- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന സുരേഷിന്റെ തുടർച്ചയായ നെഞ്ചുവേദനയിൽ ഋഷിരാജ് സിംഗിന് സംശയം; ആറു ദിവസത്തെ ചികിത്സ കഴിഞ്ഞ് സ്വപ്ന വിയ്യൂരിൽ എത്തിയതിന് പിന്നാലെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ കള്ളക്കളി സംശയിച്ചു ജയിൽ ഡിജിപി; സർക്കാറിന്റെ രാഷ്ട്രീയക്കളിക്ക് കൂട്ടുനിൽക്കാത്ത സിങ്കം ജയിൽ അധികൃതരോട് വിശദീകരണം തേടിയതിൽ ഉന്നതർക്കും ഞെട്ടൽ; ജയിൽ സൂപ്രണ്ടുമാരെ സ്ഥലം മാറ്റിയ രാഷ്ട്രീയ ധാർഷ്ട്യത്തിന്റെ കൊമ്പൊടിച്ച ഋഷിരാജ് പിണറായിക്ക് വീണ്ടും തലവേദന ആകുമോ?
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമായി കത്തിക്കയറുകയാണ് സ്വർണ്ണക്കടത്തു കേസ്. ഈ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ളവരുടെ എണ്ണം കൂടി വരുമ്പോഴാണ് സർക്കാർ കടുത്ത സമ്മർദ്ദത്തിലേക്ക് പോകുന്നത്. ഇതോടെ പണ്ട് സോളാർ കാലത്ത് സരിത എസ് നായരുടെ വായടപ്പിക്കാൻ വേണ്ടി ജയിലിൽ നടന്ന കള്ളക്കളികൾ ഇവിടെയും ആവർത്തിക്കുകയാണ്. എന്നാൽ, സർക്കാറിന് എഴുപ്പം വഴങ്ങാത്ത ഉദ്യോഗസ്ഥനായ ഋഷിരാജ് സിങ് സർക്കാർ നീക്കങ്ങൾ പൊളിക്കുമോ എന്ന ആശങ്കയിലാണ് അധികാരത്തിലെ ഉന്നതർ.
നെഞ്ചുവേദനയെ തുടർന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനും വയറു വേദനയ്ക്കു മറ്റൊരു പ്രതി റമീസിനും ആശുപത്രിയിൽ ഒരേസമയം ചികിൽസ നൽകിയതിൽ ജയിൽ വകുപ്പ് റിപ്പോർട്ട് തേടിയ സംഭവം ഇതിനോടകം തന്നെ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. സ്വപ്നക്ക് ഉന്നതരുമായി സംസാരിക്കാൻ വഴിയൊരുക്കാൻ വേണ്ടിയാണ് ഇതെന്ന ആക്ഷേപം ശക്തമായി ഉയർന്നിട്ടുണ്ട്. മന്ത്രി എ സി മൊയ്തീന് എതിരായ ഇടപെടലും സംശയത്തിൽ നിർത്തി അനിൽ അക്കര എംഎഎൽഎയും രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ഏജൻസികളും അട്ടിമറി ശ്രമം മുന്നിൽ കണ്ട് വിഷയം അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
ഇതോടെ സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ആശുപത്രിയിൽ ഒരേസമയം ചികിത്സ നൽകിയ സംഭവത്തിൽ ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിങ് റിപ്പോർട്ട് തേടിയിട്ടുണ്ട്. നെഞ്ചുവേദനയെ തുടർന്ന് സ്വപ്ന സുരേഷിനും വയറുവേദനയ്ക്ക് കെ.ടി. റമീസിനും ആശുപത്രിയിൽ ഒരേസമയം ചികിത്സ നൽകിയ സാഹചര്യത്തെ കുറിച്ച് വിശദീകരിക്കണം എന്നാണ് വിയ്യൂർ ജയിൽ മെഡിക്കൽ ഓഫീസറോട് സിങ് ആവശ്യപ്പെട്ടിരിക്കുന്നത്. തൃശൂർ മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സംസാരിച്ച് റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.
