- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതിർന്നവർ പ്രഭാത പ്രാർത്ഥനയ്ക്ക് പോയപ്പോൾ മതിൽ വീണ് മരിച്ചത് അമ്മയുടെ വീട്ടിൽ വിരുന്നിനെത്തിയ സഹോദങ്ങൾ; കുരുന്നുകളുടെ ജീവനെടുത്തത് അയൽപക്കത്തെ വീട്ടിന്റെ മീറ്ററുകൾ പൊക്കത്തിലുള്ള മതിൽ; എട്ടു വയസ്സുകാരി റിസ്വാനയും ഏഴുമാസം പ്രായമുള്ള റിൻസാനയും നാട്ടുകാരുടെ നൊമ്പരമാകുമ്പോൾ
മലപ്പുറം: മാതാവിന്റെ വീട്ടിൽ വിരുന്നിനെത്തിയ കുരുന്നുകളുടെ അന്തകനായത് അയൽപക്കത്തെ വീടിന്റെ വലിയ മതിൽ. കരിപ്പൂരിൽ അയൽപക്കത്തെ വീടിന്റെ മീറ്ററുകൾ പൊക്കത്തിലുള്ള മതിൽ ചോനാരി മുഹമ്മദ് കുട്ടിയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള വീടിനു മുകളിലേക്ക് മറിഞ്ഞാണ് മുഹമ്മദ് കുട്ടിയുടെ പേരമക്കളായ എട്ടുവയസ്സുകാരി റിസ്വാന, ഏഴുമാസം പ്രായമുള്ള റിൻസാന എന്നിവർ മരണമടഞ്ഞത് .
മുഹമ്മദ് കുട്ടിയുടെ മകളായ സുമയ്യയുടെ കുട്ടികളായിരുന്നു ഈ കുരുന്നുകൾ. പള്ളിക്കൽ പഞ്ചായത്ത് പതിമൂന്നാം വാർഡ് കാടപ്പടിക്കു സമീപം മാതാംകുളം മുണ്ടോട്ടപ്പുറം ചോനാരി മുഹമ്മദ് കുട്ടിയുടെ വീടിനു മുകൾഭാഗത്തുള്ള മതിലാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ വീടിനു മുകളിലേക്ക് ഇടിഞ്ഞു വീണത്.
വീട് പണി നടന്നു കൊണ്ടിരിക്കുന്ന ഇവരുടെ അയൽവാസിയുടെ വലിയ മതിൽ കുഞ്ഞുങ്ങൾ ഉറങ്ങി കിടന്നിരുന്ന റൂമിനു മുകളിലേക്കാണ് ഇടിഞ്ഞു വീണത്. വീട്ടിലുള്ള വലിയവർ പുലർച്ചെ പ്രഭാത പ്രാർത്ഥനക്കും മറ്റുമായി നേരത്തെ എഴുന്നേറ്റതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
അപകടത്തിൽ മുഹമ്മദ് കുട്ടിയുടെ വീട് താമസിക്കാൻ പറ്റാത്ത വിധം തകർന്നിട്ടുണ്ട്. പുലർച്ചെ വീട്ടിലുള്ളവരുടെ കൂട്ട നിലവിളി കേട്ടെത്തിയ സമീപവാസികൾ രക്ഷാപ്രവർത്തനം നടത്തി. ഉടൻതന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടികളുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. പണിതുകൊണ്ടിരിക്കുന്ന വീട് തകർന്ന് മണ്ണും കല്ലും മറ്റു പതിച്ചാണ് വീട് തകർന്ന് കുട്ടികൾ മരിച്ചത്. വീട്ടിലെ മറ്റ് അംഗങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്