റിയാദ്: മെട്രോ നിർമ്മാണം പുരോഗമിക്കുന്ന പ്രദേശങ്ങളിലെ സ്‌കൂൾ, സർക്കാർ ഓഫീസ് പ്രവർത്തി സമയത്തിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സിറ്റി ഡവലപ്‌മെന്റ് അഥോറിറ്റി മേധാവി അമീർ തുർക്കി ബിൻ അബ്ദുള്ള അറിയിച്ചു. തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടാണ് മെട്രോ നിർമ്മാണം. ഇതിന്റെ നിർമ്മാണ പുരോഗതി മേഖലാ ഗവർണർ കൂടിയായ ബിൻ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. മെട്രോ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം വരുത്തുന്നതിനോട് റിയാദ് നിവാസികൾ സഹകരിക്കണമെന്ന് ഗവർണർ അഭ്യർഥിച്ചിട്ടുണ്ട്.

ഈ മാസം അവസാനം പുതിയ അധ്യയന വർഷം തുടങ്ങുന്ന സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്ന പ്രദേശങ്ങളിലെ സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലാണ്. സർക്കാർ ഓഫീസുകളുടെ സമയത്തിലും മാറ്റം വരുത്തിയേക്കാം. നിലവിലെ സമയം ഒരു മണിക്കൂർ മുന്നോട്ടോ പുറകോട്ടോ ആയിരിക്കും പുനഃക്രമീകരിക്കുകയെന്ന് അമീർ അറിയിച്ചു.
സ്‌കൂൾ സമയം ഉച്ചയ്ക്കു ശേഷമാക്കി മാറ്റാൻ നിർദേശമുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതു പ്രാവർത്തികമല്ലെന്ന് അഥോറിറ്റി വിലയിരുത്തിയിട്ടുണ്ട്.