ഫിറോസാബാദ്: ഉത്തർപ്രദേശിനെ കടന്നാക്രമിച്ച് ഡെങ്കുപ്പനിയുടെ അപകടകരമായ വകഭേദം.പടിഞ്ഞാറൻ ഉത്തർപ്രദേശിൽ പടരുന്നത് ഡെങ്കു ഹെമറാജിക് പനിയെന്ന് സ്ഥിരീകരിച്ചു. നാൽപ്പത് കുട്ടികൾ ഉൾപ്പടെ 50 പേരാണ് പത്ത് ദിവസത്തിനിടെ രോഗം ബാധിച്ച് മരിച്ചത്.ഫിറോസാബാദ് ജില്ലയിലാണ് രോഗം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്.മഥുരയിലും ആഗ്രയിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡെങ്കു പനിയുടെ ശക്തിപ്രാപിച്ച വകഭേദമാണ് ഇതെന്നാണ് വിശദീകരണം.കുട്ടികളിലെ പ്ലേറ്റ്ലറ്റ് കൗണ്ടുകൾ പെട്ടെന്ന് ക്രമാതീതമായി കുറയുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നതാണ് രോഗമെന്നു ഫിറോസാബാദ് ജില്ലാ കലക്ടർ ചന്ദ്ര വിജയ് സിങ് പറഞ്ഞു.ഡെങ്കുപ്പനിയുടെ ഏറ്റവും അപകടരമായ വകഭേദമാണ് ഇതെന്ന് ലോകാരാഗ്യ സംഘടന വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശുപത്രികളിൽ അസുഖം ബാധിച്ച കുട്ടികളെകൊണ്ട് നിറഞ്ഞതിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു. സംഭവത്തിൽ യുപി സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. സംസ്ഥാമൊട്ടാകെ നൂറിൽക്കൂടുതൽ പേർ മരിച്ചിട്ടുണ്ടെന്ന് പ്രിയങ്ക ആരോപിച്ചു. ഏതാനും ദിവസം മുൻപ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫിറോസാബാദ് സന്ദർശിച്ചിരുന്നു.

അതേസമയം രോഗം പകരുന്ന മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ആവശ്യമായ സഹായങ്ങൾ ചെയ്യാനും കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ അയച്ചു. മഥുരയിലെ ഒരു ഗ്രാമത്തിൽ മാത്രം പതിനഞ്ച് ദിവസത്തിനുള്ളിൽ പനിയും നിർജ്ജലീകരണവും കാരണം പതിനൊന്ന് കുട്ടികൾ മരിച്ചു.