ഇസ്ലാമാബാദ്: കോടികൾ ഒഴുക്കിയുള്ള വിവാഹമാമാങ്കങ്ങൾ അരങ്ങേറുന്ന ഇക്കാലത്ത് വെറും 20,000 പാക്കിസ്ഥാനി രൂപയ്ക്ക് അരങ്ങേറിയ ഒരു കല്യാണ വിശേഷമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ. വെറും 25 അതിഥികൾ മാത്രമുള്ള, ചെറുക്കനും പെണ്ണും പാചകത്തിന് ഇറങ്ങിയ, ടെറസിൽ അലങ്കരിച്ച പന്തലിൽ നടന്ന കല്യാണം രാവേറെ ചെന്നിട്ടും ആഘോഷത്തിന് അറുതിയായില്ല. റിസ്വാൻ പെഹൽവാൻ എന്ന ചെറുപ്പക്കാരൻ തന്റെ കല്യാണവിശേഷങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത് ഏറ്റെടുത്തിരിക്കുകയാണ് ഇന്റർനെറ്റ് ലോകം.

തന്റെ കല്യാണവിശേഷം പങ്കുവച്ചതോടെ റിസ്വാന് ആയിരങ്ങളുടെ ആശംസയാണ് ലഭിച്ചിരിക്കുന്നത്. എങ്ങനെ ചുരുങ്ങിയ ചെലവിൽ ഒരു വിവാഹം നടത്താം എന്നു തന്നെയാണ് റിസ്വാൻ ട്വിറ്ററിലൂടെ വിശദീകരിച്ചിരിക്കുന്നത്. 20,000 പാക്കിസ്ഥാനി രൂപ (10,000 ഇന്ത്യൻ രൂപ) ചെലവാക്കിയുള്ള കല്യാണത്തിന് അതിഥികളായി എത്തിയത് 25 പേർ. സുഹൃത്തുക്കളും ബന്ധുക്കളുമായി 25 പേർ മാത്രം പങ്കെടുത്ത വിവാഹം വീടിന്റെ ടെറസിലാണ് നടത്തിയത്. നൂറുകണക്കിന് വിഭവങ്ങൾ അണിനിരത്തുന്നതിന് പകരം മെനുവിൽ ഉൾപ്പെടുത്തിയിരുന്നത് ചിക്കൻ ടിക്ക, സീക്ക് കബാബ്, പത്തൂറേ ചന, ഹൽവ, കുറച്ച് സ്‌ട്രോബറികളും മാത്രം.

ഭക്ഷണം പാകം ചെയ്യാൻ സുഹൃത്ത് അയച്ചു കൊടുത്ത കുക്ക്. കൂടെ സഹായിയായി കല്യാണചെറുക്കൻ തന്നെ നിന്നു. അടുത്തുള്ള കടയിൽ നിന്ന് റിസ്വാൻ തന്നെ ചിക്കനും മറ്റു സാധനങ്ങളും വാങ്ങി. ഇവരെ കൂടാതെ വധു തന്നെ സ്റ്റാർട്ടർ ആയി ഖട്ടേയ് ആലൂ എന്ന വിഭവം ഉണ്ടാക്കി. ടെറസ് അലങ്കരിക്കാൻ വരന്റെ പിതാവ് കുറച്ച് ഫാൻസി ലൈറ്റുകൾ വാങ്ങി. അടുത്തുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നിന്ന് 25 കസേരകളും ഒപ്പിച്ചു.

കല്യാണ വേഷത്തിലും വധൂവരന്മാർ ആഡംബരം കാട്ടിയില്ല. ഇരുവരും നീല നിറത്തിലുള്ള സൽവാർ കമ്മീസ് ധരിച്ചു. അതും അമ്മയും പെങ്ങളും 'സ്‌പോൺസർ' ചെയ്തതാണെന്ന് റിസ്വാൻ കുറിച്ചു. വളരെ ലളിതമായി നടത്തിയ കല്യാണചടങ്ങുകളുടെ വിശേഷം പങ്കുവച്ചതോടെ റിസ്വാന് ആശംസകളുടെ പെരുമഴയായിരുന്നു ട്വിറ്ററിൽ. ലക്ഷങ്ങൾ വരെ മുടക്കി കല്യാണക്കുറികൾ അച്ചടിച്ച വാർത്ത വായിച്ചതു മറക്കുന്നതിന് മുമ്പു തന്നെ തന്റെ ലാളിത്യമേറിയ വിവാഹവാർത്ത വായിച്ചവർക്ക് റിസ്വാന്റെ വക ഒരു സന്ദേശം കൂടിയുണ്ട്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെന്തും ചെയ്യുക. പക്ഷേ, അതിൽ തമാശ കാണുക, സന്തോഷവാനായിരിക്കുക. ആഘോഷങ്ങൾ ചെറുതാകട്ടെ, വലുതാകട്ടെ..എല്ലാ വിവാഹവും സന്തോഷമുള്ളതായിരിക്കണം... എല്ലാവരും സന്തോഷിക്കട്ടെ...