- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ ചിത്രങ്ങൾ; തലസ്ഥാനത്തെ ആർട്ടീരിയ ചുവർചിത്ര പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ തനത് വ്യക്തിത്വം അടയാളപ്പെടുത്തുന്നതിനായി തുടങ്ങിയ ചുവർച്ചിത്ര പദ്ധതിയായ ആർട്ടീരിയ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന കാര്യം ആലോചനയിലാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആർട്ടീരിയ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി പാളയം അടിപ്പാതയിൽ നടക്കുന്ന ചുവർച്ചിത്ര ജോലികൾ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി.
കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന രീതിയിലുള്ള കലാപ്രവർത്തനമാണ് 20 ഓളം കലാകാരന്മാർ ചേർന്ന് മൂന്നാം ഘട്ടത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ചെയ്തു വരുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതു ഇടങ്ങൾ മനോഹരമാകും എന്നതിനൊപ്പം സംസ്ഥാനത്തിന് പുറത്തുനിന്നു വരുന്നവർക്ക് പോസിററീവ് എനർജി നൽകാനും ഈ പദ്ധതിക്ക് കഴിയും. ഈ ചുവർച്ചിത്ര രചനാപദ്ധതി സംസ്ഥാനമാകെ പടർത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം നഗരത്തിന്റെ തനത് സൗന്ദര്യം സൂക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ ഒരു ചുവടു വയ്പായിരുന്നു ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് 2015 ൽ ആരംഭിച്ച ആർട്ടീരിയ എന്ന ചുവർചിത്ര പദ്ധതി. തിരുവനനന്തപുരം നഗരത്തിലെ പാതയുടെ ഇരുവശങ്ങളിലെ പൊതു- സ്വകാര്യ- സഹകരണ ഉടമസ്ഥതകളിലുള്ള ചുറ്റുമതിലുകളും കെട്ടിടങ്ങളുടെ ചുവരുകളും സർഗ്ഗസൃഷ്ടികൾക്കുള്ള ക്യാൻവാസുകളാക്കി മാറ്റുകയായിരുന്നു ആർട്ടീരിയയിലൂടെ ചെയ്തത്.
രണ്ട് ഘട്ടങ്ങളിലായി, 2015, 2016 വർഷങ്ങളിൽ പ്രശസ്തരായ 25 ഓളം ചിത്രകാ ന്മാരുടെ രചനകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. രാജ്യത്തെ സുപ്രസിദ്ധ ചിത്രകാരനായ അന്തരിച്ച കെ ജി സുബ്രമണ്യത്തിന്റെ ഒരു ബൃഹദ് ചിത്രം ചിത്രകാരന്റെ നേരിട്ടുള്ള മേൽനോട്ടമില്ലാതെ മിഴിവോടെ പാളയത്ത് രചിക്കുന്നതിനും ആർട്ടീരിയയ്ക്ക് കഴിഞ്ഞു. തിരുവനന്തപുരം നഗരത്തിന്റെ ഒരു മുഖമായിത്തന്നെ മാറുവാൻ ആർട്ടീരിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കാലപ്പഴക്കവും വെയിലിന്റെയും മഴയുടെയും ഇടവിട്ടുള്ള ആഘാതവും മൂലം ചിത്രങ്ങളിൽ ഉണ്ടായ മങ്ങൽ 2021 ജനുവരിയിൽ നടത്തിയ നവീകരണത്തിലൂടെ കൂടുതൽ മിഴിവേകി നിലനിർത്തിയിട്ടുണ്ട്.
നഗരത്തിന്റെ കൂടുതൽ ഇടങ്ങളിലേക്ക് ചുവർചിത്രങ്ങൾ വ്യാപിപ്പിക്കണമെന്ന അഭ്യർത്ഥനകളെത്തുടർന്ന് ആർട്ടീരിയ മൂന്നാം ഭാഗത്തിലേക്ക് കടന്നത്. തലസ്ഥാനത്തുള്ള പാളയം അടിപ്പാത, ആക്കുളം ബൈപാസ്സിൽ കുഴിവിള ജംഗ്ഷൻ, സെന്റ് ജോസഫ് സ്‌കൂൾ. മ്യൂസിയം എന്നിവിടങ്ങളിലെ ഭിത്തികളിൽ ആർട്ടീരിയയുടെ 2021 എഡിഷനിലെ ചിത്രങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്