച്ച വച്ച അദ്ദേഹം ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലുകൾക്ക് പോലും വഴങ്ങുമായിരുന്നില്ല. ഓരോ മലയാളിയുടെയും കുടുംബാംഗമായി മാറിയ അദ്ദേഹം കുടുംബസംഗമങ്ങളിലും റസിഡന്റ്സ് അസോസിയേഷൻ പരിപാടികളിൽ പോലും അതിഥിയായി പോകുന്നതിൽ മടി കാണിച്ചിരുന്നില്ല. താഴേക്കിടയിലെ സാധാരണക്കാരായ ജനങ്ങളോട് പോലും മാന്യമായി പെരുമാറുകയും ഏറെ ഹൃദയബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥനാണ്
ബീഹാറിലെ ബിക്കാനീർ സ്വദേശിയായ അദ്ദേഹം 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്നു. പുനലൂർ എ.എസ്പി.യായാണ് സർവീസ് ആരംഭിക്കുന്നത്. പിന്നെ കണ്ണൂരും കോട്ടയത്തും എസ്പി. ആയി. കേന്ദ്ര ഡെപ്യൂട്ടേഷനിൽ എസ്പി.ജി.യിലും സിബിഐ.യിലും പ്രവർത്തിച്ചു. സംസ്ഥാനത്ത് ട്രാൻസ്പോർട്ട് കമ്മിഷണർ, കെ.എസ്.ഇ.ബി. ചീഫ് വിജിലൻസ് ഓഫീസർ, എക്സൈസ് കമ്മിഷണർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. സംസ്ഥാനത്തെ ജയിലുകളിൽ അച്ചടക്കം കർശനമാക്കി, ഒട്ടേറെ നവീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ശേഷമാണ് വിരമിക്കുന്നത്. അഞ്ച് വർഷം മുമ്പ് പൊലീസ് മേധാവിയാകാൻ പരിഗണിക്കപ്പെട്ടിരുന്നവരിലൊരാളായിരുന്നു സിങ്.
തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും കമ്മിഷണറായിരിക്കെ അദ്ദേഹം നടത്തിയ പ്രവർത്തങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുണ്ടകളെ അമർച്ചചെയ്യാൻ നടത്തിയ പ്രവർത്തനങ്ങൾ ചർച്ചയായി. ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കുന്ന കാലത്ത് നടപ്പാക്കിയ പരിഷ്കാരങ്ങളും പരിശോധനകളും റോഡപകടങ്ങൾ ഗണ്യമായി കുറച്ചു.
ലഹരി മാഫിയയ്ക്കെതിരേ സന്ധിയില്ലാനടപടികൾ സ്വീകരിച്ചാണ് അദ്ദേഹം എക്സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറിയത്. ആന്റി പൈറസി സെല്ലിന്റെ തലവൻ ആയിരുന്നപ്പോൾ വ്യാജ സി. ഡി. വിഷയത്തിൽ എടുത്ത നിലപാടാണ് ഇദ്ദേഹത്തെ പൊതു സമൂഹത്തിന് പരിചിതനാക്കുന്നത്. ഐ.ജി. ടോമിൻ ജെ. തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാൻ സ്റ്റുഡിയോ റെയ്ഡ് ചെയ്തതിന്റെ പേരിൽ ഡി.ജി.പി. രമൺ ശ്രീവാസ്തവ അദ്ദേഹത്തിനുണ്ടായിരുന്ന ആന്റി പൈറസിയുടെ മേധാവിത്തം ചുമതല എടുത്തുകളഞ്ഞത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പല സ്വാധീന കേന്ദ്രങ്ങളിലും കയറിച്ചെന്നു ഇദ്ദേഹം വ്യാജ സി. ഡി. വിഷയത്തിൽ റെയ്ഡ് നടത്തി. ഇതിന്റെ പേരിൽ സർക്കാരിൽ സമ്മർദം വന്നപ്പോൾ ഋഷിരാജിനു സ്ഥാന ചലനം സംഭവിച്ചു. 2006 -ൽ സീരിയലിൽ അഭിനയിച്ചതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടതായും വന്നിട്ടുണ്ട്. വിദ്യാർത്ഥികളെ തല്ലിയ പൊലീസുകാരനെ ശകാരിച്ച ഐ.ജി ടി.പി. സെൻകുമാറിന്റെ പ്രവർത്തികളെ വിമർശിച്ച് ഐ.പി.എസ്. അസ്സോസിയേഷൻ സെക്രട്ടറി ബി. സന്ധ്യയ്ക്ക് അയച്ച കത്തും വിവാദമായിരുന്നു.
