ലണ്ടൻ: അധികാരത്തിന്റെ ഇടനാഴികളിൽ നിഴൽ യുദ്ധങ്ങൾ പതിവാണ്. ബ്രിട്ടൻ ഭരണകൂടത്തിൽ അത്തരമൊരു നിഴൽ യുദ്ധത്തിന് ആരംഭം കുറിച്ചതായി വാർത്തകൾ പുറത്തുവരുന്നു. പ്രധാനമന്ത്രിയും ചാൻസ്ലർ ഋഴി സുനാകും തമ്മിലാണത്രെ പുതിയ പോര്. ചാൻസലറെ തത്സ്ഥാനത്തുനിന്നു മാറ്റാൻ പ്രധാനമന്ത്രി ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. എന്നാൽ, ഇക്കാര്യം നിഷേധിഛ്കുകൊണ്ട് ധനകാര്യ വകുപ്പ് തന്നെ രംഗത്തെത്തി.

കഴിഞ്ഞയാഴ്‌ച്ച ഒരു മീറ്റിംഗിൽ ചില ജീവനക്കാരുടെ മുന്നിൽവച്ച് ബോറിസ് ജോൺസൺ ചില പരസ്യപ്രകടനങ്ങൾ നടത്തിയെങ്കിലും ഡൗണിങ് സ്ട്രീറ്റിലെ അയൽക്കാർക്കിടയിൽ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് ഇവരുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ബുധനാഴ്‌ച്ച യാത്രാ ഇളവുകൾ സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിനു മുൻപായി അത് ആവശ്യപ്പെട്ടുകൊണ്ട് ചാൻസലറുടെ ഓഫീസിൽ നിന്നും നൽകിയ കത്ത് ചോർന്നത് ബോറിസിനെ കോപാകുലനാക്കി എന്നാണ് റിപ്പോർട്ടുകൾ.

ഋഷി സുനാകാണ് ഇതിൽ കുറ്റക്കാരനെന്ന് ബോറിസ് സൂചിപ്പിച്ചു എന്നാണ്റിയാൻ കഴിയുന്നത്. മാത്രമല്ല, ഇത്തരത്തിലൊരു കത്ത് എഴുതുന്നതിൽ ഋഷിക്ക് രാഷ്ട്രീയമായ പിഴവ് സംഭവിച്ചതായും ബോറിസ് ജോൺസൺ പറഞ്ഞു എന്ന് ചില റിപ്പോർട്ടുകളിലുണ്ടായിരുന്നു.

ഇതിനുള്ള ശിക്ഷയായി, ചാൻസലർ സ്ഥാനത്തുനിന്നും ആരോഗ്യ സെക്രട്ടറിയായി ഋഷിയെ തരംതാഴ്‌ത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അത്തരത്തിൽ ഒരു നീക്കമുണ്ടായാൽ ഋഷി ഒരുകാരണവശാലും അത് സ്വീകരിക്കില്ല എന്നാണ്ദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. പകരം രാജിവച്ച് ഒരു എം പി മാത്രമായി തുടരുമെന്നും അവർ അറിയിക്കുന്നു. ഋഷിയെ നഷ്ടപ്പെടുക എന്നത് ഇന്നത്തെ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിന് വലിയൊരു തിരിച്ചടിയായിരിക്കും എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

അടുത്ത പ്രധാനമന്ത്രിയായി പ്രഥമ പരിഗണനയിലുള്ള ഋഷി സുനാക് തരംതാഴ്‌ത്തൽ ഒരു കാരണവശാലും അംഗീകരിക്കാൻ ഇടയില്ല. അതേസമയം മുൻ പ്രധാനമന്ത്രിയും അക്കാലത്തെ ചാൻസലറും തമ്മിൽ ഉണ്ടായിരുന്നതിനേക്കാൾ ശക്തമായ ഔദ്യോഗിക ബന്ധമാണ് ബോറിസും ഋഷിയും തമ്മിലുള്ളതെന്നും ചില വിശ്വസനീയ കേന്ദ്രങ്ങൾ പറയുന്നു. ഒരു പ്രതിസന്ധി ഘട്ടത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ചില അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും അതിന് രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനാകില്ലെന്നും ഇരുവരുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.