മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിയും അറസ്റ്റിലാകും എന്നാണ് പുറത്തുവരുന്ന വാർത്തകൾ. റിയയുടെ സഹോദരൻ ഷൗവിക് ചക്രബർത്തി ഇതിനോടകം അറസ്റ്റിലായി കഴിഞ്ഞു. ഈ വിഷയത്തിൽ മാധ്യമവിചാരണയാണ് അറസ്റ്റിലേക്ക് അടക്കം എത്തിച്ചതെന്ന ആക്ഷേപം ശക്തമായി നിലനില്ക്കുകയാണ്.

മകന്റെ അറസ്റ്റിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിയയുടെ അച്ഛൻ റിട്ടയേർഡ് ലെഫ്. കേണൽ ഇന്ദ്രജിത് ചക്രബർത്തി. ഒരു ഇടത്തരം കുടുംബത്തെ തകർത്തതിന് ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് അദ്ദേഹം പറഞ്ഞത്. 'അഭിനന്ദനങ്ങൾ ഇന്ത്യ. നിങ്ങൾ എന്റെ മകനെ അറസ്റ്റ് ചെയ്യിപ്പിച്ചു. അടുത്തത് എന്റെ മകളാവും. ഒരു ഇടത്തരം കുടുംബത്തെ വളരെപെട്ടന്നാണ് നിങ്ങൾ തകർത്തുകളഞ്ഞത്. നീതി ലഭിക്കണം എന്ന പേരിൽ എല്ലാം ന്യായീകരിക്കാം, ജയ് ഹിന്ദ്' എന്നാണ് ഇന്ദ്രജിത് ചക്രബർത്തി പറഞ്ഞത്.

നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കടത്ത് കേസിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ഷൗവിക് ചക്രബർത്തിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിറാൻഡയും അറസ്റ്റിലായിരുന്നു. അതിനിടെ ലഹരികടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇന്ന് റിയയെ ചോദ്യം ചെയ്യും.

ചോദ്യം ചെയ്യലിന് ഹാജരാകാൻ റിയ ചക്രബർത്തിക്ക് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സമൻസ് നൽകി. ഇന്ന് രാവിടെ 10 മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സുശാന്തിന്റെ പാചകക്കാരൻ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ റിയ ചക്രബർത്തിക്കും സമൻസ് നൽകിയത്.