റിയാദ്: സൗദിയിലെ അൽ ഹസയിൽ അൽ അയൂനി മരുഭൂമിക്ക് സമീപം റോഡരികിൽ മലയാളി ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപതാകമാണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് നാദാപുരം കക്കട്ടിൽ കുഴിച്ചാൽ മൊയ്തുവിന്റെ മകൻ കുഞ്ഞബ്ദുല്ല (38), വല്ല്യാപ്പള്ളി കുനിങ്ങാട് മണ്ണിരോലി മീത്തൽ ഹൗസ് ഇബ്രാഹിം ഹാജിയുടെ മകൾ റിസ്വാന (30) എന്നിവരാണ് മരിച്ചത്. ദമ്പതികൾക്കു മക്കളില്ല. റിസ്വാനയുടെ കഴുത്ത് മുറിഞ്ഞ് രക്തം വാർന്നൊഴുകിയ നിലയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന കാറിന് 15 മീറ്റർ അകലെയാണ് കുഞ്ഞബ്ദുല്ലയുടെയും മൃതദേഹം കണ്ടെത്തിയത്.

അൽ ഹസയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റിൽ ഡ്രൈവറായ കുഞ്ഞബ്ദുല്ല മൂന്ന് മാസം മുമ്പാണ് റിസ്വാനയെ വിസിറ്റിങ് വിസയിൽ കൊണ്ടുവന്നത്. ഞായറാഴ്ച ഇവർ ദമാമിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്നലെ കുഞ്ഞബ്ദുല്ലക്ക് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. ഫോണിൽ ഇവരെ കിട്ടാതായതോടെ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്തറിഞ്ഞത്.

ഞായറാഴ്ച അൽഹസ്സയിൽനിന്നു 150 കിലോമീറ്റർ അകലെയുള്ള ദമാമിലേക്കു പുറപ്പെട്ട ഇവരെ കുറിച്ചു വിവരമില്ലെന്നു സുഹൃത്തുക്കൾ പൊലീസിൽ വിവരമറിയിച്ചിരുന്നു. തുടർന്നു നടന്ന തിരച്ചിലിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു വാഹനം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതനുസരിച്ചു സ്ഥലത്തെത്തിയവർ വാഹനം കുഞ്ഞബ്ദുല്ല സഞ്ചരിച്ചതു തന്നെയെന്നു സ്ഥിരീകരിക്കുകയായിരുന്നു. വാഹനത്തിനു സമീപ പ്രദേശത്തുനിന്നു കണ്ടെത്തിയ രണ്ടു മൃതദേഹങ്ങൾ പൊലീസ് അൽഹഫൂഫ് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിരുന്നു. ഇതു കുഞ്ഞബ്ദുല്ലയുടേതും റിസ്വാനയുടേതുമാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു.

ദമാമിൽനിന്നു മടങ്ങുന്ന വഴി അൽഹസ്സയിലേയ്ക്ക് 25 കിലോമീറ്റർ അകലെയുള്ള അൽഅയൂൻ എന്ന വിജനമായ സ്ഥലത്താണു വാഹനം കണ്ടെത്തിയത്. ദമ്പതികൾ ജീവനൊടുക്കിയതായിരിക്കുമെന്നു പൊലീസ് പറഞ്ഞതായി സഹപ്രവർത്തകർ പറഞ്ഞു. എന്നാൽ ബന്ധുക്കൾ മരണത്തിൽ ദുരൂഹത കാണുന്നുണ്ട്. ആത്മഹത്യ ചെയ്യാൻ ഇത്രയും ദൂരം വരേണ്ടതുണ്ടോ എന്നതാണ് ഇവർ ഉയർത്തുന്ന ചോദ്യം.

വിവരമറിഞ്ഞ് അൽഹസ്സയിലെത്തിയ കുഞ്ഞബ്ദുല്ലയുടെ റിയാദിലുള്ള പിതൃസഹോദരൻ കരീമും റിസ്വാനയുടെ അമ്മാവനും തുടർ നടപടികൾക്കായി സ്ഥലത്തുണ്ട്.