നിയമം നടപ്പാക്കാൻ മുന്നിട്ടിറങ്ങേണ്ടത് ഉദ്യോഗസ്ഥരാണെന്ന് കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസർ ഋഷിരാജ് സിങ്. നിയമനിർവഹണത്തിന് രാഷ്ട്രീയ നേതൃത്വം എതിരുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ഐഡിയ സെല്ലുലാർ ന്യൂസ് മേക്കർ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലുമാണ് മുൻട്രാൻസ്‌പോർട്ട് കമ്മിഷണർ കൂടിയായ ഋഷിരാജ് സിങ്ങിന് പുരസ്‌കാരം സമ്മാനിച്ചത്.

ഒരുകാലത്തും രാഷ്ട്രീയനേതാക്കൾ തനിക്ക് തടസം നിന്നിട്ടില്ലെന്ന് ഋഷിരാജ് സിങ് പറഞ്ഞു. നീതിനിർവഹണം ഉദ്യോഗസ്ഥരുടെ ബാധ്യതയാണ്. നിയമം നടപ്പാക്കുമ്പോൾ പ്രായോഗികത നോക്കേണ്ട ബാധ്യത ഉദ്യോഗസ്ഥർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കർമരംഗമേതായാലും അവിടെ ഒരു സിംഹത്തെപ്പോലെ മുന്നിൽ നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഋഷിരാജ്‌സിങ് അതുവഴി സദ്‌വാർത്തകൾ സൃഷ്ടിച്ചെന്ന് മമ്മൂട്ടി പറഞ്ഞു. ചെയ്യാനാഗ്രഹിച്ച കാര്യങ്ങൾ ഒരു നായകനേപ്പോലെ നിർവഹിച്ചയാളാണ് ഋഷിരാജ് സിങ്ങെന്ന് മോഹൻലാൽ പറഞ്ഞു. ഋഷിരാജ് സിങ്ങിന്റെ മനസുള്ള ഉദ്യോഗസ്ഥരെയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

60 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കാൻ നിശ്ചയിച്ചാൽ പകുതിവീതി മതിയെന്ന് നിലപാടെടുക്കുന്ന ലോകത്തിലെ ഏകസ്ഥലം കേരളമാണെന്ന് മമ്മൂട്ടി പറഞ്ഞു. മുഖം നോക്കാതെ ജോലി ചെയ്യുന്നതാണ് ഋഷിരാജ് സിങ്ങിന്റെ പ്രത്യേകത. നിയമം മാത്രം നോക്കി പ്രവർത്തിക്കാൻ സർക്കാരിനുമാകണം. അങ്ങിനെ സംഭവിക്കാത്തതിനാലാണ് നല്ലറോഡുകളും നല്ല ഉദ്യോഗസ്ഥരും കേരളത്തിലുണ്ടാകാത്തതെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. കേരളത്തിൽ നല്ല റോഡുണ്ടാകണമെന്നാശിക്കുന്നത് നല്ലമനസുണ്ടാകണമെന്ന് ആശിക്കുന്നതുപോലാണെന്ന് മോഹൻലാൽ പറഞ്ഞു.