ദോഹ: രാജ്യത്തേക്കുള്ള വിദേശികളുടെ ഒഴുക്ക് വർദ്ധിച്ചതോടെ വാടക വീടിന് ആവശ്യക്കാരേറുകയാണ്. ഇത് മൂലം  ഖത്തറിൽ വീട്ടുവാടകയിൽ വലിയ വർധനവുണ്ടാകുന്നതായി റിപ്പോർട്ട്. വീട്ടുവാടക 8.2% ആയി ഉയർന്നതായി വികസനവും ആസൂത്രണവും വിവരശേഖരണവും മന്ത്രാലയത്തിന്റെ ഉപഭോക്തൃവിലസൂചിക(സിപിഐ)യിൽ വ്യക്തമാക്കുന്നു.

ഈ ജനുവരിമുതൽ ഒക്‌ടോബർവരെ 1,71,000 വിദേശതൊഴിലാളികളാണ് ഖത്തറിലേക്ക് എത്തിയത്. ഇത് വീടുകളുടെ ആവശ്യവും വീട്ടുവാടകയും വർധിക്കാൻ കാരണമായി. 2013 ഡിസംബർ 31ന് ഖത്തറിലെ ജനസംഖ്യ 20,45,239 ആയിരുന്നു. ഈ ഒക്‌ടോബർ 31ന് ഇത് 22,16,500 ആയി. ഇതിനിടയിൽ ആയിരക്കണക്കിനു ഹൗസിങ് കോംപ്ലക്‌സുകൾ പ്രവർത്തനസജ്ജമായെങ്കിലും ഇപ്പോഴും വീടുകൾ ആവശ്യത്തിന് തികയാത്ത സാഹചര്യമാണുള്ളത്. ഇതോടൊപ്പം വിഭജിച്ചുതാമസിക്കുന്ന വില്ലകൾകൂടി ഒഴിപ്പിക്കാനുള്ള നീക്കം വാടക ഇനിയും ഉയർത്താനേ സഹായിക്കൂ എന്നാണ് റിയൽ എസ്‌റ്റേറ്റ് രംഗത്തുള്ളവർ സൂചിപ്പിക്കുന്നത്.

അതേസമയം പണപ്പെരുപ്പം ഒക്‌ടോബറിൽ മൂന്നു ശതമാനമായി കുറഞ്ഞു. ഭക്ഷ്യധാന്യവിലകുറഞ്ഞതാണ് പണപ്പെരുപ്പം കുറയാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഗസ്റ്റിൽ 7.9 ശതമാനമായിരുന്ന വീട്ടുവാടക സെപ്റ്റംബറിൽ 8.1% ആയി ഉയർന്നപ്പോൾ പണപ്പെരുപ്പം 3.6% ആയി ഉയർന്നിരുന്നു. എന്നാൽ ഒക്‌ടോബറിൽ പണപ്പെരുപ്പത്തിൽ 0.6ശതമാനത്തിന്റെ കുറവുണ്ടായതായി സിപിഐ വ്യക്തമാക്കുന്നു.