വിയ്യൂർ അതീവ സുരക്ഷാ ജയിലിലും വനിതാ ജയിലിലുമായി കഴിഞ്ഞിരുന്ന ഇരുവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ആറു ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ച സ്വപ്ന ആശുപത്രി വിട്ടിരുന്നു. ചികിത്സയിൽ തുടരാൻ മതിയായ ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്ന് പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സ്വപ്നയെ വിയ്യൂർ വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് വീണ്ടും നെഞ്ചുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഋഷിരാജ് സിംഗിന്റെ നീക്കം സർക്കാറിനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട. സിംഗിന്റെ നീക്കം വിവാദത്തിൽ സർക്കാറിനെ കുരുക്കുമോ എന്നാണ് ഉയരുന്ന ആശങ്ക. കോംപ്രമൈസുകൾക്ക് തയ്യാറാകാത്ത ഉദ്യോഗസ്ഥനായ സിങ് സർക്കാറുമായി കോർത്തു കൊണ്ടു തന്നെയാണ് മുന്നോട്ടു പോകുന്നത്. നേരത്തെ ജയിൽവകുപ്പു മേധാവിയായ താൻ അറിയാതെ ജയിൽ സൂപ്രണ്ടുമാരെ സ്ഥലം മാറ്റിയ സംഭവം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സർക്കാറിന്റെ തീരുമാനത്തിനെതിരെ ശക്തമായ നിലപാടാണ് ഋഷിരാജ് സ്വീകരിച്ചത്. ഒടുവിൽ ജയിൽ സൂപ്രണ്ടുമാരെ സ്ഥലം മാറ്റിയ ഉത്തരവ് അംഗീകരിക്കില്ലെന്ന ഋഷിരാജ് സിങ്ങിന്റെ നിലപാട് പിണറായി സർക്കാരും അംഗീകരിക്കേണ്ട അവസ്ഥയും ഉണ്ടായി.
സ്ഥലംമാറ്റ പട്ടികയിലെ ചില പേരുകളിൽ എതിർപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രിയെ സമീപിച്ച ഋഷിരാജ് സിങ്, ഉത്തരവ് നടപ്പാക്കാതെയായിരുന്നു നിലപാട് ശക്തമാക്കിയത്. എന്നാൽ തന്റെ ശുപാർശയ്ക്കു വിരുദ്ധമായി ചില പേരുകൾ ഉൾപ്പെട്ടതിൽ ജയിൽ ഡിജിപി എതിർപ്പ് അറിയിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. കോട്ടയം, ആലപ്പുഴ ജില്ലാ ജയിൽ സൂപ്രണ്ടുമാരുടെ സ്ഥലം മാറ്റത്തിൽ ഭേദഗതി വരുത്തി പുതിയ ഉത്തരവിറക്കി. ഇതിലും ഋഷിരാജ് സിങ് തൃപ്തനായില്ല. തന്റെ വകുപ്പിൽ താനറിയാതെയുള്ള സ്ഥലം മാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന നിലപാട് ഋഷിരാജ് സിങ് കടുത്ത നിലപാട് സ്വീകരിച്ചു. ഇത് ഇത് സർക്കാരിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കി.
ഋഷിരാജ് സിങിന്റെ രാജിയും രാഷ്ട്രീയ കൊടുങ്കാറ്റുണ്ടാക്കുമെന്ന് ഭയന്നു. ഇതോടെ വിവാദ ഉത്തരവിൽ നിന്നും ആഭ്യന്തര വകുപ്പു പിന്മാറുകയായിരുന്നു. ജയിൽ ഡിജിപിക്ക് ആഭ്യന്തര വകുപ്പ് വഴങ്ങിയതോടെ, ഒരേ കസേരയിൽ 3 വർഷത്തിലധികം ഒരേ ഉദ്യോഗസ്ഥൻ തുടരരുത് എന്ന നിർദ്ദേശവും ലംഘിക്കപ്പെട്ടു. എന്നാൽ ജയിലുകളുടെ സുതാര്യ ഭരണത്തിന് ആളുകളെ മാറ്റുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഋഷിരാജ് സിങിനുള്ളത്. എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് ജയിൽ മേധാവിയായി ഋഷിരാജ് സിംഗിനെ മാറ്റിയത് പണി കൊടുക്കാനാണ്. ജയിൽ ഡിജിപിയായി മുമ്പ് ജോലി നോക്കിയിരുന്ന ഋഷിരാജ് സിങ് തീർത്തും അസംതൃപ്തനായിരുന്നു അന്ന്. പൊലീസിലെ സീനിയോറിട്ടി അനുസരിച്ച് ഇപ്പോൾ ഡിജിപിമാരിൽ ഒന്നാമനാണ് ഋഷിരാജ് സിങ്.
അതുകൊണ്ട് പൊലീസ് മേധാവി അല്ലെങ്കിൽ വിജിലൻസ് ഡിജിപി സ്ഥാനത്തിന് ഋഷിരാജിന് അർഹതയുണ്ട്. ഇത് നൽകാതെയാണ് എക്സൈസിലും ജയിൽ വകുപ്പിലും നിയോഗിച്ചത്. എക്സൈസ് വകുപ്പിലെ ചില നീക്കങ്ങൾക്ക് സിങ്കത്തെ കൂടെ കിട്ടില്ലെന്ന് മനസ്സിലാക്കിയായിരുന്നു ഇത്. ഇതു കൊണ്ടാണ് ജയിൽ ഡിജിപിയാക്കിയത്. ഇതോടെ അധികാരം പ്രയോഗിക്കുകയാണ് സിങ്കം. ഈ പദവിയിൽ എത്തിയത് മുതൽ സിപിഎമ്മിനെ തീർത്തും വെട്ടിലാക്കി സിങ്കം പണി തുടങ്ങി. ജയിലുകളിൽ മിന്നൽ പരിശോധന നടത്തി. ടിപി കേസ് പ്രതികളുടെ രാജാധികാരം മനസ്സിലാക്കിയായിരുന്നു സിങ്കത്തിന്റെ ഇടപെടൽ. താനറിയാതെ ആർക്കും പരോൾ നൽകരുതെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ രാഷ്ട്രീയ തടവുകാർക്ക് പരോളിൽ പുറത്തിങ്ങി വിലസാൻ പറ്റാത്ത സാഹചര്യവും ഉണ്ടായി.