പിന്നീട് മൂന്നാർ കയ്യേറ്റഭൂമി ഒഴിപ്പിക്കാൻ വി എസ്. സർക്കാർ രൂപീകരിച്ച മൂന്നാർ ഓപറേഷൻ മൂന്നംഗ ടീമിൽ ഇദ്ദേഹം ഉണ്ടായിരുന്നു. പിന്നീട് കേന്ദ്ര ഡെപ്യൂറ്റെഷനിൽ പോയി വന്ന ഇദ്ദേഹം ട്രാൻസ്പോർട്ട് കമ്മീഷണറായി നിയമിപ്പിക്കപ്പെട്ടു. അഴിമതിയിൽ കുളിച്ചു കിടന്ന വകുപ്പിനെ നന്നാക്കിയെടുക്കാൻ ഇദ്ദേഹം പ്രവർത്തനം തുടങ്ങി. ഗതാഗത നിയമപാലനം നടപ്പാക്കാൻ ഇദ്ദേഹം എടുത്ത നിലപാടുകൾ ഇദ്ദേഹത്തെ പ്രശസ്തനാക്കി. ട്രാഫിക് വകുപ്പിലായിരുന്ന കാലത്ത് വേഷപ്രച്ഛന്നനായി കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ പിടിച്ച സംഭവം വാർത്ത സൃഷ്ട്ടിച്ചിരുന്നു. സർക്കാറിന് തലവേദനയായതോടെ അദ്ദേഹത്തെ സ്ഥാനം മാറ്റി.
ഇദ്ദേഹം പിന്നീട് കെ.എസ്.ഇ.ബി. യുടെ ചീഫ് വിജിലൻസ് ഓഫീസറായി നിയമിതനായി. സംസ്ഥാനത്തെ നിരവധി വ്യവസായ യൂണിറ്റുകളുടെ വൈദ്യുതി മോഷണം ഇദ്ദേഹം പിടിച്ചു പിഴ ചുമത്തി. രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും വീടുകളിലേക്കും വിജിലൻസ് ടീം റെയ്ഡ് നടത്തി പിഴയിട്ടു. അതിൽ പല പ്രമുഖരും ഉൾപ്പെട്ടിരുന്നു. കെ. കരുണാകരന്റെ മകൾ പത്മജയും വൈദ്യുതി മോഷണത്തിനു പിഴയൊടുക്കിയവരുടെ കൂട്ടത്തിൽ പെടുന്നു. വൈദ്യുത ഇന്റലിജൻസ് മേധാവിയായി ഇരുന്ന കാലത്ത് നേതൃത്വം കൊടുത്ത പരിശോധനകളിൽ നിന്നെല്ലാം 18 കോടിയോളം വരുമാനം സർക്കാറിനുണ്ടായി. എന്നാൽ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ അസ്വസ്ഥരായി അഴിമതിക്കാരെ സഹായിക്കുന്ന നിലപാടെടുത്ത സർക്കാരിലെ ഒരു വിഭാഗം ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പരിധിവെച്ചു. 3000 കോടി വൻകിട മുതലാളിമാരുടെ പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക പിരിച്ചെടുക്കുന്ന നടപടിയിൽ ഇടപെടാൻ ഇദ്ദേഹത്തിന് അവസരം കിട്ടിയില്ല.
ഒടുവിൽ തിരുവനന്തപുരത്തെ മുത്തൂറ്റിന്റെ എയർ ലൈൻ കാറ്ററിങ് സ്ഥാപനമായ മുത്തൂറ്റ് സ്കൈ ഷെഫ് ഭൂഗർഭ കേബിൾ വഴി വൈദ്യുതി മോഷ്ട്ടിക്കുന്നത് ഇദ്ദേഹം കണ്ടെത്തി. തിരുവരാഹം കെ.എസ്.ഇ.ബി. സെക്ഷനിലാണ് ഈ മുത്തൂറ്റ് സ്ഥാപനം. നിയമ നടപടിയിലേക്ക് കടക്കാൻ വിജിലൻസ് വിഭാഗം തയ്യാറെടുക്കുമ്പോഴേക്കും സിങ്ങിന്റെ വീണ്ടും സ്ഥാന മാറ്റ ഉത്തരവ് ഒപ്പു വെക്കപ്പെട്ടിരുന്നു. പൊതുജനങ്ങളുമായി ബന്ധപ്പെടേണ്ട കാര്യമില്ലാത്ത ആംഡ് ബറ്റാലിയനിലേക്കാണ് പുതിയ മാറ്റം ഉണ്ടായത്.
തന്റെ സർവീസ് കാലത്തെക്കുറിച്ചുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാമെന്നതിനാൽ ഒരു സർവീസ് സ്റ്റോറി എഴുതുന്നില്ലെന്ന് ഋഷിരാജ് സിങ് പറഞ്ഞു. പുറത്തറിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ വിരമിച്ചശേഷം എഴുതുന്നത് ശരിയാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, ജയിൽ നവീകരണത്തിന് എന്തൊക്കെ ചെയ്യണമെന്ന് പുസ്തകമെഴുതുന്നുണ്ടെന്നും ഋഷിരാജ് സിങ് പറഞ്ഞു. ദുർഗേശ്വരിയാണ് ഭാര്യ. കാനഡയിൽ ആനിമേറ്ററായ ചക്രസാൽ സിങ്, ജയ്പുരിലെ സ്കൂളിൽ സൈക്കോളജിസ്റ്റായ യശോധര എന്നിവരാണ് മക്കൾ.
മറുനാടന് മലയാളി ബ്യൂറോ