മിന: വിശുദ്ധ ഭൂമിയിലെത്തിയ അല്ലാഹുവുന്റെ അതിഥികൾക്ക് സാന്ത്വനമേകുന്നതിനു ആയിരത്തോളം രിസാല സ്റ്റഡി സർക്കിൾ വളണ്ടിയർമാർ മിനയിലെത്തി. ഇരുന്നൂറിൽ അധികം വരുന്ന ആദ്യസംഘം അറഫാദിനത്തിന്റെ രാത്രിതന്നെ വിശുദ്ധഭൂമിയിൽ കർമ്മരംഗത്തിറങ്ങി.

അറഫാ സംഗമം കഴിഞ്ഞു മുസ്ദലിഫയിലൂടെ മിനയിലെത്തിയ ഹാജിമാർ കല്ലേറ് കർമ്മം നിർവ്വഹിക്കുന്നതിനായി ജമറകളിലേക്ക് നീങ്ങുമ്പോൾ തിക്കിലും തിരക്കിലും പ്രയാസ രഹിതമായി കർമ്മങ്ങൾ പൂർത്തിയാക്കുവാൻ ഹാജിമാർക്ക് ഇനി ആർ എസ് സി വളണ്ടിയർമാരും നാലുനാൾ കൂട്ടിനുണ്ടാവും.

രോഗവും ക്ഷീണവും പ്രായാധിക്യവും തളർത്തിയ ഹാജിമാരെ ടെന്റുകളിലെത്തിക്കുക, ആവശ്യമായ പരിചരണം നൽകുക, നടക്കാൻ പ്രയാസപ്പെടുന്നവരെ വീൽ ചെയറിൽ കയറ്റി സഹായിക്കുക, മെഡിക്കൽ സഹായം ആവശ്യമുള്ളവർക്ക് ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട് മെഡിക്കൽ സഹായം ഉറപ്പു വരുത്തുക, കല്ലേറ് കർമ്മത്തിനു അവരെ സഹായിക്കുക തുടങ്ങിയവാണ് ഇവർ ചെയ്യുന്നത്.

അല്ലാഹുവിന്റെ ആതിഥ്യം സ്വീകരിച്ച് വിശുദ്ധ ഭൂമിയിലെത്തിയ തീർത്ഥാടക ലക്ഷങ്ങൾക്ക് എല്ലാ നിലക്കുമുള്ള സഹായം നൽ കന്നതിനാണു ആർ എസ് സി വളണ്ടിയർമാർ സദാസജ്ജരായി രംഗത്തുള്ളതെന്ന് സംഘടന അറിയിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രത്യേകം പരിശീലനം ലഭിച്ച വളണ്ടിയർമാരെയാണ് ഇത്തവണ രംഗത്തിറക്കിയിട്ടുള്ളത്.