ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയും ഫീസ് വർദ്ധിപ്പിച്ച് രക്ഷിതാക്കൾക്ക് റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ ഇരുട്ടടി. കെജി തലം മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെ എല്ലാ വിഭാഗത്തിലും 20 റിയാലിന്റെ വർധനവാണ് നടപ്പാക്കിയത്. ഇതോടെ കെജി തലം മുതൽ മുതൽ അഞ്ചാം ക്‌ളാസ് വരെ 275 റിയാൽ, ആറ് മുതൽ 10 വരെ 300 റിയാൽ, ഹയർസെക്കണ്ടറി ക്‌ളാസുകളിൽ 330 റിയാലുമാണ് പുതുക്കിയ പ്രതിമാസ ഫീസ്.

അതേ സമയം സ്‌കൂൾ ഭരണ സമിതിയിൽ ചർച്ച ചെയ്യാതെയാണ് ഫീസ് വർദ്ധിപ്പിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്. ഏകപക്ഷീയമായിട്ടാണ് ഫീസ് കൂട്ടിയതെന്ന് മലയാളി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും ആരോപിക്കുന്നു. സാധാരണക്കാരായ രക്ഷിതാക്കൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഫീസ് വർദ്ധനയാണ് പുതിയ ഭരണസമിതിനിലവിൽ വന്നതിനുശേഷം റിയാദ് ഇന്ത്യൻ സ്‌കൂളിൽ രണ്ടാംതവണയുംപ്രഖ്യാപിച്ചത്. അദ്ധ്യാപകരുടെ ശമ്പള വർധനയുടെ പേര് പറഞ്ഞ് കഴിഞ്ഞ വർഷം മുപ്പത് റിയാൽ വർദ്ധിപ്പിച്ചിരുന്നു. ഇതോടെ ഈ ഭരണസമിതിയുടെ കാലത്ത് വർധിപ്പിച്ച മൊത്തം ഫീസ് 50 റിയാലായി.

ഏപ്രിൽ മുതൽ ഫീസ് വർദ്ധനവ് നടപ്പാക്കിക്കൊണ്ടുള്ള സ്ഥാപന മേധാവിയും പ്രിൻസിപ്പലുമായ ഡോ. എസ്.എം ശൗക്കത്ത്പർവേഷ് സാക്ഷ്യപ്പെടുത്തിയ സർക്കുലർ ഞായറാഴ്ചയാണ് രക്ഷിതാക്കൾക്ക് ലഭിച്ചത്.