കൊടും ക്രിമിനലുകൾക്ക് പരോൾ അനുവദിക്കില്ല. ഇതും സിപിഎമ്മിനെ വെട്ടിലാക്കിം. ജയിലുകളിൽ നിരന്തരം റെയ്ഡ് നടത്തി. വിയ്യൂർ കണ്ണൂർ സെൻട്രൽ ജയിലുകളിലെ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് സ്മാർട്ട്ഫോണുകളും കഞ്ചാവും റേഡിയോയും ഉൾപ്പെടെയുള്ള വസ്തുക്കളായിരുന്നു. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂർ സെൻട്രൽ ജയിലിലെ പരിശോധന.
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് എത്തുന്നവരെ കൂട്ടിക്കലർത്തി സെല്ലുകളിൽ പാർപ്പിക്കുന്ന രീതി മാറ്റി. കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് തടവുകാരെ തരംതിരിച്ച് പ്രത്യേകം പാർപ്പിച്ചു. ഉദാഹരണത്തിന് മോഷണക്കേസുകളിൽ റിമാൻഡ് ചെയ്തോ ശിക്ഷിക്കപ്പെട്ടോ എത്തുന്നവരെ അതേ വിഭാഗത്തിൽപെട്ടവരെ പാർപ്പിക്കുന്ന സെല്ലിലാണ് താമസിപ്പിച്ചത്. അവരെ കൊലക്കേസുകളിലോ പീഡനക്കേസിലോ മറ്റോ ശിക്ഷിക്കപ്പെട്ട് എത്തുന്നവരുടെ കൂട്ടത്തിൽ പാർപ്പിച്ചില്ല. മറ്റ് കേസുകളിലും ഈ രീതി അവലംബിച്ചു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് എത്തുന്നവരേയും ക്വട്ടേഷൻ സംഘത്തെയും മയക്കുമരുന്ന് കേസിലെ പ്രതികളെയുമൊന്നും സെല്ലുകളിൽ കൂട്ടായി പാർപ്പിക്കാത്തതും ചില കേന്ദ്രങ്ങൾ ബുദ്ധിമുട്ടാക്കി.
സീനിയോറിട്ടിയിൽ രണ്ടാമനെങ്കിലും കേരളത്തിലെ ഐപിഎസുകാരിൽ ഒന്നാമനാണ് സിങ്കം. ഡയറക്ടർ ജനറൽ തസ്തികയിലേക്കുള്ള നിയമനത്തിന് കേന്ദ്രസർക്കാർ അംഗീകരിച്ച ഐപിഎസ് പട്ടികയിൽ കേരളത്തിൽ നിന്നുള്ളത് ഋഷിരാജ് സിങ് മാത്രമാണ്. ഡിജിപി ലോക്നാഥ് ബെഹ്റയെ തള്ളിയാണ് ഋഷിരാജ് സിംഗിന്റെ നേട്ടം. ഇതോടെ സിആർപിഎഫ്, ബിഎസ്എഫ്, ഇന്റലിജൻസ് ബ്യൂറോ, റോ, ദേശീയ അന്വേഷണ ഏജൻസി, സിബിഐ തുടങ്ങിയവ സുപ്രധാന പദവികളിൽ ഡയറക്ടർ ജനറലായി ഋഷിരാജ് സിങ് എത്താനുള്ള സാധ്യത തെളിഞ്ഞിരുന്നു. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ് ലോക്നാഥ് ബെഹ്റയും ഋഷിരാജ് സിങും.
ഇപ്പോൾ ജയിൽ വകുപ്പിൽ തന്റെ കോർട്ടിൽ വരുന്ന പന്തുകളൊക്കെ സൂക്ഷ്മമായാണ് ഋഷിരാജ് സിങ് കൈകാര്യം ചെയ്യുന്നത്. ഏറെ രാഷ്ട്രീയ വിവാദമായ സ്വർണ്ണക്കടത്തു കേസിൽ ഋഷിരാജിന്റെ നിലപാടുകളെയും ഇപ്പോൾ സർക്കാർ ഭയക്കേണ്ട അവസ്ഥയിലാണ്.
മറുനാടന് മലയാളി ബ്യൂറോ